ശബരിമലയിലെ ഭക്തരുടെ ദുരിതം; പിന്നില്‍ പോലീസിലെ ചേരിപ്പോര്
ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോഴുണ്ടായ തിരക്ക് നിയന്ത്രിക്കുന്നതിലും സുഗമമായ ദര്‍ശനം ഒരുക്കുന്നതിലും പോലീസിന് ഗുരുതരവീഴ്ചയെന്ന് ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
കൊച്ചി: ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോഴുണ്ടായ തിരക്ക് നിയന്ത്രിക്കുന്നതിലും സുഗമമായ ദര്‍ശനം ഒരുക്കുന്നതിലും പോലീസിന് ഗുരുതരവീഴ്ചയെന്ന് ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
ശബരിമല പോലീസ് കണ്‍ട്രോള്‍ റൂമില്‍ വര്‍ഷങ്ങളായി ഡ്യൂട്ടി നോക്കുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ സന്നിധാനത്ത് അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.
ഇരുന്നൂറില്‍ താഴെ പോലീസുകാരാണ് തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ മൂന്ന് ഷിഫ്റ്റിലായി ഡ്യൂട്ടിക്ക് എത്തിയത്. എസ്പി റാങ്കിലുള്ള ഒരു പോലീസ് സ്‌പെഷല്‍ ഓഫീസറും ഡിവൈഎസ്പി റാങ്കിലുള്ള ഒരു എഎസ്‌ഒയും ഉള്‍പ്പെടെയുള്ള ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരക്ക് നിയന്ത്രിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്. ഓരോ ദിവസത്തെയും വെര്‍ച്വല്‍ ക്യൂ ബുക്കിങ് സ്റ്റാറ്റസ് നേരത്തെ തന്നെ പോലീസിന് ലഭിച്ചിരുന്നു. എന്നിട്ടും അത് മുഖവിലക്കെടുത്തില്ല. വെള്ളിയാഴ്ച 53,680 ഉം, ശനിയാഴ്ച 52490 ഉം, ഞായറാഴ്ച 35000 ഉം ഭക്തര്‍ ദര്‍ശനത്തിന് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇത് പോലീസ് കണ്ടതായി നടിച്ചില്ല. വെള്ളി, ശനി ദിവസങ്ങളില്‍ 10,000 ന് മുകളില്‍ വീതം സ്‌പോട്ട്ബുക്കിങ്ങും ഉണ്ടായിരുന്നു.
ബുക്ക് ചെയ്യുന്നവര്‍ വരാറില്ലെന്നും 30,000ന് താഴെ മാത്രമെ അയ്യപ്പന്മാര്‍ ദര്‍ശനത്തിന് വരുകയുള്ളുവെന്നും അതിനാല്‍ കുറച്ച് പോലീസുകാര്‍ ഡ്യൂട്ടിക്ക് മതിയെന്നും ഉന്നത ഉദ്യോസ്ഥരെ ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 200ല്‍ താഴെ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് അയയ്‌ക്കാന്‍ കാരണമായതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ പോലീസ് ആസ്ഥാനത്ത് നിന്നോ പത്തനംതിട്ട എസ്പി ഓഫീസില്‍ നിന്നോ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് ശബരിമല ഡ്യൂട്ടിക്ക് പോലീസുകാരെ നിയോഗിക്കുക. എന്നാല്‍ ഇപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ ഒരു ഉത്തരവുമില്ലാതെ ഡ്യൂട്ടി നോക്കാന്‍ എത്തുന്ന ഒരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പറയുന്നത് കേട്ട് മാത്രം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി നിശ്ചയിക്കുന്ന സ്ഥിതിയാണുള്ളതെന്നും ആക്ഷേപമുണ്ട്.
എസ്‌ഒ അടക്കമുള്ളവര്‍ നോക്കുകുത്തിയായി ശബരിമലയില്‍ ജോലി നോക്കേണ്ട അവസ്ഥയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ശബരിമല സീസണ്‍ കാലത്ത് പോലീസുകാര്‍ക്ക് നല്‍കിയ ഡ്യൂട്ടി നിര്‍ദേശങ്ങള്‍ അടങ്ങുന്ന കൈ പുസ്തകം വിവാദമായതിന് പിന്നിലും ഈ ഉദ്യോഗസ്ഥനാണെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
അതേസമയം ശബരിമല തിരക്ക് വര്‍ദ്ധിച്ച് ഭക്തര്‍ ദുരിതത്തിലായിട്ടും അവര്‍ക്ക് കുടിവെള്ളം കൊടുക്കാനോ ലഘുഭക്ഷണം നല്‍കാനോ ഉള്ള സംവിധാനം ദേവസ്വം ബോര്‍ഡും ഒരുക്കിയില്ല. പലരും മണിക്കുറുകള്‍ ക്യൂവില്‍ കാത്ത് നിന്നിട്ടും സോപാനത്ത് എത്തിയപ്പോള്‍ അയ്യപ്പദര്‍ശനം ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നു. അപ്പം, അരവണ ലഭ്യതയിലും കുറവുണ്ടായിരുന്നു. മുന്‍കാലങ്ങളിലും തുലാമാസ പൂജകള്‍ക്കായി ശബരിമലനട തുറക്കുമ്ബോള്‍ വന്‍ ഭക്തജനതിരക്കാണ് ഉണ്ടാകാറുള്ളത്. എന്നിട്ടും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഭക്തരോട് അവഗണനയാണ് കാട്ടിയത്.
What's Your Reaction?