സിദ്ധാര്‍ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാൻ തീരുമാനം

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ ആള്‍ക്കൂട്ടവിചാരണയെത്തുടർന്ന്‌ മരിച്ച സംഭവത്തില്‍ സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു.

Sep 25, 2024 - 12:32
 0  2
സിദ്ധാര്‍ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാൻ തീരുമാനം

ല്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ ആള്‍ക്കൂട്ടവിചാരണയെത്തുടർന്ന്‌ മരിച്ച സംഭവത്തില്‍ സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു.

സസ്‌പെൻഷൻ കാലാവധി പൂർത്തിയായതിനെത്തുടർന്ന് പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്‌മെന്റിലേക്കാണ് ഇരുവർക്കും നിയമനം.

യൂണിവേഴ്‌സിറ്റിയില്‍ ചൊവ്വാഴ്ച ചേർന്ന മാനേജ്‌മെന്റ് കൗണ്‍സില്‍ സസ്പെൻഷൻ ഇനി നീട്ടേണ്ടെന്ന് തീരുമാനിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ അച്ചടക്കനടപടികള്‍ക്ക് മുതിരാതെ ഇരുവരെയും മാറ്റാൻ തീരുമാനിച്ചത്. മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങളായ വൈസ് ചാൻസലർ കെ.എസ്. അനില്‍, ടി. സിദ്ദിഖ് എം.എല്‍.എ., ഫാക്കല്‍റ്റി ഡീൻ കെ. വിജയകുമാർ, അധ്യാപക പ്രതിനിധി പി.ടി. ദിനേശ് എന്നിവർ തീരുമാനത്തില്‍ വിയോജിപ്പറിയിച്ചു. അച്ചടക്കനടപടികളിലേക്ക് കടക്കണമെന്നാണ് നാലുപേരും ശുപാർശചെയ്തത്.

12 പേരുടെ പിന്തുണയോടെയാണ് സ്ഥലംമാറ്റ തീരുമാനം അംഗീകരിച്ചത്. ഭൂരിപക്ഷാഭിപ്രായം മാനിച്ചാണ് തീരുമാനമെടുത്തതെന്ന് വൈസ് ചാൻസലർ കെ.എസ്. അനില്‍ പറഞ്ഞു. കോളേജ് മാറിയാലും സിദ്ധാർഥന്റെ മരണത്തെത്തുടർന്നുള്ള അച്ചടക്കനടപടി ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം അടുത്തദിവസം ഗവർണർക്ക് കൈമാറും .

കഴിഞ്ഞ ഫെബ്രുവരി 18-നാണ് കോളേജില്‍വെച്ച്‌ ആള്‍ക്കൂട്ട മർദനത്തിനിരയായി സിദ്ധാർഥൻ മരിക്കുന്നത്. യൂണിവേഴ്‌സിറ്റി നിയോഗിച്ച അന്വേഷണക്കമ്മിഷൻ റിപ്പോർട്ടിലും ഡീൻ എം.കെ. നാരായണനും അസിസ്റ്റന്റ് വാർഡൻ ആർ. കാന്തനാഥനും കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏഴുമാസമായി ഇരുവരും സസ്‌പെൻഷനിലാണ്.

ആറുമാസത്തെ സസ്‌പെഷൻ കാലാവധി അവസാനിച്ചപ്പോള്‍, ഇരുവർക്കും വീഴ്ചപറ്റിയെന്നും 45 ദിവസത്തിനുള്ളില്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ ചേർന്ന് എന്ത് നടപടിയെടുത്തെന്ന് അറിയിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാനേജ്‌മെന്റ് കൗണ്‍സില്‍ ചേർന്നത്. അതിനിടെ തിങ്കളാഴ്ച അസിസ്റ്റന്റ് വാർഡൻ ആർ. കാന്തനാഥൻ യൂണിവേഴ്‌സിറ്റി നടപടിക്രമം പാലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഹർജി ഫയലില്‍ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow