ആനപ്പാറയിലെ മാലിന്യം നീക്കം ചെയ്തു തുടങ്ങി

ഹരിതകർമസേന ശേഖരിക്കുന്ന പാഴ്‌വസ്തുശേഖരം കുന്നുകൂടിക്കിടക്കുന്ന ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുനിന്ന് പാഴ്‌വസ്തുക്കള്‍ നീക്കംചെയ്തു തുടങ്ങി.

Aug 24, 2024 - 12:38
 0  3
ആനപ്പാറയിലെ മാലിന്യം നീക്കം ചെയ്തു തുടങ്ങി

കുന്ദമംഗലം: ഹരിതകർമസേന ശേഖരിക്കുന്ന പാഴ്‌വസ്തുശേഖരം കുന്നുകൂടിക്കിടക്കുന്ന ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുനിന്ന് പാഴ്‌വസ്തുക്കള്‍ നീക്കംചെയ്തു തുടങ്ങി.

കഴിഞ്ഞ ദിവസം 'മാധ്യമം' ഇതുസംബന്ധിച്ച്‌ വാർത്ത നല്‍കിയിരുന്നു. വെള്ളിയാഴ്ച ഹരിതകർമ സേനാംഗങ്ങളെത്തി പകുതിയിലധികം പാഴ്‌വസ്തുക്കള്‍ റോഡരികില്‍നിന്ന് എടുത്തുമാറ്റി. പകർച്ചവ്യാധികള്‍ പടർന്നുപിടിക്കുന്ന സാഹചര്യത്തില്‍ മാലിന്യം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തില്‍ എം.സി.എഫ് സൗകര്യമില്ലാത്തതിനാലാണ് പാഴ്‌വസ്തുക്കള്‍ റോഡരികില്‍ ശേഖരിക്കുന്നത്. പ്രദേശത്തുനിന്ന് എത്രയും വേഗം മാലിന്യം എടുത്തുമാറ്റണമെന്ന് വിവിധ രാഷ്ട്രീയപാർട്ടികളും പ്രദേശത്തെ റസിഡൻസ് അസോസിയേഷനും ആവശ്യപ്പെട്ടു. കൃത്യമായ പ്ലാനിങ് ഇല്ലാതെ ഹരിതകർമ സേന നടത്തുന്ന പാഴ്‌വസ്തു ശേഖരം ഒരു സാമൂഹിക പ്രശ്നമാകുന്നുണ്ടെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.വി. സംജിത്ത് പറഞ്ഞു. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലെ പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നു. പ്രതിഷേധസ്വരങ്ങള്‍ ഉണ്ടാകുമ്ബോള്‍ താല്‍ക്കാലികമായി ചില നടപടി എടുക്കുകയല്ലാതെ ശാശ്വത പരിഹാരം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നും സംജിത്ത് പറഞ്ഞു.

ആളുകള്‍ വളരെ സുരക്ഷിതമായ രീതിയില്‍ വീട്ടില്‍ സൂക്ഷിച്ചുവെച്ച പാഴ്‌വസ്തുക്കള്‍ ഒരു ഉത്തരവാദിത്തവുമില്ലാതെ പൊതുസ്ഥലത്ത് റോഡരികില്‍ നിക്ഷേപിക്കുന്നത് അപലപനീയമാണെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. ബാബുമോൻ പറഞ്ഞു. മാലിന്യ നിർമാർജനത്തിന് ലക്ഷങ്ങള്‍ ബജറ്റില്‍ നീക്കിവെച്ചിട്ടും ഈ ഫണ്ട് പ്രയോജനപ്പെടുത്താതെ ജനത്തെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലം ആവശ്യപ്പെട്ടു.

കുടുംബാരോഗ്യത്തിന് സമീപത്തുള്ള മാലിന്യ കൂമ്ബാരം എത്രയും വേഗം നീക്കം ചെയ്യണമെന്ന് വെല്‍ഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അബ്ദുല്‍ ഹമീദ് പറഞ്ഞു. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണിത്. ഹരിതകർമസേന ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം ഗ്രാമപഞ്ചായത്ത് ഒരുക്കണം. മറ്റുള്ളവരെ ബോധവത്കരിക്കാനുള്ള ധാർമിക അവകാശം ആരോഗ്യവകുപ്പിന് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാഴ്‌വസ്തുക്കള്‍ റസിഡൻസ് പരിധിയില്‍ സ്ഥിരമായി നിക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണെന്ന് തനിമ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സി. അബ്ദുറഹ്മാൻ പറഞ്ഞു. കൂട്ടിയിട്ട ചാക്കുകള്‍ നായ്ക്കളും മറ്റും പൊട്ടിച്ച്‌ അത് പരിസര പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും കൊണ്ടിടുന്നതിനാല്‍ പ്രദേശവാസികള്‍ ദുരിതത്തിലാണ്. അധികാരികള്‍ പാഴ്‌വസ്തുക്കള്‍ റെസിഡൻസ് പരിധിയില്‍നിന്ന് എത്രയും വേഗം മറ്റൊരു സുരക്ഷിത ഇടത്തേക്ക് മാറ്റണമെന്നും സി. അബ്ദുറഹ്മാൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow