കനത്ത മഴ ; സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശന വിലക്ക്

കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദർശന വിലക്ക് ഏർപ്പെടുത്തി.

Jul 17, 2024 - 23:09
 0  3
കനത്ത മഴ ; സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശന വിലക്ക്

തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദർശന വിലക്ക് ഏർപ്പെടുത്തി.

തിരുവനന്തപുരത്തെ പൊന്മുടി, കോട്ടയത്തെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മാർമല അരുവി എന്നീ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് വിലക്കുണ്ട്. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കക്കയം ഉരക്കുഴി ഇക്കോ ടൂറിസം, കക്കയം ഹൈഡല്‍ ടൂറിസം സെന്‍റർ, കരിയാത്തുംപാറ ടൂറിസം കേന്ദ്രം എന്നിവിടങ്ങളിലും വിലക്കുണ്ട്.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി, പറമ്ബിക്കുളം, നെല്ലിയാമ്ബതി മേഖലയില്‍ രാത്രിയാത്രക്കും ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ സന്ദർശിക്കുന്നതിലും വിലക്കുണ്ട്.

വയനാട് ജില്ലയില്‍ അഡ്വഞ്ചർ പാർക്കുകളും ട്രക്കിങ്ങും നിർത്തിവെക്കാൻ ജില്ല ഭരണകൂടം ഉത്തരവിട്ടു.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ ശമിച്ചിട്ടില്ല. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലർട്ടുമുണ്ട്. ഇന്നലെ മഴക്കെടുതികളില്‍ ഒമ്ബത് പേരാണ് സംസ്ഥാനത്ത് മരിച്ചത്.

അതിതീവ്രമഴയുടെ സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി നല്‍കിയിരിക്കുകയാണ്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോട്ടയം, തൃശൂർ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കണ്ണൂരില്‍ കോളജുകള്‍ ഒഴികെയാണ് അവധി.

What's Your Reaction?

like

dislike

love

funny

angry

sad

wow