പുനര്‍നിര്‍മാണ രൂപരേഖ തയാറാക്കാൻ കേന്ദ്രസംഘം നാളെ വയനാട്ടില്‍
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും കേന്ദ്രസംഘമെത്തുന്നു.
കല്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും കേന്ദ്രസംഘമെത്തുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സംഘം നാളെ വയനാട്ടിലെത്തും.
17 വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ഈ മാസം 31 വരെ വിവിധ മേഖലകള്‍ സന്ദർശിച്ച് സംഘം റിപ്പോർട്ട് തയാറാക്കും. അന്തിമ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും.
അതിനിടെ, ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 29നാണ് യോഗം ചേരുന്നത്. വൈകീട്ട് 4.30ന് ഓണ്‍ലൈനായാണ് യോഗം നടക്കുക. റവന്യൂ-ഭവനനിർമാണം, വനം-വന്യജീവി, ജലവിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി-പട്ടികവർഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാർ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
ദുരന്ത മേഖലയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. അസ്ഥിഭാഗങ്ങളും മുടിയും ഉള്‍പ്പെടെ ആറു ശരീരഭാഗങ്ങളാണ് ലഭിച്ചത്. ആനടിക്കാപ്പില്‍-സൂചിപ്പാറ മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. അവയവങ്ങളുടെ ഡി.എൻ.എ പരിശോധന നടത്തും.
What's Your Reaction?