നീറ്റിന് പിന്നാലെ നെറ്റിലും ക്രമക്കേട്; ചൊവ്വാഴ്ച നടത്തിയ യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കി

നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ യു ജി സി-നെറ്റ് പരീക്ഷയിലും ക്രമക്കേട്.

Jun 20, 2024 - 11:43
 0  6
നീറ്റിന് പിന്നാലെ നെറ്റിലും ക്രമക്കേട്; ചൊവ്വാഴ്ച നടത്തിയ യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ യു ജി സി-നെറ്റ് പരീക്ഷയിലും ക്രമക്കേട്.

ആരോപണം ഉയര്‍ന്നതിന് പിന്നാലെ യുജിസി-നെറ്റ് പരീക്ഷ വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. പരീക്ഷ നടത്തി ഒരു ദിവസത്തിന് ശേഷമാണ് ഇത് റദ്ദാക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ക്രമക്കേടുകള്‍ ഉയരുന്നത് ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയെ (എന്‍ ടി എ) പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

സര്‍വകലാശാലകളിലെയും കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കും ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോഷിപ്പിനുള്ള യോഗ്യത നിര്‍ണയിക്കുന്നതിനുമായി ജൂണ്‍ 18 ന് നടത്തിയ യുജിസി-നെറ്റ് പരീക്ഷയില്‍ 9 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍-നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ ജൂണിലെ പരീക്ഷ ഒ എം ആര്‍ മോഡില്‍ രാജ്യത്തുടനീളം രണ്ട് ഷിഫ്റ്റുകളിലായി നടത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ജൂണ്‍ 19-ന്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റില്‍ നിന്ന് യുജിസിക്ക് ചില ഇന്‍പുട്ടുകള്‍ ലഭിച്ചെന്നും ഇത് പ്രഥമദൃഷ്ട്യാ സൂചിപ്പിക്കുന്നത് മേല്‍പ്പറഞ്ഞ പരീക്ഷയുടെ സമഗ്രതയില്‍ വിട്ടുവീഴ്ച ചെയ്തിരിക്കാമെന്നാണ് എന്നും പ്രസ്താവനയില്‍ പറയുന്നു.

പരീക്ഷാ പ്രക്രിയയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സുതാര്യതയും വിശുദ്ധിയും ഉറപ്പാക്കാന്‍ പരീക്ഷ റദ്ദാക്കുന്നതായി പ്രഖ്യാപിക്കുകയാണെന്നും പുനപരീക്ഷയ്ക്കുള്ള തീയതി പിന്നീ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അന്വേഷണം സിബിഐക്ക് കൈമാറിയിട്ടുണ്ട്.

യുജിസി-നെറ്റ് എല്ലാ വര്‍ഷവും ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് നടത്തുന്നത്. രാജ്യത്തുടനീളമുള്ള 317 നഗരങ്ങളിലെ 1205 പരീക്ഷാ കേന്ദ്രങ്ങളിലായി 11,21,225 ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് ചൊവ്വാഴ്ച നെറ്റ് പരീക്ഷ നടത്തിയത്. ആകെ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ ഏകദേശം 81% ഉദ്യോഗാര്‍ത്ഥികളും പരീക്ഷയെഴുതിയിരുന്നു. നെറ്റ് യോഗ്യത ഇത്തവണ മുതല്‍ പിഎച്ച്‌ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാല്‍ പരീക്ഷയ്ക്കു പ്രാധാന്യമേറിയിരുന്നു.

2018 മുതല്‍ ഓണ്‍ലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്ലൈന്‍ രീതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ മാസം തന്നെ എന്‍ ടി എക്ക് റദ്ദാക്കേണ്ടിവന്ന രണ്ടാമത്തെ പരീക്ഷയാണ് നെറ്റ്. 4 വര്‍ഷ ബിഎഡ് പ്രോഗ്രാമിലേക്കു ജൂണ്‍ 12 ന് നടത്തിയ നാഷനല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റും (എന്‍ സി ഇ ടി) റദ്ദാക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭൂരിഭാഗം കേന്ദ്രങ്ങളിലും പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതായിരുന്നു പരീക്ഷ റദ്ദാക്കാന്‍ കാരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow