ജമ്മു കാഷ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും.

Sep 18, 2024 - 11:27
 0  3
ജമ്മു കാഷ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
ശ്രീനഗർ: ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. ഏഴു ജില്ലകളിലെ 24 മണ്ഡലങ്ങളാണ് ഇന്നു വിധിയെഴുതുക.
219 സ്ഥാനാർഥികള്‍ മത്സരിക്കുന്നു. ജമ്മു കാഷ്മീരില്‍ 90 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.

ആദ്യഘട്ടത്തില്‍ ജമ്മുവിലെ എട്ടും തെക്കൻ കാഷ്മീരിലെ 16ഉം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ബിജെപിയും നാഷണല്‍ കോണ്‍ഫറൻസ്-കോണ്‍ഗ്രസ് സഖ്യവും തമ്മിലാണു പ്രധാന മത്സരം, പിഡിപി, എഐപി തുടങ്ങിയ കക്ഷികളും കരുത്തു തെളിയിക്കാൻ രംഗത്തുണ്ട്.

കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം ഗുലാം അഹമ്മദ് മിർ, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ബിജെപി നേതാവ് സോഫി അഹമ്മദ് യൂസഫ് തുടങ്ങിയവരാണ് ആദ്യ ഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികള്‍. കുല്‍ഗാമില്‍ തുടർച്ചയായ അഞ്ചാം വിജയമാണു തരിഗാമി ലക്ഷ്യമിടുന്നത്.

രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് ഈ മാസം 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഒക്‌ടോബർ എട്ടിനാണു ഫലപ്രഖ്യാപനം. 2014ലാണ് ഇതിനു മുന്പ് ജമ്മു കാഷ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു കാഷ്മീരിന്‍റെ സംസ്ഥാനപദവി റദ്ദാക്കിയശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു തെരഞ്ഞെടുപ്പ് കമ്മീഷൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow