നിറത്തിൻ്റെ പേരിൽ അവഹേളനം: മലപ്പുറത്ത് നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം
മലപ്പുറം കൊണ്ടോട്ടിയിൽ നിറത്തിൻ്റെ പേരിൽ അവഹേളിച്ചതിൽ മനംനൊന്ത് നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിദേശത്ത് നിന്നും നാട്ടിലെത്തിയ കിഴിശ്ശേരി സ്വദേശി അബദുൽ വാഹിദിനെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് 27 ന് ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസ് നടപടി. ഭർത്താവിൻ്റെ മാനസിക പീഡനത്തിന് പിന്നാലെയാണ് നവവധുവിൻ്റെ ആത്മഹത്യ. നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞും കുറ്റപ്പെടുത്തിയതായും കുടുംബം പറഞ്ഞിരുന്നു.
ബന്ധുക്കളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്.സംഭവത്തില്‍ യുവജനകമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ജനുവരി 14 നാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്കടുത്ത് പറശ്ശേരി ബഷീറിൻ്റേയും ഷെമീനയുടെയും മൂത്തമകളാണ് ഷഹാന. കൊണ്ടോട്ടി ഗവ. കോളേജിലെ ഒന്നാംവര്‍ഷ ബി.എസ്.സി. ഗണിതശാസ്ത്ര വിദ്യാര്‍ഥിനിയാണ്. ഷഹാനയുടെ പിതാവ് ബഷീര്‍ ഗള്‍ഫിലാണ്.
ചൊവ്വാഴ്ച രാവിലെ 9.30 വരെ വീട്ടിലെ ജോലികള്‍ചെയ്തിരുന്ന ഷഹാനയെ പെട്ടെന്ന് കാണാതായി. മാതാവ് അന്വേഷിച്ചപ്പോള്‍ മുറി പൂട്ടിയതായി മനസ്സിലായി. ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഉടന്‍ ബന്ധുക്കളും അയല്‍വാസികളുംചേര്‍ന്ന് വാതില്‍ പൊളിച്ച് താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ മേയ് 27-നായിരുന്നു ഷഹാനയുടെയും അബ്ദുല്‍ വാഹിദിന്റെയും നിക്കാഹ്. 20 ദിവസം കഴിഞ്ഞ് വാഹിദ് ഗള്‍ഫിലേക്ക് പോയിരുന്നു.
What's Your Reaction?