വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി; പ്രതീക്ഷയോടെ സ്ഥാനാര്‍ഥികളും മുന്നണികളും
വയനാട് ലോക്സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും വോട്ടെടുപ്പ് തുടങ്ങി.
തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും.
പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് വയനാട് ദേശീയശ്രദ്ധ നേടിയപ്പോള്‍ ചേലക്കര ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. പോളിങ് സാമഗ്രികളുടെ വിതരണവും ബൂത്ത് ഒരുക്കങ്ങളുമെല്ലാം പൂർത്തിയായി. പൊലീസ് സുരക്ഷ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
വയനാട്ടില്‍ നിന്ന് ലോക്സഭയിലേക്ക് പോകാൻ ആഗ്രഹിച്ച് പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്), സത്യൻ മൊകേരി (എല്‍.ഡി.എഫ്), നവ്യ ഹരിദാസ് (എൻ.ഡി.എ) എന്നിവരുള്‍പ്പെടെ 16 പേരുണ്ട്. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ 11 പേർ ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് എന്നതാണ് മറ്റൊരു കൗതുകം. വയനാട്ടില്‍ 14,71,742 വോട്ടര്‍മാരാണുള്ളത്. ചേലക്കരയില്‍ യു.ആർ. പ്രദീപ് (എല്‍.ഡി.എഫ്), രമ്യ ഹരിദാസ് (യു.ഡി.എഫ്), കെ. ബാലകൃഷ്ണൻ (എൻ.ഡി.എ) എന്നിവരുള്‍പ്പെടെ ആറു പേരാണ് മത്സരരംഗത്തുള്ളത്.
പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് വയനാട് പാർലമെന്‍റ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. കഴിഞ്ഞ ദിവസം പള്ളിക്കുന്ന് ദേവാലയത്തിലെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളില്‍ വൈദികരുടെയും സന്യസ്‌തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാർഥന നടത്തുന്നതിന്‍റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് പരാതി. വോട്ടെടുപ്പ് ദിനമായ ബുധനാഴ്ച ഉച്ചയോടെ പ്രിയങ്ക ഡല്‍ഹിയിലേക്ക് തിരിക്കും. അതിനുമുമ്ബ് വൈത്തിരി മേഖലയിലെ ചില ബൂത്തുകള്‍ അവർ സന്ദർശിക്കും.
അതിനിടെ, നിശബ്ദ പ്രചാരണദിനത്തില്‍ ചേലക്കരയില്‍ വാർത്താസമ്മേളനം വിളിച്ച ഡി.എം.കെ നേതാവ് പി.വി. അൻവർ എം.എല്‍.എക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നല്‍കി. വയനാട്ടിനും ചേലക്കരക്കുമൊപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാലക്കാട്ട് പോളിങ് ഒരാഴ്ച നീട്ടി. നവംബർ 20നാണ് പാലക്കാട്ടെ പോളിങ്.
What's Your Reaction?