പീച്ചി ഡാം റിസർവോയറിൽ വീണ ഒരു പെൺകുട്ടി മരിച്ചു, മൂന്ന് പേർ ചികിത്സയിൽ; അപകടം ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോൾ
പട്ടിക്കാട് ചാണോത്ത് പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു.
പട്ടിക്കാട് ചാണോത്ത് പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു. തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അതേസമയം റിസർവോയറിൽ വീണ മറ്റ് മൂന്നു പേർ ചികിത്സയിൽ തുടരുകയാണ്. ആൻ ഗ്രേയ്സ്, എറിൻ, നിമ(12) എന്നിവരാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുളളത്. നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് മറ്റു മൂന്നുപേര്‍.
പള്ളിപ്പെരുന്നാളാഘോഷിക്കാന്‍ ഹിമയുടെയും നിമയുടെയും വീട്ടിലെത്തിയതാണ് വിദ്യാർഥിനികൾ. ഡാം റിസർവോയറിൽ ചെരുപ്പ് വീണത് എടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഹിമ വെള്ളത്തിലേയ്ക്കിറങ്ങിയിരുന്നില്ല.രണ്ടുപേര്‍ പാറക്കെട്ടില്‍ വഴുതി വെള്ളത്തില്‍ വീണപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാനിറങ്ങിയതാണെന്ന് കരുതുന്നു. കുട്ടികളുടെ നിലവിളികേട്ടെത്തിയ സമീപവാസികളാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.. മന്ത്രി കെ. രാജന്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.
What's Your Reaction?