നടിയെ ആക്രമിച്ച കേസ്: ഫോറൻസിക് വിദഗ്ധരെ വിസ്തരിക്കാൻ അനുമതി തേടി പള്‍സർ സുനി സുപ്രീം കോടതിയിൽ
ഹൈക്കോടതി ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളായ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വിസ്തരിക്കാന്‍ അനുമതി തേടി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ 112, 183 സാക്ഷികളെ തിരിച്ച് വിളിച്ച് വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ കേസിൽ തന്നെ സംബന്ധിച്ചെടുത്തോളം നിർണ്ണായകമാണ് ഈ സാക്ഷികൾ. ഇവരെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ വാദം. ഹൈക്കോടതി ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പൾസർ സുനിക്ക് വേണ്ടി ഹർജി ഫയൽ ചെയ്തത്.
പള്‍സര്‍ സുനിയുടെ ആവശ്യം നേരത്തെ ഹൈക്കോടതിയും, വിചാരണ കോടതിയും തള്ളിയിരുന്നു. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനുശേഷമാണ് ജയിലില്‍ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. 2017 ജൂൺ 18നാണ് നടിയെ ആക്രമിച്ച കേസില്‍ സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നാലെ ജൂലൈയിൽ ഗൂഢാലോചന കുറ്റത്തിന് നടൻ ദിലീപിൻ്റെ അറസ്റ്റുണ്ടായി.
What's Your Reaction?