ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാദൗത്യത്തിന് നാവികസേന; അപകടത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിനായി നാവികസേന എത്തുന്നു.

Jul 14, 2024 - 21:52
 0  3
ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാദൗത്യത്തിന് നാവികസേന; അപകടത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിനായി നാവികസേന എത്തുന്നു. പോലീസും ഫയര്‍ഫോഴ്സും സ്കൂബ ഡൈവിങ് ടീമും നടത്തിയ ഒന്നര ദിവസം പിന്നിട്ട തിരച്ചിലിലും ജോയിയെ കണ്ടെത്താന്‍ സാധിക്കാതെവന്ന സാഹചര്യത്തിലാണ് നാവികസേന എത്തുന്നത്.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ശുചീകരണ തൊഴിലാളിയായ ജോയി ആമയിഴഞ്ചാന്‍ തോട്ടില്‍ അപകടത്തില്‍ പെടുന്നത്.

അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അധിക്യതർക്ക് അയച്ച നോട്ടിസില്‍ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. കമ്മിഷൻ ഓഫിസില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കും.

തോട് വ്യത്തിയാക്കാൻ റയില്‍വേ കരാറെടുത്ത കമ്ബനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കല്‍ നടന്നതെന്ന് പറയുന്നു. ടണ്‍ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന കാര്യത്തില്‍ റയില്‍വേയും നഗരസഭയും തമ്മില്‍ തർക്കമുണ്ടെന്നും വാർത്തകളുണ്ട്.

രക്ഷാദൗത്യം നടത്താൻ പോലും മാലിന്യക്കൂമ്ബാരം വെല്ലുവിളിയായിട്ടുണ്ട്. പത്ര വാർത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടിയെന്ന് മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ നടത്തിയ റോബോട്ടിക് മെഷീന്‍ ഇറക്കിയുള്ള പരിശോധനയില്‍ ശരീരഭാഗങ്ങള്‍ റോബോട്ടിക് കാമറയില്‍ പതിഞ്ഞെന്ന് സംശയിച്ചിരുന്നെങ്കിലും മുങ്ങല്‍ വിദഗ്ധര്‍ ഈ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. കാമറയില്‍ പതിഞ്ഞത് ചാക്കില്‍ കെട്ടിയ മാലിന്യക്കൂമ്ബാരമാകാം എന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. മനുഷ്യ ശരീരമല്ല മാലിന്യമാണ് കാമറയില്‍ പതിഞ്ഞതെന്ന് സ്കൂബാ ഡൈവിങ് സംഘവും സ്ഥിരീകരിച്ചു. കാമറയില്‍ പതിഞ്ഞതിനും അപ്പുറം 15 മീറ്റര്‍വരെ ദൂരത്തില്‍ പോയി സംഘം പരിശോധന നടത്തിയിരുന്നു. ടണലിന്റെ എതിര്‍ദിശയില്‍നിന്ന് പരിശോധന നടത്താനൊരുങ്ങുകയാണ് സ്കൂബ സംഘം.

കോര്‍പ്പറേഷന്‍ താല്‍ക്കാലിക ജീവനക്കാരനായ 42കാരനായ ജോയിയടക്കം നാല് പേരാണ് ശുചീകരണത്തിനായി ആമയിഴഞ്ചാന്‍ തോട്ടിലിറങ്ങിയത്. തോട്ടില്‍ വീണയുടനെ സഹ തൊഴിലാളികള്‍ ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തോട്ടിലെ ഒഴുക്കില്‍പ്പെട്ട് പോയെന്നാണ് നിഗമനം.

മാരായമുട്ടം വടകരയില്‍ അമ്മയ്ക്കൊപ്പം ജീവിക്കുന്ന അവിവാഹിതനായ ജോയി നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവിറ്റായിരുന്നു ജീവിച്ചത്. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow