വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചത്
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചത്. ലെവൽ മൂന്ന് കാറ്റഗറിയിൽ വരുന്ന അതിതീവ്ര ദുരന്തമായാണ് പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, പ്രത്യേക ധനസഹായ പാക്കേജിനെക്കുറിച്ച് കത്തിൽ പരാമർശമില്ല.
സംസ്ഥാന സർക്കാരിനുതന്നെ പുനരുദ്ധാരണം സാധ്യമല്ലാത്ത ദുരന്തത്തെയാണ് ലെവൽ മൂന്ന് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ദുരന്തത്തിൽ നഷ്ടമായ മനുഷ്യ ജീവനുകൾ, കന്നുകാലികൾ, വിളകൾ, സ്വത്ത്, തകർന്ന പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നാശനഷ്ടം കണക്കാക്കുമ്പോൾ അതിതീവ്രഗണത്തിൽ ഉൾപ്പെടുത്താമെന്ന് അമിക്കസ്ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു.ജൂലൈ 30നായിരുന്നു മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളം ആദ്യംമുതലേ ആവശ്യപ്പെടുന്നത്. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോള്‍ ഇല്ല എന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നായി കേരളത്തിന്റെ ആവശ്യം. മന്ത്രിസഭാ സമിതി ഈ വിലയിരുത്തല്‍ തന്നെയാണ് നടത്തിയതെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന റവന്യൂ സെക്രട്ടറിക്കാണ് കത്തയച്ചത്
What's Your Reaction?