നിർമ്മിതബുദ്ധിയെക്കുറിച്ച് ബഹുതല വൈജ്ഞാനിക വിശകലനം മൗലികം, പാപ്പാ

നിർമ്മിതബുദ്ധിവരെ എത്തിയിരിക്കുന്ന സാങ്കേതിക നവീനത, വികസനം, ക്ഷേമം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പരിപോഷിപ്പിക്കുകയും ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക് സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന് മാർപ്പാപ്പാ.

Jun 23, 2024 - 11:42
 0  5
നിർമ്മിതബുദ്ധിയെക്കുറിച്ച് ബഹുതല വൈജ്ഞാനിക വിശകലനം മൗലികം, പാപ്പാ

നിർമ്മിതബുദ്ധിവരെ എത്തിയിരിക്കുന്ന സാങ്കേതിക നവീനത, വികസനം, ക്ഷേമം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പരിപോഷിപ്പിക്കുകയും ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക് സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന് മാർപ്പാപ്പാ.

സഭയുടെ സാമൂഹ്യ പ്രബോധനങ്ങൾ, വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ ചാക്രികലേഖനം “ചെന്തേസിമൂസ് ആന്നൂസ്” അവതരിപ്പിക്കുന്ന വീക്ഷണമനുസരിച്ച് പഠിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുക എന്ന  പ്രഖ്യാപിത ലക്ഷ്യമുള്ള  “ചെന്തേസിമൂസ് ആന്നൂസ്” ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത മുന്നൂറോളം പേരടങ്ങുന്ന ഒരു സംഘത്തെ ശനിയാഴ്‌ച (22/06/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

"കൃത്രിമ ബുദ്ധിയും സാങ്കേതിക മാതൃകയും: മനുഷ്യരാശിയുടെ ക്ഷേമവും പ്രകൃതി സംരക്ഷണവും സമാധാനം വാഴുന്ന ലോകവും എങ്ങനെ പരിപോഷിപ്പിക്കാം" എന്ന വിചിന്തന പ്രമേയം ഈ അന്താരാഷ്ട്ര സമ്മേളനം സ്വീകരിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ സമ്പദ് ഘടനയുടെയും നാഗരികതയുടെയും മാനവരാശിയുടെ തന്നെയും ഭാവിവച്ചു കളിക്കുന്ന സാങ്കേതിക മാറ്റത്തിനു മുന്നിലാണ് നാമെന്ന വസ്തു അനുസ്മരച്ചു.

നിർമ്മിത ബുദ്ധി, അഥവാ, കൃത്രിമ ബുദ്ധി എന്ന സങ്കേതിക വിദ്യ സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും അതിശക്തമായ ഒരു സ്വാധീനം ചെലുത്തുന്നുണ്ടെന്നും ജീവിതത്തിലും ആളുകളും രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും അന്താരാഷ്ട്രതലത്തിലുള്ള കെട്ടുറപ്പിലും നമ്മുടെ പൊതു ഭവനത്തിൻറെ കാര്യത്തിലും നിഷേധാത്മക സ്വാധീനം ചെലുത്താനുള്ള സാധ്യതയുണ്ടെന്നും പാപ്പാ പറഞ്ഞു.

നിർമ്മിതബുദ്ധിയുടെ നിലവിലുള്ളതും ഉണ്ടാകവുന്നതുമായ എല്ലാ മാനങ്ങളും, ഉൽപ്പാദനക്ഷമതയിലും വളർച്ചയിലും അതിന് കൊണ്ടുവരാൻ കഴിയുന്ന നേട്ടങ്ങളും, അത് ഉണ്ടാക്കാവുന്ന അപകടസാധ്യതകളും, നിർമ്മിതബുദ്ധിയുടെ വികസനത്തിൻറെയും ഉപയോഗത്തിൻറെയും കൈകാര്യംചെയ്യലിൻറെയും ശരിയായ ധാർമ്മിക രീതികളും തിരിച്ചറിയുന്നതിന് ബഹുവൈജ്ഞാനിക വിശകലനം മൗലികമാണെന്ന് പാപ്പാ വിശദീകരിച്ചു.

നിർമ്മിതബുദ്ധിയുടെ സമ്പൂർണ്ണ വികസനം മാനവരാശിയുടെ അന്ത്യത്തെ ദ്യോതിപ്പിക്കാമെന്നും മന്ദഗതിയിലുള്ള ജീവശാസ്ത്രപരമായ പരിണാമ പരിമിതിയുള്ള മനുഷ്യന് അതിനോട് മത്സരിക്കാൻ കഴിയില്ലെന്നും പ്രസിദ്ധ പ്രപഞ്ചശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗ് പറഞ്ഞിട്ടുള്ളത് പാപ്പാ അനുസ്മരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow