ലോകത്തിന് പ്രത്യാശ നൽകുന്ന കുട്ടികളെ സംരക്ഷിക്കുക: ഫ്രാൻസിസ് പാപ്പാ
ജനുവരി എട്ട് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തെ അധികരിച്ച്, ഇതേദിവസം ഫ്രാൻസിസ് പാപ്പാ സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശം. കുട്ടികളുടെ പുഞ്ചിരി ദൈവത്തിന്റെ ആർദ്രതയുടെ പ്രകടനമാണ്. നിരവധി ചൂഷണങ്ങളാണ് കുട്ടികൾ നേരിടുന്നത്.
കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ജനുവരി എട്ട് ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച് അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനെട്ടാം അധ്യായം, പതിനഞ്ചുമുതൽ പതിനേഴുവരെയുള്ള തിരുവചനഭാഗത്ത്, യേശു ശിശുക്കളെ അനുഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്‌ബോധനം നടത്തിയതിനെത്തുടർന്നാണ്, കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ എക്‌സിൽ എഴുതിയത്.
കുട്ടികൾ ലോകത്ത് പ്രത്യാശയ്ക്ക് കാരണമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അവരുടെ പുഞ്ചിരി ദൈവത്തിന്റെ ആർദ്രതയുടെ മനോഹരമായ പ്രകടനങ്ങളിൽ ഒന്നാണെന്നും, ആ പുഞ്ചിരിയെ നമുക്ക് സംരക്ഷിക്കാമെന്നുമാണ് ഏവരെയും ഓർമ്മിപ്പിച്ചത്.
"കുട്ടികൾ പ്രത്യാശയാണെന്ന് നമുക്ക് എപ്പോഴും ഓർക്കാം. ദൈവത്തിന്റെ ആർദ്രതയുടെ ഏറ്റവും മനോഹരമായ പ്രകടനങ്ങളിൽ ഒന്നായ അവരുടെ പുഞ്ചിരിയെ നമുക്ക് സംരക്ഷിക്കാം" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. #പൊതുകൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ തന്റെ ട്വീറ്റ് പ്രസിദ്ധീകരിച്ചത്.
കൊച്ചുകുട്ടികൾ സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതിന് പകരം, അവരുടെ സ്വപ്‌നങ്ങൾ തകർക്കപ്പെടുന്നതും അവരെ ആളുകൾ ചൂഷണം ചെയ്യുന്നതും, ദൈവമക്കളെന്ന നിലയിൽ നമുക്ക് അംഗീകരിക്കാനാകില്ലെന്ന് പാപ്പാ കഴിഞ്ഞ ദിവസത്തെ പ്രഭാഷണത്തിലൂടെ ഉദ്ബോധിപ്പിച്ചിരുന്നു. നവജാതശിശുവായ യേശുവിന് നേരെ ഹേറോദോസിന്റെ ക്രോധം ചൊരിയപ്പെടുന്നതും, ബെത്ലഹേമിലെ കുരുന്നുകളുടെ ജീവനെടുക്കാൻ അദ്ദേഹം കൽപ്പിക്കുന്നതും പരാമർശിച്ച പാപ്പാ, ലോകത്തിന്റെ പല ഭാഗങ്ങളിലും കുട്ടികളുടെ ജീവന് വിലകല്പിക്കാത്ത ഒരു സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ഓർമ്മിപ്പിച്ചിരുന്നു.
What's Your Reaction?