വാനരവസൂരി രോഗികൾക്ക് പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ
ലോകമെമ്പാടും ഭീതിവിതച്ചുകൊണ്ട് പടർന്നുപിടിക്കുന്ന വാനരവസൂരി അഥവാ കുരങ്ങുപനി ബാധിതർക്ക് തന്റെ പ്രാർത്ഥനകളും, സഹായങ്ങളും ഫ്രാൻസിസ് പാപ്പാ വാഗ്ദാനം ചെയ്തു
ആഗോളതലത്തിൽ വ്യാപിക്കുന്ന വാനരവസൂരി ബാധിതർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു. ആഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി വത്തിക്കാൻ ചത്വരത്തിൽ നടത്തിയ മദ്ധ്യാഹ്നപ്രാർത്ഥയുടെ അവസാനത്തിൽ നടത്തിയ പൊതു അഭ്യർത്ഥനകളുടെ അവസരത്തിലാണ്, തന്റെ സാമീപ്യവും പ്രാർത്ഥനകളും അറിയിച്ചുകൊണ്ട് പാപ്പാ സംസാരിച്ചത്. 1970 ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് ആദ്യമായിട്ട് മനുഷ്യരിൽ വൈറസ് ബാധ കണ്ടെത്തുന്നത്. 2024 ആഗസ്റ്റ് പതിനാലിന് ലോകാരോഗ്യ സംഘടന വാനരവസൂരി അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഇപ്രകാരമായിരുന്നു:
"അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു കാരണമായ വാനരവസൂരി രോഗത്താൽ വലയുന്ന ആയിരക്കണക്കിന് സഹോദരങ്ങളോട് സഹതാപപൂർവം എന്റെ അടുപ്പം ഞാൻ പ്രകടിപ്പിക്കുന്നു. ബാധിതരായ എല്ലാവർക്കും, പ്രത്യേകമായി രോഗം ഏറ്റവും മൂർച്ഛിച്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ജനങ്ങൾക്കുവേണ്ടിയും പ്രത്യേകമായി ഞാൻ പ്രാർത്ഥിക്കുന്നു. ഈ രോഗം ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക സഭകളോടും എന്റെ അടുപ്പം ഞാൻ അറിയിക്കട്ടെ. ശാസ്ത്രസാങ്കേതികവിദ്യകളും, ചികിത്സാമാർഗ്ഗങ്ങളും പരസ്പരം പങ്കുവച്ചുകൊണ്ട് എല്ലാവർക്കും ചികിത്സ ലഭ്യമാക്കുവാൻ വിവിധ സർക്കാരുകളെയും സ്വകാര്യ വ്യവസായങ്ങളെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നു."
നിക്കരാഗ്വയിലെ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങൾക്ക് അവർക്കുള്ള തന്റെ പ്രാർത്ഥനാസഹായവും പാപ്പാ എടുത്തു പറഞ്ഞു. പരീക്ഷണസമയങ്ങളിൽ സഹായിക്കുവാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥതയും പാപ്പാ പ്രത്യേകം അഭ്യർത്ഥിച്ചു. യുദ്ധത്തിന്റെ വേദനകൾ അനുഭവിക്കുന്ന ഉക്രൈൻ, റഷ്യ, ഇസ്രായേൽ, പലസ്തീൻ, മ്യാന്മാർ എന്നീ രാജ്യങ്ങളിലെ സഹോദരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും പാപ്പാ അഭ്യർത്ഥിച്ചു. മതവിശ്വാസവും, ആരാധനയും വ്യക്തികളുടെ മൗലീക ആവശ്യമായതിനാൽ, അവയെ തടസ്സപ്പെടുത്തുവാൻ ഒരു സർക്കാരിനും അധികാരമില്ലെന്നും പാപ്പാ, റഷ്യൻ സഭകൾക്ക് ഉക്രൈനിൽ വിലക്കേർപ്പെടുത്തിയ സംഭവത്തെ ഉദ്ധരിച്ചു എടുത്തുപറഞ്ഞു
What's Your Reaction?