സഭ ദരിദ്രർക്കും ദുർബലർക്കും പ്രതീക്ഷയുടെ ഇടമാകണം: ഇന്ത്യൻ മെത്രാന്മാരോട് ഫ്രാൻസിസ് പാപ്പാ
സിനഡൽ നിർദ്ദേശങ്ങൾ പ്രാദേശികസഭകളിൽ പ്രാവർത്തികമാക്കാനും, പാവപ്പെട്ടവർക്കും ദുർബലരായ ജനവിഭാഗങ്ങൾക്കും കൂടുതൽ പ്രാധാന്യം കൊടുക്കാനും ഇന്ത്യയിലെ മെത്രാന്മാരെ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഇന്ത്യയിലെ ലത്തീൻ മെത്രാന്മാരുടെ പ്ലീനറി സമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് ദരിദ്രർക്ക് കൂടുതൽ സമീപസ്ഥമായ ഒരു സഭയായി മാറാൻ സഭാനേതൃത്വത്തോട് പാപ്പാ ആവശ്യപ്പെട്ടത്.
പാവപ്പെട്ടവരെയും ദുർബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യൻ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഒറീസയിൽ പ്ലീനറി അസംബ്ലിക്കായി ഒത്തുകൂടിയ ഇന്ത്യയിലെ ലത്തീൻ മെത്രാന്മാരുടെ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (CCBI) യ്ക്കയച്ച സന്ദേശത്തിലാണ്, സിനഡൽ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാനും ദരിദ്രർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാനും പാപ്പാ ആവശ്യപ്പെട്ടത്.
സിനഡിൽ നടന്ന പഠനങ്ങളുടെ ഭാഗമായി എടുക്കപ്പെട്ട തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പരിശ്രമങ്ങളിൽ ഇന്ത്യൻ മെത്രാൻസമിതിക്ക് പാപ്പാ തന്റെ പിന്തുണയും പ്രാർത്ഥനകളും വാഗ്ദാനം ചെയ്തു. മിഷനറി ശിഷ്യരായിരിക്കാൻ സഭാവിശ്വാസികൾക്കുള്ള വിളിയിൽ പ്രേരകഘടകമായി മാറുന്ന രീതിയിൽ സിനഡൽ തീരുമാനങ്ങൾ നടപ്പിലാക്കാൻ സഭാനേതൃത്വത്തിന് സാധിക്കട്ടെയെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ ആശംസിച്ചു. രാജ്യത്തിന് മുഴുവൻ പ്രത്യാശയുടെ അടയാളമായി തുടരാൻ ഇന്ത്യയിലെ ക്രൈസ്തവസഭയ്ക്ക് സാധിക്കുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു. മെച്ചപ്പെട്ട ഒരു ഭാവി ഏവർക്കും ഉറപ്പാക്കാനായി, പാവപ്പെട്ടവർക്കും ദുർബലർക്കുമായി തങ്ങളുടെ വാതിലുകൾ തുറന്നിടാൻ സഭയ്ക്ക് കഴിയട്ടെയെന്ന് പാപ്പാ എഴുതി.
ഇന്ത്യയിലേക്കുള്ള വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച്ബിഷപ് ലെയൊപോൾദോ ജിറെല്ലിയുടെ സാന്നിധ്യത്തിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ സംസാരിച്ച ലത്തീൻ മെത്രാൻസമിതി പ്രസിഡന്റ് കർദ്ദിനാൾ ഫിലിപേ നേരി ഫെറാവോ, രാജ്യത്ത് ക്രൈസ്തവസഭയ്ക്ക് നേരെ ഉയർന്നുവരുന്ന വെല്ലുവിളികളും, ഇന്ത്യയിലെ മതസ്വാതന്ത്ര്യവും സംബന്ധിച്ച് സംസാരിച്ചു. മതപരിവർത്തനത്തിനെതിരെയുള്ള നിയമം, ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന അസംഖ്യം ആക്രമണങ്ങൾ തുടങ്ങിയവയും മെത്രാൻസമിതി അദ്ധ്യക്ഷൻ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.
ഇന്ത്യയിലെ 132 ലത്തീൻ രൂപതകളിൽ സേവനമനുഷ്ഠിക്കുന്ന 209 മെത്രാന്മാരാണ് മുപ്പത്തിയാറാമത് പ്ലീനറി അസംബ്ലിയിൽ സംബന്ധിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമത്തേതുമായ മെത്രാൻസമിതിയാണ് ഇന്ത്യയിലേത്.
ജനുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്ച ആരംഭിച്ച പ്ലീനറി സമ്മേളനം, മൂന്ന് ദിവസത്തെ ധ്യാനത്തിന് ശേഷം ഫെബ്രുവരി നാല് ചൊവ്വാഴ്ചയാണ് അവസാനിക്കുക
What's Your Reaction?