ന്യൂഓർലിയൻസ് ഭീകരാക്രമണത്തിൽ പ്രാർത്ഥനകളറിയിച്ച് പാപ്പാ
പുതുവത്സരത്തിൽ അമേരിക്കയയെയും, ലോകജനതയെയും നടുക്കിയ ആക്രമണത്തിൽഇരകളായവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ ആത്മീയ സാമീപ്യം അറിയിച്ചുകൊണ്ട് ടെലിഗ്രാം സന്ദേശമയച്ചു.
അമേരിക്കയിലെ ന്യൂ ഓർലിയൻസില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ തന്റെ അനുശോചനവും, പ്രാർത്ഥനകളും അറിയിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയ സന്ദേശം, ന്യൂ ഓർലിയൻസ് മെത്രാപ്പോലീത്ത മോൺസിഞ്ഞോർ ഗ്രിഗറി അയ്‌മോൻഡിനാണ് അയച്ചത്. ദാരുണ സംഭവത്തിൽ പതിനഞ്ചു പേർ മരണമടയുകയും, നിരവധി പേർക്ക് പരിക്കുകളേൽക്കുകയും ചെയ്തിരുന്നു.
ടെലിഗ്രാം സന്ദേശത്തിൽ, ഫ്രാൻസിസ് പാപ്പാ, നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും, ഗുരുതരമായ പരിക്കുകളേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ തന്റെ അതീവ ദുഃഖം രേഖപ്പെടുത്തി. തന്റെ ആത്മീയ സാമീപ്യം അറിയിക്കുന്നതായും, മരണപ്പെട്ടവരുടെ ആത്മാക്കളെ ദൈവീക കരുണയ്ക്ക് ഭരമേല്പിച്ചു പ്രാർത്ഥിക്കുന്നതായും അറിയിച്ചു. പരിക്കുകളേറ്റവർ എത്രയും വേഗം സുഖം പ്രാപിച്ചു സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തട്ടെയെന്നും പാപ്പാ ആശംസിച്ചു. കർത്താവിൽ, സമാധാനത്തിൻ്റെയും ശക്തിയുടെയും അടയാളമായി ഏവർക്കും തന്റെ ആശീർവാദവും പാപ്പാ നൽകി.
ഡിസംബർ 31 ന് പുലർച്ചെ 3.15 ഓടെ ഏറ്റവും തിരക്കേറിയ ഫ്രഞ്ച് തെരുവിലാണ് ആക്രമണം നടന്നത്. അഫ്ഗാനിസ്ഥാനിലെ മുൻ സൈനികനായ, അമേരിക്കൻ പൗരത്വം ഉള്ള ഒരു വ്യക്തിയാണ് ആക്രമണം നടത്തിയത്. സംഭവത്തെ ലോകനേതാക്കൾ പലരും നിശിതമായി അപലപിക്കുകയും, ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുവാൻ ആഹ്വാനം നടത്തുകയും ചെയ്തു.
What's Your Reaction?