മാനവിക, സഹോദര്യമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനുപകരിക്കുന്ന രീതിയിൽ നയതന്ത്രബന്ധങ്ങൾ വളർത്തുക: ഫ്രാൻസിസ് പാപ്പാ

പരിശുദ്ധ സിംഹാസനവുമായി നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങളുടെയും അന്താരാഷ്ട്രസംഘടനകളുടെയും പ്രതിനിധികൾക്ക് ജനുവരി ഒൻപത് വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച പതിവ് കൂടിക്കാഴ്ചയിൽ, ജൂബിലിയുമായി ബന്ധപ്പെട്ട മാനവിക, സഹോദര്യമൂല്യങ്ങൾ നയതന്ത്രജ്ഞർക്ക് മുന്നിൽ പങ്കുവച്ച് ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണം

Jan 10, 2025 - 11:43
 0  2
മാനവിക, സഹോദര്യമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനുപകരിക്കുന്ന രീതിയിൽ നയതന്ത്രബന്ധങ്ങൾ വളർത്തുക: ഫ്രാൻസിസ് പാപ്പാ

ഔദ്യോഗികപരമായ നയതന്ത്രബന്ധത്തിനൊപ്പം കുടുംബ, മാനവിക, സഹോദര്യപരമായ ബന്ധത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ. ജനുവരി ഒൻപത് വ്യാഴാഴ്ച രാവിലെ, പരിശുദ്ധസിംഹാസനവുമായി നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങളുടെയും അന്താരാഷ്ട്രസംഘടനകളുടെയും പ്രതിനിധികൾക്ക് ഈ വർഷവും പതിവുപോലെ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ, മാനവിക, സാഹോദര്യ മൂല്യങ്ങൾക്കുണ്ടാകേണ്ട പ്രാധാന്യം പാപ്പാ എടുത്തുകാട്ടിയത്.

കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം 2025, ജൂബിലിയുടെ വർഷമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇത്, പ്രത്യേകമായ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും, ലോകത്തിന്റെ ചടുലതയിൽനിന്ന് മാറി, സ്വസ്ഥമായിരിക്കാനും വിചിന്തനം നടത്താനുമുള്ള ഒരു സമയമാണെന്നും പാപ്പാ പറഞ്ഞു.

ജൂബിലിയുടെ ചിന്തകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, ദൈവപിതാവിന്റെ മക്കളാണ് നാമെന്നും, അതുവഴി അവനിൽ നാം സഹോദരങ്ങളാണെന്നുമുള്ള ചിന്തയാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മറ്റുള്ളവരുടെ കുറ്റങ്ങളും കടങ്ങളും പൊറുക്കാനും, ദുർബലരെയും ദരിദ്രരെയും താങ്ങാനും, മണ്ണിന് വിശ്രമം നൽകാനും, നീതി പ്രവർത്തിക്കാനും, പ്രത്യാശ വീണ്ടെടുക്കാനുമുള്ള സമയമാണ് ജൂബിലിയുടേതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

പൊതുനന്മയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരും, കാരുണ്യത്തിന്റെ ഏറ്റവും ഉയർന്ന മൂല്യങ്ങളിൽ ഒന്നായ രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവരും ജൂബിലിയുടെ മേൽപ്പറഞ്ഞ സാഹോദര്യ, സാമൂഹ്യ മൂല്യങ്ങളനുസരിച്ച് ജീവിക്കാൻ വിളിക്കപ്പെട്ടവരാണെന്ന് പാപ്പാ പറഞ്ഞു.

മുൻകൂട്ടി എഴുതി തയ്യാറാക്കിയ തന്റെ പ്രഭാഷണം പാപ്പാ, ജലദോഷം മൂലം തനിക്ക് പകരം പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററിയുടെ ഉപസെക്രട്ടറി മോൺസിഞ്ഞോർ ഫിലിപ്പോ ചമ്പനെല്ലിയെകൊണ്ടാണ് തുടർന്ന് വായിപ്പിച്ചത്.

നസ്രത്തിലെ സിനഗോഗിൽ യേശു ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്നുള്ള ഭാഗം (ലൂക്ക 4,16-21) തന്റേതാക്കി വായിക്കുന്നതിനെ അടിസ്ഥാനമാക്കി, ദുരിതമനുഭവിക്കുന്നവർക്ക് സദ്വാർത്തയെത്തിക്കുക, തകർക്കപ്പെട്ട ഹൃദയങ്ങളുടെ മുറിവുകൾ വച്ചുകെട്ടുക, അടിമകളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക, തടവുകാർക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുക തുടങ്ങിയ മൂല്യങ്ങൾ നയതന്ത്രപ്രതിനിധികൾക്ക് മുന്നിൽ പങ്കുവച്ചുകൊണ്ടായിരുന്നു, പ്രത്യാശയുടെ നയതന്ത്രം എന്ന ആശയം വളർത്തുന്ന പാപ്പായുടെ പ്രഭാഷണം.

കഴിഞ്ഞ ദിവസം ടിബറ്റിൽ ഉണ്ടായ ഭൂമികുലുക്കത്തിന്റെ ഇരകളായവർക്ക് പാപ്പാ തന്റെ പ്രാർത്ഥനകളും അനുശോചനവും നേർന്നു. ജൂബിലിയുടേത്, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം കൃപയുടെ വർഷമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇത്, കൃപയുടെയും, സത്യത്തിന്റെയും പൊറുക്കലിന്റെയും, സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും വർഷമായിരുന്നെങ്കിൽ എന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow