പിറന്നാളാഘോഷത്തിനിടെ മാല മോഷണംപോയി; ദിവസങ്ങള്‍ക്കപ്പുറം പണയംവെക്കാൻ പോയപ്പോള്‍ കള്ളിവെളിച്ചത്തായി

പിറന്നാളാഘോഷത്തിനിടയില്‍ നഗരസഭയിലെ ഒരു ഹെല്‍ത്ത് ഇൻസ്പെക്ടറുടെ മൂന്നുപവന്റെ മാല മോഷണംപോയി.

Aug 28, 2024 - 12:02
 0  5
പിറന്നാളാഘോഷത്തിനിടെ മാല മോഷണംപോയി; ദിവസങ്ങള്‍ക്കപ്പുറം പണയംവെക്കാൻ പോയപ്പോള്‍ കള്ളിവെളിച്ചത്തായി

ലപ്പുഴ: പിറന്നാളാഘോഷത്തിനിടയില്‍ നഗരസഭയിലെ ഒരു ഹെല്‍ത്ത് ഇൻസ്പെക്ടറുടെ മൂന്നുപവന്റെ മാല മോഷണംപോയി. രണ്ടാഴ്ചയ്ക്കുശേഷം കൂടെ ജോലിചെയ്യുന്ന താത്കാലിക ഉദ്യോഗസ്ഥനില്‍നിന്നു തിരികെ ലഭിച്ചു.

നഗരസഭയിലെ ഒരു സ്ഥിരംസമിതി അധ്യക്ഷയുടെ മകന്റെ പിറന്നാളാഘോഷത്തിലാണു സംഭവം. രാത്രിയിലായിരുന്നു ആഘോഷം. നഗരസഭയില്‍നിന്ന് പ്രത്യേകം വിളിക്കപ്പെട്ടവർക്കായി നഗരത്തിലെ ജവാഹർ ബാലഭവൻ സ്കൂളില്‍വെച്ചാണ് ആഘോഷം നടന്നത്. ഇതിനിടയിലാണ് മാല മോഷണംപോയത്.

ജൂലായ് മാസം അവസാന ആഴ്ചയിലാണ് രാത്രിയില്‍ പരിപാടി നടന്നതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തായത്. ആഘോഷത്തിമർപ്പിനിടയില്‍ ഹെല്‍ത്ത് ഇൻസ്പെക്ടറുടെ മൂന്നുപവന്റെ മാല മോഷണംപോകുകയായിരുന്നു. ആരോ ഊരിക്കൊണ്ടുപോയതുപോലെ.

അടുത്തദിവസം പോലീസില്‍ പരാതിപ്പെട്ടു. രണ്ടാഴ്ചയ്ക്കുശേഷമാണ് നാടകീയ സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. മാല മോഷ്ടിച്ച താത്കാലിക ജീവനക്കാരൻ മാല പണയംവെക്കാനായി ഒരു സ്വകാര്യസ്ഥാപനത്തില്‍ ചെല്ലുന്നു. അവിടെ നഗരസഭയിലെ ഒരു ജീവനക്കാരന്റെ ഭാര്യ ജോലിചെയ്യുന്നുണ്ട്. അവർ മാല തിരിച്ചറിഞ്ഞ് എല്ലാവരെയും വിവരമറിയിച്ചു. തുടർന്ന് മോഷണമെന്ന പേരുമാറ്റി കളഞ്ഞുകിട്ടിയ രീതിയിലാക്കി മാല തിരികെ നല്‍കി.

ആരുമറിയാതെ രഹസ്യമാക്കിവെക്കാൻ നോക്കിയെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇതു പോസ്റ്ററാക്കി നഗരത്തിലെമ്ബാടും പതിച്ചു. ചിലതെല്ലാം എതിർപക്ഷത്തുള്ളവർ കീറിക്കളഞ്ഞു. പക്ഷേ, ചൊവ്വാഴ്ച നഗരസഭയുടെ മുൻപില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധധർണയില്‍ എ.എ. ഷുക്കൂർ വിവരം പരസ്യമാക്കി. നഗരസഭയിലെ വനിതാ കൗണ്‍സിലറുടെ അൻപതിനായിരം രൂപ മോഷണംപോയത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow