ജൂവലറിയില്‍ കൊള്ള; വെടിയേറ്റ ഉടമ കൊല്ലപ്പെട്ടു, മോഷണദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍
രാജസ്ഥാനില്‍ ജൂവലറി കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് സ്ഥാപന ഉടമ കൊല്ലപ്പെട്ടു
ജയ്പുർ: രാജസ്ഥാനില്‍ ജൂവലറി കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് സ്ഥാപന ഉടമ കൊല്ലപ്പെട്ടു. കൊള്ളസംഘം ജൂവലറിയിലേക്ക് ഇരച്ചുകയറുന്നതിന്റെയും ഉടമയെയും സുരക്ഷാജീവനക്കാരൻ ഉള്‍പ്പെടെ മറ്റു രണ്ടുപേരെയും മർദിക്കുന്നതിന്റെയും കൊള്ളയടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
ഖൈർതാല്‍-തിജാര ജില്ലയിലെ ഭിവാഡിയില്‍ സെൻട്രല്‍ മാർക്കറ്റില്‍ പ്രവർത്തിക്കുന്ന കമലേഷ് ജൂവലറിയില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. കാറിലെത്തിയ കൊള്ളസംഘമാണ് ജൂവലറിയിലേക്ക് അതിക്രമിച്ച് കയറിയത്. ഉടമ ജയ് സോണി, സഹോദരൻ മധുസൂദനൻ സോണി, സുരക്ഷാജീവനക്കാരൻ സുജൻ സിങ് എന്നിവരായിരുന്നു ഈ സമയം ജൂവലറിയില്‍ ഉണ്ടായിരുന്നത്.
കള്ളന്മാർ ജൂവലറി കൊള്ളയടിക്കുകയും ജയ് സോണിക്കും സഹോദരനും സുരക്ഷാജീവനക്കാരനും നേരെ വെടിയുതിർക്കുകയും ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജയ്ക്കും മധുസൂദനനും സുജനും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ജയ് സോണി ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
മോഷണം നടക്കുന്നതിനിടെ ജയ്, കൊള്ളക്കാരെ ആക്രമിച്ചിരുന്നു. തുടർന്ന് ഇവർ കടയ്ക്ക് പുറത്തേക്ക് ഓടി കാറില്‍ കയറി. ജയ് സോണി ഇവരുടെ പിന്നാലെ ഓടുകയും കാറില്‍നിന്ന് വലിച്ചു പുറത്തിറക്കാൻ ശ്രമിക്കുകയും ചെയ്തു. ആ സമയത്താണ് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു.
What's Your Reaction?