സ്വിഗ്ഗി, സൊമാറ്റോ വഴി ഇനി മദ്യവും; കേരളം അടക്കം 7 സംസ്ഥാനങ്ങളില്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്‌

ഓണ്‍ലൈൻ ഡെലിവറി ആപ്ലിക്കേഷനുകള്‍ വഴി ബുക്ക് ചെയ്താല്‍ ഇനി ഭക്ഷണം മാത്രമല്ല മദ്യവും വീട്ടിലെത്തിയേക്കും.

Jul 16, 2024 - 21:31
 0  4
സ്വിഗ്ഗി, സൊമാറ്റോ വഴി ഇനി മദ്യവും; കേരളം അടക്കം 7 സംസ്ഥാനങ്ങളില്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഓണ്‍ലൈൻ ഡെലിവറി ആപ്ലിക്കേഷനുകള്‍ വഴി ബുക്ക് ചെയ്താല്‍ ഇനി ഭക്ഷണം മാത്രമല്ല മദ്യവും വീട്ടിലെത്തിയേക്കും.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓണ്‍ലൈൻ ഡെലിവറി ആപ്ലിക്കേഷനുകള്‍ വഴി മദ്യം ഡെലിവറി ആരംഭിച്ചേക്കുമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച്‌ എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കേരളത്തെ സംബന്ധിച്ച്‌ ഡെലിവറി പ്ളാറ്റ്ഫോം കമ്ബനികളുടെ നിർദേശത്തില്‍ സംസ്ഥാന സർക്കാരിന്റെ തീരുമാനമാണ് നിർണായകമാകുക.

ബിയർ, വൈൻ അടക്കം കുറഞ്ഞ അളവില്‍ ലഹരിയടങ്ങിയ മദ്യമായിരിക്കും ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. കേരളം, ഡല്‍ഹി, കർണാടക, ഹരിയാണ, പഞ്ചാബ്, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിന്റെ ആദ്യഘട്ടം നടപ്പിലാക്കുമെന്നാണ് വ്യവസായ മേധാവികളെ ഉദ്ധരിച്ച്‌ റിപ്പോർട്ട്. നിലവില്‍ പശ്ചിമ ബംഗാളിലും ഒഡിഷയിലും മദ്യം വീടുകളിലേക്ക് ഡെലിവറിക്ക് അനുമതിയുണ്ട്. സ്വിഗ്ഗിയും സ്പെൻസെഴ്സ് റീട്ടയിലുമാണ് പശ്ചിമ ബംഗാളില്‍ മദ്യം ഡെലിവറി ചെയ്യുന്നത്.

പദ്ധതി നടപ്പിലാക്കുമ്ബോള്‍ ഉണ്ടാകുന്ന ഗുണദോഷങ്ങളെക്കുറിച്ച്‌ സംസ്ഥാന സർക്കാരുകള്‍ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് അഭിപ്രായം തേടിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ റിപ്പോർട്ടില്‍ പറയുന്നു. ഓണ്‍ലൈൻ വഴിയുള്ള മദ്യ വില്‍പ്പന നടപ്പിലാക്കുമ്ബോള്‍ സുരക്ഷ ഉറപ്പു വരുത്തുമെന്നും പ്രായപരിധി ഉറപ്പാക്കപ്പെടുമെന്നും സ്വിഗ്ഗി കോർപ്പറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് വക്താവ് ദിങ്കെർ വശിഷ്ഠ് പറഞ്ഞു.

കോവിഡ് സമയത്ത് മഹാരാഷ്ട്ര, ഛത്തീഗഡ്, ഝാർഖണ്ഡ്, അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ താത്കാലികമായി മദ്യം ഓണ്‍ലൈൻ വഴി വിതരണം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് നിർത്തലാക്കിയിരുന്നു. എങ്കിലും ചില പ്രാദേശിക ഓണ്‍ലൈനുകളില്‍ വഴി ഇപ്പോഴും ഇവിടങ്ങളില്‍ മദ്യം ലഭിക്കുന്നുണ്ടെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോർട്ടില്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow