വിശ്വാസസാക്ഷ്യവും സുവിശേഷപ്രഘോഷണവുമായി ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്ര

ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, കിഴക്കൻ തിമോർ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് ഫ്രാൻസിസ് പാപ്പാ അപ്പസ്തോലിക യാത്ര നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ, ഈ നാൽപ്പത്തിയഞ്ചാം അപ്പസ്തോലികയാത്രയുടെ പ്രത്യേകതകളും, പാപ്പാ സന്ദർശിക്കുന്ന രാജ്യങ്ങളും സംബന്ധിച്ച വിവരണം

Sep 4, 2024 - 11:46
 0  12
വിശ്വാസസാക്ഷ്യവും സുവിശേഷപ്രഘോഷണവുമായി ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്ര

ഏഷ്യ-ഓഷ്യാന പ്രദേശങ്ങളിലുള്ള ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, കിഴക്കൻ തിമോർ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്ര ആരംഭിച്ചുകഴിഞ്ഞു. സെപ്റ്റംബർ രണ്ടു മുതൽ പതിമൂന്ന് വരെ തീയതികളിലായി നടത്തുന്ന ഈ അപ്പസ്തോലിക യാത്ര ഫ്രാൻസിസ് പാപ്പായുടെ നാൽപ്പത്തിയഞ്ചാമത് വിദേശ അപ്പസ്തോലികയാത്രയാണ്. വിശ്വാസം, സാഹോദര്യം, സഹാനുഭൂതി, പ്രാർത്ഥന, വിശ്വാസസംസ്‌കാരം, ഐക്യം, പ്രത്യാശ ,തുടങ്ങി, ക്രൈസ്തവവിശ്വാസം മുന്നോട്ടുവയ്ക്കുന്ന ചില സുപ്രധാന ചിന്തകളാണ് പാപ്പായുടെ ഇത്തവണത്തെ അപ്പസ്തോലികയാത്രയിൽ മുഖ്യമായി നമുക്ക് കാണാനാകുക.

ഇത്തവണ പാപ്പാ സന്ദർശിക്കുന്ന എല്ലാ രാജ്യങ്ങളിലേക്കും ഫ്രാൻസിസ് പാപ്പായുടെ മുൻഗാമികളായ പാപ്പാമാരിൽ പലരും യാത്ര നടത്തിയിട്ടുണ്ട്. ഫ്രാൻസിസ് പാപ്പാ ഇത്തവണത്തെ അപ്പസ്തോലികയാത്രയിൽ  ആദ്യം എത്തുന്ന ഇന്തോനേഷ്യയിൽ വിശുദ്ധ പോൾ ആറാമൻ പാപ്പാ 1970-ലും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1989-ലും അപ്പസ്തോലികസന്ദർശനം നടത്തിയിട്ടുണ്ട്. ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രയുടെ ഭാഗമായ മറ്റു മൂന്ന് രാജ്യങ്ങളിലും, പാപുവ ന്യൂ ഗിനിയയിലും, കിഴക്കൻ തിമോറിലും, സിംഗപ്പൂരിലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ എത്തിയിട്ടുണ്ട്. ഇതിൽ പാപുവ ന്യൂ ഗിനിയയിൽ രണ്ടുവട്ടമാണ് അദ്ദേഹം അപ്പസ്തോലികയാത്രകളുടെ ഭാഗമായി കാലുകുത്തിയത്. 1984-ൽ പാപുവ ന്യൂ ഗിനിയയുടെ തലസ്ഥാനമായ പോർട്ട് മോറെസ്‌ബിയിലും 1995-ൽ തലസ്ഥാനത്തിന് പുറമെ മൌണ്ട് ഹാഗെനിലും. വിശുദ്ധ ജോൺ പോൾ രണ്ടാമൻ സിംഗപ്പൂർ സന്ദർശിച്ചത് 1986-ലാണ്. 1989-ൽ ഇന്തോനേഷ്യയിലും. ആ അവസരത്തിൽ പാപ്പാ അന്ന് ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയുടെ തലസ്ഥാനമായിരുന്ന ദിലിയിലും സന്ദർശനം നടത്തിയിരുന്നു.

ഇസ്ലാം മതവിശ്വാസികൾ ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയും, കത്തോലിക്കാഭൂരിപക്ഷമുള്ള കിഴക്കൻ തിമോറും അടക്കമുള്ള, മത, സാംസ്‌കാരിക വൈവിധ്യങ്ങൾ നിറഞ്ഞ നാലു രാജ്യങ്ങളാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയിൽ പാപ്പാ ഉൾപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ടു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സുദീർഘവും, എളുപ്പമല്ലാത്തതുമായ ഒരു യാത്രയാണ്, ക്രൈസ്തവരുൾപ്പെടുന്ന വിവിധ ജനതകൾക്ക് മുന്നിൽ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശത്തിന് സാക്ഷ്യം വഹിച്ചും, ലോകമാനവികതയെ അതിലേക്ക് ക്ഷണിച്ചും കൊണ്ട് പാപ്പാ നടത്തുന്നത്. പതിവുപോലെ ഇത്തവണയും അപ്പസ്തോലികയാത്രയെ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യത്തിന് സമർപ്പിക്കാനായി, സെപ്റ്റംബർ ഒന്നാം തീയതി റോമിലെ മേരി മേജർ ബസലിക്കയിലെത്തി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിച്ചിരുന്നു.

ഇന്തോനേഷ്യ

മുസ്ലിം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയിലേക്കാണ് തന്റെ നാൽപ്പത്തിയഞ്ചാം അപ്പസ്തോലികയാത്രയുടെ ആദ്യപാദത്തിൽ പാപ്പാ എത്തിയത്. സെപ്റ്റംബർ രണ്ടാം തീയതി വൈകുന്നേരം നാല് നാൽപ്പതിന്, ഇന്ത്യയിലെ സമയം വൈകിട്ട് എട്ട് പത്തിന്, വത്തിക്കാനിലെ സാന്താ മാർത്താ ഭവനത്തിൽനിന്ന് പുറപ്പെട്ട്, റോമിലെ ഫ്യുമിച്ചീനോയിലുള്ള ലെയൊണാർഡോ ഡാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തിയ പാപ്പാ അവിടെനിന്ന് vaikunneram അഞ്ചേകാലിന് ഇൻഡോനേഷ്യയിലെ ജാക്കർത്തായിലേക്ക് യാത്രയായി. പതിമൂന്ന് മണിക്കൂറുക ൾ നീണ്ട ഈ യാത്രയിൽ, പതിനൊന്നായിരത്തിമുന്നോട്ടു അൻപത്തിനാല് കിലോമീറ്ററുകൾ താണ്ടി, സെപ്റ്റംബർ മൂന്ന് രാവിലെ പതിനൊന്നരയോടെ, ഇന്ത്യൻ സമയം രാവിലെ പത്തുമണിയോടെ, പാപ്പാ ഏഷ്യൻ മണ്ണിൽ, ജാക്കാർത്തയിൽ  വിമാനമിറങ്ങി.

ഏതാണ്ട് ഇരുപത്തിയെട്ട് കോടിയോളം ജനങ്ങൾ അധിവസിക്കുന്ന ഇന്തോനേഷ്യയിൽ എൺപത് ലക്ഷത്തോളം കത്തോലിക്കർ ഉണ്ട്. രാജ്യത്തെ ജനസംഖ്യയുടെ ഏതാണ്ട് 3.1 ശതമാനത്തോളം വരുമിത്. രാജ്യത്ത് അതിരൂപതകളും രൂപതകളുമായി മുപ്പത്തിയൊൻപത് സഭാഘടകങ്ങളും, ആയിരത്തിനാന്നൂറ്റി അൻപതിലധികം ഇടവകകളുമുണ്ട്. ആറാം തീയതി വരെ പാപ്പാ ഇന്തോനേഷ്യയിൽ തുടരും. രാഷ്ട്രീയ, മത, സാമൂഹ്യനേതൃത്വങ്ങളുമായുള്ള കൂടിക്കാഴ്ചകൾക്ക് പുറമെ, ഇന്തോനേഷ്യയിലെ സന്ദർശനത്തിനിടെ ഫ്രാൻസിസ് പാപ്പാ സ്‌കോളാസ് ഒക്കുറെന്തിസിലെ യുവജനങ്ങളുമായി, സെപ്റ്റംബർ നാലാം തീയതി വൈകുന്നേരം ഗ്രഹ പെമുദ എന്ന യുവജങ്ങൾക്കായുള്ള ഭവനത്തിൽവച്ച് കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ അഞ്ചാം തീയതി രാവിലെ ഒൻപത് മണിയോടെ ജാക്കാർത്തയിലെ ഇസ്റ്റിക്ലാൽ മോസ്കിൽ എത്തുന്ന പാപ്പാ അവിടെവച്ചുനടക്കുന്ന മതാന്തരസമ്മേളനത്തിൽ പങ്കെടുക്കുമെന്ന ഒരു പ്രത്യേകതകൂടി ഇന്തോനേഷ്യയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രയ്ക്കുണ്ട്. മതാന്തരസമ്മേളനത്തെത്തുടർന്ന് ഇൻഡോനേഷ്യയിലെ മെത്രാൻസമിതിയുടെ കേന്ദ്രത്തിൽവച്ച്, കാരുണ്യസേവനസമിതികളുടെ സേവനങ്ങൾ ഏറ്റുവാങ്ങുന്ന ആളുകൾക്കും പാപ്പാ കൂടിക്കാഴ്ച അനുവദിക്കും.

പാപുവ ന്യൂ ഗിനിയ

ഇന്തോനേഷ്യയിലെ അപ്പസ്തോലികയാത്രയുടെ അവസാനം, സെപ്റ്റംബർ ആറാം തീയതി രാവിലെ ഒൻപതേമുക്കാലോടെ പാപ്പാ ഏഷ്യയിൽനിന്ന് ഓഷ്യാനയിലെ പാപുവ ന്യൂ ഗിനിയയുടെ തലസ്ഥാനമായ പോർട്ട് മോറെസ്‌ബിയിലേക്ക് യാത്രയാകും. ജാക്കാർത്തയിൽനിന്ന് നാലായിരത്തിഅറുന്നൂറ്റിത്തൊണ്ണൂറ്റിമൂന്ന് കിലോമീറ്ററുകൾ യാത്ര ചെയ്‌ത്‌, പ്രാദേശികസമയം വൈകുന്നേരം ആറ് അൻപതോടെ, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് രണ്ട് ഇരുപതോടെ, പാപ്പാ പോർട്ട് മോറെസ്‌ബിയിലെ ജാക്‌സൺസ് അന്താരാഷ്ട്രവിമാനത്താവളത്തിലെത്തും. രാജ്യത്ത് ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷത്തിലധികം കത്തോലിക്കർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മുപ്പതിലധികം ശതമാനത്തോളം ആളുകൾ കത്തോലിക്കാരാണ്. രാജ്യത്ത് അതിരൂപതകളും രൂപതകളുമായി പത്തൊൻപത് സഭാഘടകങ്ങളും, നാന്നൂറ്റിഅറുപത്തിരണ്ടോളം ഇടവകകളുമുണ്ട്. സെപ്റ്റംബർ ആറാം തീയതി മുതൽ ഒൻപതാം തീയതി വരെ പാപുവ ന്യൂ ഗിനിയയിൽ തുടരുന്ന പാപ്പാ പോർട്ട് മോറെസ്‌ബിക്ക് പുറമെ, തലസ്ഥാനത്തുനിന്ന് തൊള്ളായിരത്തിത്തൊണ്ണൂറ്റിയൊന്ന് കിലോമീറ്ററുകൾ അകലെയുള്ള വാനിമോയും തന്റെ അപ്പസ്തോലികയാത്രയുടെ ഭാഗമായി സന്ദർശിക്കും. രാഷ്ട്രീയ, മത, സാമൂഹ്യനേതൃത്വങ്ങളുമായുള്ള കൂടിക്കാഴ്ചകൾക്ക് പുറമെ, പാപുവ ന്യൂ ഗിനിയയിലെ സന്ദർശനത്തിനിടെ ഫ്രാൻസിസ് പാപ്പാ സെപ്റ്റംബർ ഏഴാം തീയതി വൈകുന്നേരം അഞ്ചുമണിക്ക്, കാരിത്താസ് ടെക്നിക്കൽ സെക്കണ്ടറി സ്കൂളിൽവച്ച്, സ്ട്രീറ്റ് മിനിസ്ട്രിയുടെയും കല്ലൻ സേവനവിഭാഗത്തിന്റെയും കീഴിലുള്ള കുട്ടികൾക്ക് കൂടിക്കാഴ്ച അനുവദിക്കും.

കിഴക്കൻ തിമോർ

പാപുവ ന്യൂ ഗിനിയയിലെ അപ്പസ്തോലിക യാത്രയുടെ അവസാനം, സെപ്റ്റംബർ ഒൻപതാം തീയതി രാവിലെ പതിനൊന്ന് നാൽപ്പതിന് ഫ്രാൻസിസ് പാപ്പാ കിഴക്കൻ തിമോറിന്റെ തലസ്ഥാനമായ ദിലിയിലേക്ക് പുറപ്പെടുകയും, പ്രാദേശികസമയം ഉച്ചകഴിഞ്ഞ് രണ്ട് പത്തോടെ, ഇന്ത്യയിലെ സമയം രാവിലെ പത്ത് നാൽപ്പതോടെ, എത്തുകയും ചെയ്യും. ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറ്റിഎഴുപത്തിയെട്ട് കിലോമീറ്ററുകൾ ദൈർഘ്യമുള്ള ഈ യാത്ര മൂന്നര മണിക്കൂറുകൾകൊണ്ടാണ് പാപ്പാ തരണം ചെയ്യുക. മുപ്പതു ശതമാനത്തോളം കത്തോലിക്കരുള്ള പാപുവ ന്യൂ ഗിനിയയിൽനിന്ന് പുറപ്പെടുന്ന പാപ്പായെത്തുന്നത് ജനസംഖ്യയുടെ തൊണ്ണൂറ്റിയാറുശതമാനത്തിലധികം കത്തോലിക്കരുള്ള ഈ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്താണ്. ഇവിടുത്തെ കത്തോലിക്കരുടെ എണ്ണം ഏതാണ്ട് പതിനാല് ലക്ഷത്തോളം വരും. രാജ്യത്ത് അതിരൂപതകളും രൂപതകളുമായി മൂന്ന് സഭാഘടകങ്ങളും, അറുപത്തിയാറ് ഇടവകകളുമുണ്ട്. രാഷ്ട്രീയ, മത, സാമൂഹ്യനേതൃത്വങ്ങളുമായുള്ള കൂടിക്കാഴ്ചകൾക്ക് പുറമെ, കിഴക്കൻ തിമോറിലെ സന്ദർശനത്തിനിടെ ഫ്രാൻസിസ് പാപ്പാ സെപ്റ്റംബർ ഒൻപതാം തീയതി തീയതി രാവിലെ ഒൻപതേമുക്കാലിന്, സർ ജോൺ ഗൈസ്‌ സ്റ്റേഡിയത്തിൽ വച്ച് രാജ്യത്തെ യുവജനങ്ങൾക്ക് പൊതു കൂടിക്കാഴ്ച അനുവദിക്കും.

സിംഗപ്പൂർ

കിഴക്കൻ തിമോറിലെ സന്ദർശനം സെപ്റ്റംബർ പതിനൊന്നിന് അവസാനിക്കുന്നതോടെ, രാവിലെ പതിനൊന്ന് പതിനഞ്ചിന്, ദിലിയിലുള്ള പ്രെസിഡന്റ് നിക്കോളാവ് ലൊബാത്തോ അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് ഫ്രാൻസിസ് പാപ്പാ സിംഗപ്പൂരിലേക്ക് യാത്രപുറപ്പെടും. രണ്ടായിരത്തി അറുന്നൂറ്റി നാൽപ്പതോളം കിലോമീറ്ററുകൾ നാലു മണിക്കൂറുകൾ കൊണ്ട് താണ്ടി, ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ, ഇന്ത്യയിലെ സമയം രാവിലെ പതിനൊന്നേമുക്കാലോടെ, പാപ്പാ ഏഷ്യൻ രാജ്യമായ സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലെത്തും. സിംഗപ്പൂരിലെ ഏതാണ്ട് അൻപത്തിയാറു ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ മൂന്നര ശതമാനം മാത്രമാണ് കത്തോലിക്കർ. കണക്കുകൾ പ്രകാരം, ഏതാണ്ട് ഒന്നേമുക്കാൽ ലക്ഷത്തോളം കത്തോലിക്കാരാണ് സിംഗപ്പൂരിലുള്ളത്. സിംഗപ്പൂർ അതിരൂപതയുടെ കീഴിൽ ഇരുപത്തിയൊൻപത് ഇടവകകൾ രാജ്യത്തുണ്ട്. രാജ്യത്തെ രാഷ്ട്രീയ, സാമൂഹ്യനേതൃത്വങ്ങളുമായുള്ള കണ്ടുമുട്ടലുകൾക്ക് പുറമെ, തന്റെ അപ്പസ്തോലികയാത്രയുടെ അവസാനദിനമായ പതിമൂന്നാം തീയതി രാവിലെ ഒൻപതേകാലിന് വിശുദ്ധ തെരേസയുടെ നാമധേയത്തിലുള്ള ഭവനത്തിൽവച്ച് പാപ്പാ വയോധികരെയും രോഗികളെയും കണ്ടുമുട്ടും.

തിരികെ വത്തിക്കാനിലേക്ക്

സെപ്റ്റംബർ രണ്ടിന് ആരംഭിച്ച ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാം അന്താരാഷ്ട്ര അപ്പസ്തോലികയാത്ര സെപ്റ്റംബർ പതിമൂന്നിനാണ് അവസാനിക്കുന്നത്. അന്നേദിവസം പ്രാദേശികസമയം രാവിലെ പതിനൊന്ന് അൻപതിന്, ഇന്ത്യയിലെ സമയം രാവിലെ ഒൻപത് ഇരുപതിന് സിംഗപ്പൂരിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് യാത്രപുറപ്പെടുന്ന പാപ്പാ, വൈകുന്നേരം ആറ് ഇരുപത്തിയഞ്ചോടെ, ഇന്ത്യയിൽ വൈകിട്ട് ഒൻപത് അൻപത്തഞ്ചോടെ, റോമിലുള്ള ഫ്യുമിച്ചീനോയിലെ ലെയൊണാർഡോ ഡാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തുകയും തുടർന്ന് അവിടെനിന്ന് ഏതാണ്ട് ഇരുപത്തിയൊൻപത് കിലോമീറ്ററുകൾ അകലെയുള്ള വത്തിക്കാനിലേക്ക് പുറപ്പെടുകയും ചെയ്യും. സുദീർഘവും ആയാസമേറിയതുമായ ഒരു അപ്പസ്തോലികയാത്രയാണ് ഫ്രാൻസിസ് പാപ്പാ ഇത്തവണ നടത്തുന്നത്. ലോകത്തിന്റെ വിവിധയിടങ്ങളിൽ, മത, സാമൂഹിക, രാഷ്ട്രീയ വൈരങ്ങൾ മൂലം സായുധസംഘർഷങ്ങളും, യുദ്ധങ്ങളും അരങ്ങേറുന്ന ഒരു സമയത്താണ്, ക്രൈസ്തവവിശ്വാസത്തിന്റെയും, കത്തോലിക്കാസഭാഐക്യത്തിന്റെയും, അവ ആവശ്യപ്പെടുന്ന മാനവസഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സാക്ഷ്യമേകി, ഫ്രാൻസിസ് പാപ്പാ തന്റെ അപ്പസ്തോലികയാത്ര നടത്തുന്നത്. പത്രോസിന്റെ പിൻഗാമിയുടെ, വലിയ ഇടയന്റെ ഈ യാത്ര, ദൈവസ്നേഹത്തിന്റെയും സുവിശേഷത്തിന്റെയും സഹോദര്യത്തിലേക്കുള്ള മാനവികതയുടെ വിളിയുടെയും പ്രഘോഷണമായി മാറട്ടെ.

What's Your Reaction?

like

dislike

love

funny

angry

sad

wow