ലോകത്തിൽ പ്രത്യാശയുടെ അരൂപി നവീകരിക്കപ്പെടണം, പാപ്പാ

അനീതികളെയും സാമൂഹ്യസാമ്പത്തികപാരിസ്ഥിതിക വെല്ലുവിളികളെയും നേരിടുന്നതിന് ഇതുവരെ നടത്തിയിട്ടുള്ള എല്ലാ പരിശ്രമങ്ങൾക്കും നേരെ വലിയ ഭീഷണി ഉയർത്തുന്നതാണ് ഇന്നത്തെ പ്രതിസന്ധികൾ എന്ന് പാപ്പാ.

Aug 25, 2024 - 13:09
 0  4
ലോകത്തിൽ പ്രത്യാശയുടെ അരൂപി നവീകരിക്കപ്പെടണം, പാപ്പാ

അനീതികളെയും സാമൂഹ്യസാമ്പത്തികപാരിസ്ഥിതിക വെല്ലുവിളികളെയും നേരിടുന്നതിന് ഇതുവരെ നടത്തിയിട്ടുള്ള എല്ലാ പരിശ്രമങ്ങൾക്കും നേരെ വലിയ ഭീഷണി ഉയർത്തുന്നതാണ് ഇന്നത്തെ പ്രതിസന്ധികൾ എന്ന് പാപ്പാ.

കത്തോലിക്കരായ നിയമനിർമ്മാതാക്കളുടെ അന്താരാഷ്ട്ര ശൃംഖലയുടെ (International Catholic Legislator Network) പതിനഞ്ചാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നവരടങ്ങിയ നൂറ്റിയെഴുപതോളം പേരുടെ ഒരു സംഘത്തെ ശനിയാഴ്ച (24/08/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

“ലോകം യുദ്ധത്തിൽ: സ്ഥിരമായ പ്രതിസന്ധികളും സംഘർഷങ്ങളും- നമ്മെ സംബന്ധിച്ചിടത്തോളം ഇതിൻറെ പൊരുളെന്താണ്?” എന്ന വിചിന്തന പ്രമേയം ഈ ശൃഖലയുടെ വാർഷിക സമ്മേളനം സ്വീകരിച്ചരിക്കുന്നത് തദ്ദവസരത്തിൽ അനുസ്മരിച്ച പാപ്പാ തുണ്ടുയുദ്ധങ്ങളുടെ രൂപത്തിൽ നടക്കുന്ന മൂന്നാം ലോകയുദ്ധമെന്ന പ്രതിസന്ധി ഇല്ലാതാക്കുന്നതിനുള്ള വഴികളെക്കുറിച്ച് സൂചിപ്പിച്ചു.

സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിനും നീതി സംസ്ഥാപിക്കുന്നതിനുമുള്ള മാർഗ്ഗം യുദ്ധമല്ല എന്ന ബോധ്യം പുലർത്തിക്കൊണ്ട് അത് വർജ്ജിക്കുന്നതിനായി പരിശ്രമിക്കുകയെന്നത് ഈ വഴികളിൽ  ആദ്യത്തെതായി പാപ്പാ അവതരിപ്പിച്ചു. യുദ്ധം എന്നും ലോകത്തെ കൂടുതൽ മോശമായ അവസ്ഥയിലേക്കു തള്ളിയിടുകയാണ് ചെയ്യുകയെന്നു പാപ്പാ പറഞ്ഞു.

കൂടിയാലോചനകളിലും ചർച്ചകളിലും മാദ്ധ്യസ്ഥ്യശ്രമങ്ങളിലും പുലർത്തേണ്ട സ്ഥൈര്യവും ക്ഷമയുമാണ് രണ്ടാമത്തെ മാർഗ്ഗമായി പാപ്പാ നിർദ്ദേശിച്ചത്. മൂന്നാമതായി പാപ്പാ അവതരിപ്പിച്ചത് പ്രത്യാശാരൂപിയുടെ നവീകരണമാണ്. യുദ്ധം ഗ്രസിച്ചിരിക്കുന്ന ലോകത്തിനു മുന്നിൽ, വിശിഷ്യ, പുതിയ തലമുറയ്ക്കു മുന്നിൽ പ്രത്യാശയുടെ സാക്ഷികളായിരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. പലപ്പോഴും അശുഭാപ്തിവിശ്വാസത്തിൻറെയും ദോഷാനുദർശനത്തിൻറെയും സന്ദേശങ്ങളുടെ പിടിക്കുള്ളിലാകുന്ന യുവതയ്ക്ക്മുന്നിൽ പ്രത്യാശയുടെ മാതൃകകൾ തെളിയേണ്ടത് സുപ്രധാനമാണെന്ന് പാപ്പാ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow