PPE കിറ്റിലെ സിഎജി റിപ്പോർട്ടിൽ സർക്കാർ മറുപടി പറയും: കെ.കെ ശൈലജ
കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് വ്യക്തമാക്കുന്ന സി.എ.ജി. റിപ്പോർട്ടിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് വ്യക്തമാക്കുന്ന സി.എ.ജി. റിപ്പോർട്ടിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോൾ കുറച്ച് കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടിവന്നുവെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
"പി.പി.ഇ. കിറ്റിന് ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ഈ സമയത്താണ് കുറച്ച് പി.പി.ഇ. കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നത്. ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയതിൽ വളരെ കുറച്ച് കിറ്റുകൾ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങിനെയായിരുന്നു. അത് കേരളത്തിലെ ജനങ്ങൾ മറന്നുപോവില്ല." കെ. കെ ശൈലജ പറഞ്ഞു.
നേരത്തെ നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി പറഞ്ഞതാണ്. ലോകായുക്തയുടെ മുമ്പാകെ പ്രതിപക്ഷം പരാതി സമര്‍പ്പിച്ചപ്പോഴും കാര്യങ്ങൾ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വ്യക്തമായ മറുപടി പറഞ്ഞുവെന്നും കെ കെ ശൈലജ പറഞ്ഞു.
"നല്ല ക്ഷാമമുണ്ടായിരുന്നു ആ സമയത്ത് പി.പി.ഇ. കിറ്റിന്. ഒരു കമ്പനിയുടെ കൈയിലേ കിറ്റ് ഉണ്ടായിരുന്നുള്ളൂ. അന്ന്, 50000 കിറ്റുകൾക്ക് ഓർഡർ നൽകിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ല. ഗുണനിലവാരം കൂടെ കണക്കിലെടുത്തായിരുന്നു ഓർഡർ സമർപ്പിച്ചത്. സി.എ.ജി. റിപ്പോര്‍ട്ട് കാണാതെ അതേക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല. വിഷയത്തിൽ സര്‍ക്കാര്‍ മറുപടി പറയും." കെ.കെ. ശൈലജ പറഞ്ഞു.
കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടായെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇടപാടില്‍ 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നാണ് സി.എ.ജിയുടെ റിപ്പോർട്ട്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട്.
പിപിഇ കിറ്റിന് പൊതുവിപണിയേക്കാള്‍ 300 ശതമാനം പണം അധികം നല്‍കി. 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് കോവിഡ് മഹാമാരിയുണ്ടായപ്പോള്‍ പി.പി.ഇ കിറ്റ് വാങ്ങിയതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു എന്നാണ് കണ്ടെത്തല്‍. ഇന്ന് നിയമസഭയില്‍ വെച്ച സി.എ.ജി റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്.
ഈ ഇടപാടിന്‍റെ ഭാഗമായി സര്‍ക്കാരിന് 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാന്‍ ഫാര്‍മ കമ്പനിയ്ക്ക് പണം മുന്‍കൂറായി നല്‍കിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.
What's Your Reaction?