വളരുന്ന സാമ്പത്തികസ്ഥിതിയും തളരുന്ന മാനവികതയും സുസ്ഥിരമായ സമഗ്രവികസനവും

സാമ്പത്തികമായി ഏറെ വളർന്ന ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. വികസിതപടിഞ്ഞാറൻ രാജ്യങ്ങൾ എന്ന ചിന്തയിൽനിന്ന്, പടിഞ്ഞാറും കിഴക്കും, തെക്കും വടക്കുമുൾപ്പെടുന്ന, വികസിതലോകമെന്ന ഒരു ആശയത്തിലേക്ക് നാം കടന്നുവന്നിട്ട് വർഷങ്ങൾ ഏറെയായെന്ന് പറയാം.

Jul 15, 2024 - 11:55
 0  5
വളരുന്ന സാമ്പത്തികസ്ഥിതിയും തളരുന്ന മാനവികതയും സുസ്ഥിരമായ സമഗ്രവികസനവും

സാമ്പത്തികമായി ഏറെ വളർന്ന ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. വികസിതപടിഞ്ഞാറൻ രാജ്യങ്ങൾ എന്ന ചിന്തയിൽനിന്ന്, പടിഞ്ഞാറും കിഴക്കും, തെക്കും വടക്കുമുൾപ്പെടുന്ന, വികസിതലോകമെന്ന ഒരു ആശയത്തിലേക്ക് നാം കടന്നുവന്നിട്ട് വർഷങ്ങൾ ഏറെയായെന്ന് പറയാം. പണ്ടൊക്കെ സാമ്പത്തികവളർച്ചയുടെയും, ശാസ്ത്രപുരോഗതിയുടെയും, സാങ്കേതികവിദ്യകളിലെ നേട്ടങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിൽ,  വികസിത, വികസ്വര, അവികസ്വര രാജ്യങ്ങൾ എന്ന രീതിയിൽ നാം രാജ്യങ്ങളെ വേർതിരിച്ചിരുന്നു. എന്നാൽ ഈയൊരു മാനദണ്ഡമുമപയോഗിച്ച് ഒരുകാലത്ത് നാം അവികസ്വരരാജ്യങ്ങൾ എന്ന ഗണത്തിൽപ്പെടുത്തിയിരുന്ന പല രാജ്യങ്ങളും ഇന്ന് വികസ്വരരാജ്യങ്ങളുടെ പട്ടികയിലേക്ക് കയറിയിട്ടുണ്ട്. ഇന്ന് നമുക്ക് മുന്നിൽ ഉയർന്നുവരുന്ന ചോദ്യമിതാണ്: വികസിത, വികസ്വര രാജ്യങ്ങൾ യഥാർത്ഥത്തിൽ വളർച്ച പ്രാപിച്ച, വികസനം സ്വന്തമാക്കിയ രാജ്യങ്ങളാണോ? അവികസിത രാജ്യങ്ങളെന്ന് നാം തരം താഴ്ത്തിയിരുന്ന രാജ്യങ്ങൾക്ക് എന്തുകൊണ്ടാണ് വളർച്ച നേടാൻ സാധിക്കാതെ പോകുന്നത്? ഒരുമിച്ച് പുരോഗതിയിലേക്ക് വളരാൻ നമ്മുടെ മാനവികതയ്ക്കിനിയും സാധിക്കുന്നുണ്ടോ?

സാമ്പത്തികവളർച്ചയും മാനവവികസനസൂചികയും

ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി പരിശോധിക്കുമ്പോൾ, അവയിൽ പലതും അവയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ, ജി.ഡി.പി.യിൽ, ഉയർന്നുനിൽക്കുന്നവയാണ്. ഇന്ത്യയെ ഇതിന് ഉദാഹരണമായി നമുക്കെടുക്കാം. ഏറ്റവും ഉയർന്ന ജി.ഡി.പി. നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്. പല വികസിത രാജ്യങ്ങളേക്കാൾ എത്രയോ ഉയരത്തിലാണ് ഈയൊരർത്ഥത്തിൽ നാം. എന്നാൽ ഇതിന്റെയർത്ഥം ഇന്ത്യയിലെ എല്ലാ ജനങ്ങളും വികസിത രാജ്യങ്ങളിലെ ജനങ്ങളെക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നാണോ? പ്രതിശീർഷവരുമാനത്തിന്റെ തോത് കണക്കിലെടുക്കുമ്പോൾ, ഇതിന് ഏതാണ്ടൊരു വ്യക്തമായ ഉത്തരം നമുക്ക് ലഭിക്കും. ആളോഹരിവരുമാനത്തിന്റെ കാര്യത്തിൽ ഒരു ശരാശരി ഇന്ത്യക്കാരൻ ലോകത്ത് ഏറെ പിന്നിലാണ്. അതേസമയം, മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, പ്രതിരോധരംഗത്തും, ശാസ്ത്ര, സാങ്കേതികരംഗത്തുമൊക്കെ നമ്മുടേതുൾപ്പെടെയുള്ള രാജ്യങ്ങൾ ചിലവഴിക്കാൻ നിർബന്ധിതരാകുന്നത് വലിയ തുകയാണ്!

ഒരു രാജ്യത്തിന്റെ മാനവവികസനസൂചികയാണ് (Human Development Index) ആ രാജ്യത്തിന്റെ സമഗ്രവികസനത്തിന്റെ തോത് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നത്. ഇതിന്, സാമ്പത്തിക മാനദണ്ഡങ്ങൾക്കു പുറമെ, ആ രാജ്യത്തെ ജനപ്പെരുപ്പം, അവിടെയുള്ള തൊഴിലവസരങ്ങൾ, ജീവിതനിലവാരം, ക്രമസമാധാനനില, സാക്ഷരത തുടങ്ങി വിവിധ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഐക്യരാഷ്ട്രസഭയുടെ "ഐക്യരാഷ്ട്ര വികസനപദ്ധതി"യാണ് (United Nations Development Programme), മാനവവികസനസൂചിക തയ്യാറാക്കുന്നത്. ഈയൊരു ലിസ്റ്റിൽ നോർവെയും സ്വിറ്റസർലണ്ടും, ന്യൂസിലാൻഡുമൊക്കെയാണ് ആദ്യസ്ഥാനങ്ങളിൽ നിൽക്കുന്നത്. എന്നാൽ, ഇന്ത്യയുടെ സ്ഥാനം ഏതാണ്ട് നൂറ്റിമുപ്പതിനോടടുത്താണ്. അങ്ങനെ ഒരു രാജ്യത്തിന് എത്രമാത്രം ധനമുണ്ട്, എന്നതിനെ മാത്രം ആശ്രയിച്ച് ആ രാജ്യത്തെ വികസിത രാജ്യം, വികസ്വരരാജ്യം എന്നൊക്കെ വിളിക്കാൻ നമുക്കാകില്ല എന്നത് വ്യക്തമാണല്ലോ.

അസമത്വങ്ങളുടെ ഒരു ലോകം

നാം ഇന്ന് ജീവിക്കുന്നത് സാമ്പത്തികരംഗത്തുൾപ്പെടെയുള്ള വിവിധ അസമത്വങ്ങൾ നടമാടുന്ന ഒരു ലോകത്താണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. ഇത്തരം അസമത്വങ്ങൾ കണ്ടറിയാൻ വലിയ ശാസ്ത്രീയ പഠനങ്ങളോ, ഉയർന്ന ഒരു ക്രൈസ്തവമനഃസാക്ഷിയോ വേണമെന്ന് നിർബന്ധമില്ല. രാജ്യങ്ങൾ സാമ്പത്തികമായി പുരോഗമിക്കുമ്പോഴും, സമ്പന്നതയും ദാരിദ്ര്യവും തമ്മിലുള്ള അകലം വർദ്ധിച്ചുവരുന്നു. കാർഷികരംഗത്ത് വലിയ വിപ്ലവങ്ങളുണ്ടാകുമ്പോഴും ലക്ഷക്കണക്കിന് ജനങ്ങൾ പട്ടിണിയിൽ തുടരുന്നു. ഒരുഭാഗത്ത് ചില വികസിത രാജ്യങ്ങൾ ടൺ കണക്കിന് ഭക്ഷ്യവിഭവങ്ങൾ കടലിൽ തള്ളുകളയും നശിപ്പിച്ചുകളയുകയും ചെയ്യുമ്പോൾ, ഭൂമിയുടെ വികസ്വര, അവികസിത കോണുകളിൽ ആയിരങ്ങൾ വിശന്നുമരിക്കുന്നു. ശൂന്യാകാശത്തും, ചന്ദ്രനിലുമൊക്കെ പോകാൻ തക്ക ശാസ്ത്രസാങ്കേതികവിദ്യകൾ വളർന്നുവരുമ്പോഴും, സാധാരണജനം വഴിയിൽ അലയേണ്ടിവരുന്നു. സ്‌കൂളുകളും, കോളേജുകളും, യൂണിവേഴ്സിറ്റികളും, സാങ്കേതികവിദ്യാഭ്യാസരംഗവുമൊക്കെ മെച്ചപ്പെട്ടുവരുമ്പോഴും, സാക്ഷരതാരംഗത്തും, സാംസ്കാരികരംഗത്തും അനേകായിരങ്ങൾ അവരുടെ പിന്നോക്കസ്ഥിതിയിൽ തുടരുന്നു. ആരോഗ്യരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മനുഷ്യരുള്ള ഈ ലോകത്ത്, മാറാവ്യാധികളും, മഹാമാരികളും സാധാരണക്കാരുടെ ജീവന് ഭീഷണിയായി തുടരുന്നു. ഒരു ഭാഗത്ത് ജനങ്ങൾ സമാധാനത്തിലും, സുഖലോലുപതയിലും ജീവിക്കുമ്പോൾ, ഉക്രൈൻ, ഗാസ, ഇസ്രായേൽ, സിറിയ, സുഡാൻ തുടങ്ങി, ലോകത്തിന്റെ പല കോണുകളിലും മരണത്തെ ഭയന്ന്, യുദ്ധഭീകരതയുടെ ഗുരുതരപ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങി, പലപ്പോഴും കുടിയൊഴിപ്പിക്കപ്പെട്ട് ആയിരക്കണക്കിന് ആളുകൾ ജീവിക്കേണ്ടിവരുന്നു. ചിലയിടങ്ങളിൽ മനുഷ്യായുസ്സിന്റെ ദീർഘം ഏറുന്നതിൽ നാം അഭിമാനിക്കുമ്പോൾ, മറ്റു ചിലയിടങ്ങളിൽ, ആരോഗ്യരംഗത്തുള്ള പിന്നോക്കാവസ്ഥയുൾപ്പെടെയുള്ള പല കാരണങ്ങളാൽ ജനിക്കാതെ പോകുന്ന കുട്ടികളുടെയും, അകാലത്തിൽ മരണമടയുന്ന നവജാതശിശുക്കളുടെയും എണ്ണമേറുന്നു. അനീതിയും അസമത്വങ്ങളും മനുഷ്യജീവിതത്തിന്റെ ഭംഗി കെടുത്തുന്നു.

സമഗ്രമാനവികവികസനം

അസമത്വങ്ങളും അനീതികളും അവസാനിക്കാത്ത ഈ ലോകത്ത്, മനുഷ്യരുടെയെല്ലാം, സമഗ്രമായ വികസനത്തെയാണ് നാം ലക്ഷ്യമാക്കേണ്ടത്. ഇതിൽ പാവപ്പെട്ടവരും പണക്കാരും, കുടിയേറ്റക്കാരും, അഭയാർത്ഥികളും എല്ലാമുൾപ്പെടും. എല്ലാവർക്കും ഒരുപോലെ വളരാൻ സാധിക്കുന്ന ഒരു ലോകമാണ് സമഗ്രമാനവികവികസനത്തിലൂടെ നാം ലക്ഷ്യമിടുന്നത്. നിരക്ഷരതയുടെയും അന്ധവിശ്വാസങ്ങളുടെയും ലോകം മുതൽ സൈബർ രംഗത്ത് വളർന്ന് നിർമ്മിതബുദ്ധിയുടെ അനുദിന ഉപയോഗത്തോളമെത്തുന്ന ഒരു സമൂഹത്തിൽ, സ്ത്രീപുരുഷഭേദമില്ലാതെ, ദരിദ്രരും ധനികരുമെന്ന വേർതിരിവില്ലാതെ, മത, ജാതി, വർണ്ണ ചിന്തകൾക്കതീതമായി എങ്ങനെ എല്ലാവർക്കും വിദ്യാഭ്യാസസാധ്യതകൾ ഒരുക്കാൻ സാധിക്കും എന്ന ഒരു ചിന്ത നമുക്ക് മുന്നിലുണ്ടാകണം. വിശന്നുമരിക്കുന്ന പട്ടിണിപ്പാവങ്ങൾ മുതൽ, കോടികൾ ചിലവഴിച്ച് വിരുന്നുകൾ ഒരുക്കുന്ന മനുഷ്യർ വരെ ജീവിക്കുന്ന ഒരു നാട്ടിൽ, എങ്ങനെ എല്ലാവർക്കും അന്നന്നത്തെ അപ്പം ലഭ്യമാക്കാൻ സാധിക്കുമെന്ന ഒരു ചോദ്യം നമ്മെ അലട്ടണം. കാലാവസ്ഥാവ്യതിയാനങ്ങളും, പ്രതിസന്ധികളും, പ്രകൃതിദുരന്തങ്ങളും കടക്കെണിയും മൂലം കർഷകർ ആത്മഹത്യ ചെയ്യേണ്ടിവരുന്ന ഇന്നത്തെ ലോകത്ത്, സാങ്കേതിക, ശാസ്ത്രവിദ്യകളിൽ ആധുനികസമൂഹം നേടിയ അറിവുകളും, കാർഷികരംഗത്ത് കൈവരിക്കാൻ സാധിച്ചിട്ടുള്ള നേട്ടങ്ങളും എന്തുകൊണ്ട് എല്ലാവരുടേതുമാക്കാൻ നമുക്ക് സാധിക്കുന്നില്ല എന്ന ചോദ്യം നമ്മുടെ പൊതുഇടങ്ങളിൽ ഉയരണം. ഊർജ്ജരംഗത്തും, ഗതാഗതം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ഇങ്ങനെ എല്ലാ ഇടങ്ങളിലുമുള്ള അറിവുകൾ പങ്കുവയ്ക്കപ്പെടുന്നതിലൂടെ, എല്ലാവരുടെയും, മാനവികതയുടെ മുഴുവൻ സമഗ്രമായ വികസനം നമുക്ക് സാധിക്കേണ്ടതല്ലേ?

സുസ്ഥിരവികസനം

മാനവികസമഗ്രവികസനവുമായി ബന്ധപ്പെട്ട ചിന്തകളിൽ ഇക്കാലത്ത് ഏറെ ഉയർന്നുകേൾക്കുന്ന ഒരു വാക്കാണ് സുസ്ഥിരവികസനം. യഥാർത്ഥത്തിൽ ഇത് ആധുനികസമൂഹത്തിൽ മാത്രം ഉയർന്ന ഒരു ചിന്തയല്ല എന്നതാണ് സത്യം. പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം കുറച്ചുകൊണ്ടുവന്നും, പാരിസ്ഥിതിക ആഘാതങ്ങൾ പരമാവധി കുറച്ചും, പ്രകൃതിയോടും മാനവികതയോടും ഈ പ്രപഞ്ചത്തോടും ഇണങ്ങിയ ഒരു വികസനം എന്ന ഒരു ആശയം, അനേകവർഷങ്ങളായി സമൂഹത്തിൽ ഉയർന്നുവന്നിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വർദ്ധിച്ചുവന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധികളും, അമിതമായ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും ഒക്കെ, സുസ്ഥിരമായ, പ്രകൃതിസൗഹൃദപരമായ ഒരു വികസനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും, വരും തലമുറകൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ സാധ്യത അവശേഷിപ്പിക്കുന്ന വിധത്തിൽ എല്ലാത്തിനോടും ശ്രദ്ധാപൂർവ്വമുള്ള ഒരു സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും നമ്മെക്കൊണ്ട് കൂടുതലായി ചിന്തിപ്പിക്കാൻ തുടങ്ങി എന്നതാണ് സത്യം.

സാമ്പത്തികരംഗം, പരിസ്ഥിതി, സാംസ്കാരികരംഗം, രാഷ്ട്രീയം, കാർഷികരംഗം, ഊർജ്ജോത്പാദനവും ഉപഭോഗവും, അന്താരാഷ്ട്രസമൂഹം ഇങ്ങനെ വിവിധ തലങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു ആശയമായി സുസ്ഥിരവികസനം എന്നത് വളർന്നുവരികയാണ്. സ്വാർത്ഥതാമനോഭാവം വെടിഞ്ഞ്, മറ്റുള്ളവരെക്കൂടി, നമുക്ക് ചുറ്റുമുള്ളവരെയും, വരാനിരിക്കുന്ന തലമുറകളെയും കണക്കിലെടുത്ത് പദ്ധതികൾ വിഭാവനം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് സുസ്ഥിരവികസനമെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഈ ഭൂമിയും പ്രപഞ്ചവും ഒക്കെ അവസാനിക്കാത്ത ഒരു സ്രോതസ്സല്ലെന്ന തിരിച്ചറിവ്, ഭൂമിയുടെയും, അതിലെ സകലത്തിന്റെയും അധിപന്മാരാണ് നാമെന്ന ചിന്തയിൽനിന്ന്, നാമിവിടെ കാവൽക്കാരും സംരക്ഷകരുമാകേണ്ടവരാണെന്ന ചിന്തയിലേക്കുള്ള വളർച്ച ഒക്കെ നാം നേടേണ്ടിയിരിക്കുന്നു, പൊതുസമൂഹത്തിൽ പങ്കുവയ്‌ക്കേണ്ടിയിരിക്കുന്നു. സാമ്പത്തികവും ഭൗതികവുമായ വികസനം പോലെയോ, അതിലധികമോ പ്രാധാന്യമുള്ളതാണ്, മനുഷ്യന്റെ അന്തസ്സിന്റെ സംരക്ഷണവും, അവന്റെ സ്വാതന്ത്ര്യവും, അവകാശങ്ങളും മാനിക്കപ്പെടുന്നതെന്നും നമ്മുടെ സമൂഹം തിരിച്ചറിയുന്നിടത്ത് യഥാർത്ഥ സമഗ്രമാനവികവികസനം ആരംഭിക്കാൻ തുടങ്ങും.

ആഗോളകുടുംബം

ഭാരതത്തിലെ ഉപനിഷത്തുകളിൽ നാം കാണുന്ന ഏറെ മനോഹരമായ ഒരു ചിന്തയാണ് "വസുധൈവ കുടുംബകം" എന്ന സംസ്കൃത പ്രയോഗം. സങ്കുചിതമനസ്കർ, ഇതെന്റെത്, അത് നിന്റേത് എന്ന് ചിന്തിക്കുമ്പോൾ, ലോകമേ തറവാട് എന്ന് ഉദാരമനസ്കർ ചിന്തിക്കുന്നു എന്ന് മഹാ ഉപനിഷത്ത് ആറാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. സ്വാർത്ഥതയിൽ വളർന്നുവരുന്ന ആധുനികജനതയോട്, ഭാരതത്തിതത്തിന്റേതുപോലെയുള്ള പുരാതനസംസ്കാരങ്ങൾക്ക് പറഞ്ഞുകൊടുക്കാനുള്ള വലിയൊരു ഉദ്ബോധനവും ഇതാണ്. ഈ ഭൂമി എല്ലാരുടേതുമെന്ന ചിന്തയിൽ, വലിയ ഒരു കുടുംബമായി ഈ ഭൂമി ചുരുങ്ങി എന്ന തിരിച്ചറിവിൽ, സാഹോദര്യത്തിന്റെയും സമഭാവനയുടെയും സമത്വത്തിന്റെയും മൂല്യങ്ങൾ വളർത്തിക്കൊണ്ട് ജീവിക്കുക, വളരുക.

ഈ പ്രപഞ്ചം മുഴുവൻ ദൈവസൃഷ്ടിയാണെന്ന ഉദ്‌ബോധനം, യഹൂദ, ക്രൈസ്തവ പാരമ്പര്യങ്ങളിലും വ്യക്തമായി നമുക്ക് കാണാം. പഴയനിയമഗ്രന്ഥത്തിലെ ഉത്പത്തിപുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നാം വായിക്കുന്നുണ്ട്. ഈയൊരു ചിന്ത അതിന്റെ ഏറ്റവും മനോഹരമായ അവസ്ഥയിലേക്ക് വളരുന്നത്, നാമെല്ലാവരും ഒരേ പിതാവിന്റെ മക്കളാണ് എന്ന ബോധ്യത്തിലേക്ക്, ദൈവപുത്രനായ ക്രിസ്‌തു നമ്മെ നയിക്കുന്നിടത്താണ്. സഹവസിക്കാനും, സഹകരിക്കാനും, പരസ്പരം വളർത്താനുമുള്ള നമ്മുടെ വിളിയും ഈയൊരു പൊതുവായ പുത്രത്വത്തിൽനിന്നാണ് വരുന്നതെന്ന് ക്രൈസ്തവചിന്തയിൽ അടിസ്ഥാനമിട്ട് നമുക്ക് പറയാൻ സാധിക്കും. ആധുനികസമൂഹത്തിലേക്ക് കടന്നുവരുമ്പോൾ, കത്തോലിക്കാസഭ, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പാ, നാം ജീവിക്കുന്നത് ഒരു വലിയ കുടുംബത്തിലാണെന്നതിനെക്കുറിച്ചും, ഭൂമി നമ്മുടെ പൊതുവായ ഭവനമാണെന്നതിനെക്കുറിച്ചും നിരവധി തവണ നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ഇവിടെ വിവിധ മതസ്ഥർ തമ്മിലാകട്ടെ, ഒരേ മതസ്ഥർ തമ്മിലാകട്ടെ, രാജ്യങ്ങൾക്കുള്ളിലുള്ള ആന്തരിക സായുധസംഘര്ഷങ്ങളും, വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും സഹോദരഹത്യയാണെന്ന ഒരു അതിശക്തമായ ചിന്ത പാപ്പായുടെ പ്രഭാഷണങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ആർക്കും ആരുടെയും ജീവനെടുക്കാൻ അധികാരമില്ലെന്നും, ആരുടെയും വളർച്ച ഇല്ലാതാക്കാൻ അവകാശമില്ലെന്നും, യുദ്ധം മാനവികതയുടെ പരാജയമാണെന്നും നിരവധി തവണ, നിരവധിയിടങ്ങളിൽ, സത്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്വരമായി, മറ്റേതൊരു മത, രാഷ്ട്രീയ, ലോകനേതാക്കളെക്കാളും ശക്തിയോടെ പാപ്പായുടെ വാക്കുകൾ മുഴങ്ങിയിട്ടുണ്ട്. സാമ്പത്തിക നേട്ടങ്ങളും, ശാസ്ത്ര, സാങ്കേതിക വളർച്ചയുമൊക്കെ ലക്ഷ്യമാക്കി, സ്വാർത്ഥതാമനോഭാവത്തോടെയും കച്ചവടചിന്തയോടെയും ലോകം പോകുമ്പോൾ, ലോക മനഃസാക്ഷിയുടെ സ്വരമായി മാറുന്ന സഭ, ഈയൊരു പൊതുഭവനത്തിൽ എങ്ങനെ ഉത്തരവാദിത്വപരമായി ജീവിക്കാം എന്നതിനെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. നിന്റെ സഹോദരന്റെ കാവൽക്കാരനും, അവന്റെ വളർച്ചയുടെ കാരണക്കാരനും നീയാകണമെന്ന് ക്രൈസ്തവമനഃസാക്ഷി നാമോരുത്തരെയും ഓർമ്മിപ്പിക്കുന്നു.

ഉപസംഹാരം

സാമ്പത്തിക, ശാസ്ത്രീയ, ആരോഗ്യ, സാങ്കേതിക, കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ വലിയ വളർച്ച നേടിക്കൊണ്ട് മുന്നേറുന്ന ഒരു ലോകത്ത്, മാനവികത എന്തുമാത്രം വളർന്നിട്ടുണ്ട് എന്നതിനെക്കുറിച്ചും, സമഗ്രമായ മാനവികവികസനത്തിന്റെ സാധ്യതകളെക്കുറിച്ചും, അതിനായുള്ള സുസ്ഥിരമായ വികസനത്തിന്റെ പ്രാധാന്യവും, നമുക്കുണ്ടാകേണ്ട പരസ്‌പരസഹകരണവും ഉത്തരവാദിത്വബോധവുമൊക്കെയാണ് നമുക്ക് ചിന്തിക്കാനും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാനുമുള്ളത്. വളർന്നുവെന്ന് അഭിമാനിക്കുന്ന സമകാലീനസമൂഹം ഇനിയുമേറെ വളരേണ്ടിയിരിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നു. സാമ്പത്തികമായതുൾപ്പെടെ എല്ലാ രംഗങ്ങളിലുമുള്ള വളർച്ച, എല്ലാ മനുഷ്യരിലേക്കുമെത്തുന്നില്ലെങ്കിൽ, പൊതുസമൂഹത്തിന്റേതാകുന്നില്ലെങ്കിൽ ഇത്തരമൊരു വളർച്ച സ്വീകാര്യമായ ഒരു വളർച്ചയല്ലെന്ന് നാം അംഗീകരിക്കുകയും, ആവശ്യമായ തിരുത്തലുകൾ കൊണ്ടുവരാൻ തയ്യാറാകുകയും ചെയ്യേണ്ടിയിരിക്കുന്നു. കോടിക്കണക്കിന് മനുഷ്യരനുഭവിക്കുന്ന ദാരിദ്ര്യവും, ലക്ഷക്കണക്കിന് പട്ടിണിമരണങ്ങളും, സമത്വചിന്തയില്ലാത്ത, നീതിബോധമില്ലാത്ത അധോഗതിയിലാണ് മാനവികതയെന്ന് ഉച്ചത്തിൽ നമ്മോട് വിളിച്ചുപറയുന്നു. കത്തോലിക്കാസഭയുൾപ്പെടെ, വിവിധയിടങ്ങളിൽനിന്ന് പലവുരു ഉയർന്നുകേൾക്കുന്ന സാഹോദര്യത്തിന്റെയും, പങ്കുവയ്ക്കലിന്റെയും, സമത്വത്തിന്റെയും പാഠങ്ങൾ ഇനിയും നാം അഭ്യസിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. ഉച്ചനീചത്വങ്ങളും, അസമത്വങ്ങളും, സ്വാർത്ഥചിന്തകളും ഇല്ലാതാകട്ടെ. മാനവികതയുടെ സമഗ്രവികസനം സുസ്ഥിരമായ മാർഗ്ഗങ്ങളിലൂടെ സാധ്യമാകുന്നതിലേക്ക്, ഇന്നിന്റെ തലമുറകൾ വളർന്നുവരട്ടെ. ഭൂമിയുടെ വിഭവങ്ങളും, മനുഷ്യരുടെ കണ്ടുപിടുത്തങ്ങളൂം, വളർച്ചയും, നേട്ടങ്ങളും എല്ലാവരുടെയും മെച്ചപ്പെട്ട ഒരു നാളേക്കായി, മെച്ചപ്പെട്ട ഒരു പൊതുഭവനത്തിന്റെ നിലനിൽപ്പിനായി, സാഹോദര്യം നിറഞ്ഞ ഒരു മാനവസമൂഹത്തിനായി, ലോകസമാധാനത്തിനായി പങ്കുവയ്ക്കപ്പെടട്ടെ. ഒരേ ദൈവപിതാവിന്റെ മക്കളെന്ന നിലയിൽ പരസ്പരം അംഗീകരിച്ചും സ്നേഹിച്ചും സഹവസിച്ചും, ഐക്യപ്പെട്ടും, നമ്മുടെ ഈ വലിയ മാനവകുടുംബം വളർന്നുവരട്ടെ.

What's Your Reaction?

like

dislike

love

funny

angry

sad

wow