യുഎസ് ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറുന്നു; നടപടികള്‍ ആരംഭിക്കാന്‍ ട്രംപിന്റെ ഉത്തരവ്
ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറാന്‍ ഒരുങ്ങി യുഎസ്. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് നിര്‍ണ്ണായക നീക്കം
വാഷിംഗ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറാന്‍ ഒരുങ്ങി യുഎസ്. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് നിര്‍ണ്ണായക നീക്കം. ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ട്രംപ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഒപ്പ് വെക്കുന്നതിനിടെ ട്രംപ് മാധ്യമപ്രവര്‍ത്തകരോടും പി.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റുമായും സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
യു.എന്‍ മാനദണ്ഡപ്രകാരം അംഗത്വ പിന്‍മാറ്റം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷത്തോളം എടുക്കും. ലോകാരോഗ്യ സംഘടനയക്ക് യു.എസ് നല്‍കുന്ന തുകയാണ് ട്രംപിനെ ചൊടിപ്പിച്ചത്. 500 ദശലക്ഷം ഡോളര്‍ യു.എസ് നല്‍കുമ്പോള്‍ വികസിത രാജ്യമായ ചൈന നല്‍കുന്നത് ഇതിന്റെ പത്തിലൊന്നാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. വലിയ ജനസംഖ്യയുള്ള രാജ്യം ഇത്രയും ചെറിയ തുക നല്‍കുന്നതിനെ മുന്‍പും ട്രംപ് വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ടേമില്‍ ധനസഹായം വെട്ടി കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ട്രംപ് തുടക്കമിട്ടെങ്കിലും ജോ ബൈഡന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഇത് നിര്‍ത്തിവെക്കുകയായിരുന്നു. വലിയ തുക യുഎസ് ചെലവഴിക്കുമ്പോള്‍ അതിന്റെ നേട്ടം ചൈന കൊണ്ടു പോകുന്നതിലുള്ള എതിര്‍പ്പാണ് ട്രംപിനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. ഈ തുക അമേരിക്കന്‍ ജനതയുടെ ആരോഗ്യ സംരക്ഷണ പദ്ധതികളിലേക്ക് മാറ്റിവെക്കുമെന്ന് മുന്‍പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരിയിടെ സമയത്ത് ലോകാരോഗ്യ സംഘടന നിഷ്‌ക്രീയമായിരുന്നുവെന്നും ചൈനയാണ് സംഘടനയെ നിയന്ത്രിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം ട്രംപിന്റെ നീക്കം ഗുരുതരമായ പിഴവാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല ട്രംപിന്റെ പ്രഖ്യാപനം ആരോഗ്യ വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതാണ്. പൊതു, സ്വകാര്യ മേഖലകളില്‍, ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും തീരുമാനത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെയും ലോകത്തിന്റെയും ആരോഗ്യത്തിന് അപകടകരമാണെന്ന് അവര്‍ വ്യക്തമാക്കുന്നു.
'ഇത് അമേരിക്കയെ ആരോഗ്യകരവും സുരക്ഷിതത്വമില്ലാത്തതുമാക്കുന്ന ഒരു ഗുരുതരമായ തന്ത്രപ്രധാനമായ പിഴവായി തീരും.'- ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയിലെ ഒ'നീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ ആന്‍ഡ് ഗ്ലോബല്‍ ഹെല്‍ത്ത് ലോയുടെ ഫാക്കല്‍റ്റി ഡയറക്ടറും ആഗോള പൊതുജനാരോഗ്യ വിദഗ്ധനുമായ ലോറന്‍സ് ഗോസ്റ്റിന്‍ യുഎസ്എ ടുഡേയോട് പറഞ്ഞു. പിന്‍വലിക്കല്‍ തന്നെ അമേരിക്കയെ ഒറ്റപ്പെടുത്തും. ഇത് നയതന്ത്രപരമായയും പാന്‍ഡെമിക് പ്രതികരണത്തിലും നമ്മെ ഒറ്റപ്പെടുത്തുമെന്ന് ഗോസ്റ്റിന്‍ പറഞ്ഞു.
What's Your Reaction?