വഴി തടസ്സപ്പെടുത്തി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുത്ത് സുരേഷ് ഗോപി

മാധ്യമപ്രവർത്തകർക്കെതിരെ പരാതി നല്‍കി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി.

Aug 29, 2024 - 11:30
 0  7
വഴി തടസ്സപ്പെടുത്തി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുത്ത് സുരേഷ് ഗോപി

തൃശ്ശൂർ: മാധ്യമപ്രവർത്തകർക്കെതിരെ പരാതി നല്‍കി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. രാമനിലയം ഗസ്റ്റ് ഹൗസില്‍വെച്ച്‌ മാധ്യമപ്രവർത്തകർ വഴി തടസപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് അദ്ദേഹം പരാതി നല്‍കിയത്. രാമനിലയത്തില്‍വെച്ച്‌ മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് കമ്മീഷണർ നിർദേശം നല്‍കിയതിനുപിന്നാലെയാണ് മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ഗോപി പരാതി നല്‍കിയത്.

മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി തള്ളിമാറ്റിയ സംഭവത്തില്‍ മുൻ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര പരാതി നല്‍കിയിരുന്നു. ഇതുപരിഗണിച്ചാണ് പ്രാഥമിക അന്വേഷണത്തിന് തൃശൂർ സിറ്റി എസിപിക്ക് കമ്മിഷണർ നിർദേശം നല്‍കിയിരുന്നത്. എസിപി വ്യാഴാഴ്ച അനില്‍ അക്കരയുടെ മൊഴിയെടുക്കും. വേണ്ടിവന്നാല്‍ മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുക്കുമെന്നാണ് വിവരം. ഈ സാഹചര്യം നിലനില്‍ക്കേയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ കേസുനല്‍കിയത്.

അതേസമയം സുരേഷ് ഗോപിയുടെ സുരക്ഷ കൂട്ടാനൊരുങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സുരേഷ് ഗോപിയുടെ പരാതിയില്‍ കേന്ദ്രം വിശദാംശങ്ങള്‍ തേടി. കേന്ദ്രമന്ത്രിക്കും സ്റ്റാഫുകള്‍ക്കുംനേരെ കയ്യേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് പറഞ്ഞു.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് രാമനിലയത്തില്‍നിന്ന് പോകുമ്ബോഴാണ് താരസംഘടന അമ്മയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണം തേടി മാധ്യമ പ്രവർത്തകരെത്തിയത്. രാവിലെ അദ്ദേഹം പറഞ്ഞ പ്രതികരണങ്ങളില്‍ ചിലത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് തള്ളിയിരുന്നു. മാധ്യമപ്രവർത്തകർ മൈക്കുമായി പിറകേയെത്തിയതില്‍ കുപിതനായി മന്ത്രി മാധ്യമപ്രവർത്തകർക്ക് നേരേ നീങ്ങി. മൈക്കുകള്‍ തള്ളിമാറ്റി കാറില്‍ക്കയറി. 'എന്റെ വഴി എന്റെ അവകാശമാണ് പ്ലീസ്' എന്നും അദ്ദേഹം കൈചൂണ്ടി പറയുന്നുണ്ടായിരുന്നു. വീണ്ടും ചോദ്യമുന്നയിച്ചപ്പോള്‍ ഉത്തരം പറയാൻ സൗകര്യമില്ലെന്ന് അറിയിച്ച്‌ മടങ്ങുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow