പരക്കെ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ തീവ്രമഴ
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് പരക്കെ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ട്.
നേരത്തെ ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും തെക്കു കിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴയെ സ്വാധീനിക്കുന്നത്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മഴയ്ക്ക് ശക്തി കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. നാളെ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ വീണ്ടും ശക്തിയാര്‍ജിക്കുന്ന മഴ വ്യാഴാഴ്ച വരെ തുടരും.
What's Your Reaction?