സ്പെയിനിലെ വ്യാകുലമാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിനു ഔദ്യോഗിക അംഗീകാരം നൽകി വിശ്വാസതിരുസംഘം
സ്‌പെയിനിലെ മേരീദാ- ബദാഹോസ് അതിരൂപതയുടെ ആർച്ചുബിഷപ്പ് ഹോസെ റോഡ്രിഗെസ് കർബാല്ലോ, ഷൻതവിലയിലുള്ള വ്യാകുല മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ, നിലനിൽക്കുന്ന ഭക്തിക്ക് തടസങ്ങളൊന്നുമില്ലെന്നു പ്രഖ്യാപിക്കുവാൻ വത്തിക്കാൻ
സ്പെയിനിലെ മേരീദാ- ബദാഹോസ് അതിരൂപതയുടെ ആർച്ചുബിഷപ്പ് ഹോസെ റോഡ്രിഗെസ് കർബാല്ലോ, ഷൻതവിലയിലുള്ള വ്യാകുല മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ, നിലനിൽക്കുന്ന ഭക്തിക്ക് തടസങ്ങളൊന്നുമില്ലെന്നു പ്രഖ്യാപിക്കുവാൻ വത്തിക്കാൻ വിശ്വാസ തിരുസംഘത്തിനു നൽകിയ അഭ്യർത്ഥന അംഗീകരിച്ചുകൊണ്ട്, വത്തിക്കാൻ രേഖ പുറപ്പെടുവിച്ചു. വിശ്വാസതിരുസംഘ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസാണ്, ഫ്രാൻസിസ് പാപ്പായുടെ അംഗീകാരത്തോടെ ആഗസ്റ്റ് മാസം ഇരുപത്തിരണ്ടാം തീയതി രേഖ പ്രസിദ്ധീകരിച്ചത്.
ലളിതവും, നിരവധി തീർത്ഥാടകർക്ക് അഭയകേന്ദ്രമായി നിലകൊള്ളുന്നതുമായ ഷൻതവില മാതാവിന്റെ തീർത്ഥാടനകേന്ദ്രം ഇനിയും ധാരാളം ആളുകൾക്ക് ആന്തരിക സമാധാനത്തിനും, ആശ്വാസത്തിനും, മാനസാന്തരത്തിനും സഹായകരമാകട്ടെയെന്നു ഡിക്കസ്റ്ററിയുടെ രേഖയിൽ പ്രതിപാദിക്കുന്നു.
പോർച്ചുഗലുമായി അതിർത്തി പങ്കിടുന്ന ഷൻതവില തീർത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇടത്ത്, 1945 ൽ രണ്ടു യുവജനങ്ങൾക്ക് വ്യാകുലമാതാവ് ദർശനം നല്കിയെന്നുള്ളതാണ് വിശ്വാസം. അമാനുഷിക ആധികാരികത ഡിക്കസ്റ്ററി ഉറപ്പിക്കുന്നില്ലെങ്കിൽ പോലും പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൻ്റെ പല അടയാളങ്ങളും അംഗീകരിക്കുന്നു. അജപാലനശുശ്രൂഷയ്ക്കും, മറ്റു ആത്‌മീയ ഭക്തകൃത്യങ്ങൾക്കും ആവശ്യമായവ ചെയ്യുവാൻ രൂപതയുടെ മെത്രാനെ പ്രത്യേകമായി രേഖയിൽ ഓർമ്മിപ്പിക്കുന്നുമുണ്ട്.
ദർശനം ലഭിച്ച മർസെല്ലിനായും, ആഫ്രയും തുടർന്ന് ജീവിതത്തിൽ പാലിച്ച ലാളിത്യവും, നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളും അതുവഴിയായി പരിശുദ്ധ അമ്മയുടെ സ്നേഹവും, ആർദ്രതയും വേദനിക്കുന്നവർക്ക് സമ്മാനിക്കുവാൻ കാണിച്ച ഹൃദയവിശാലതയും ഏറെ പ്രധാനപ്പെട്ടതാണെന്നും രേഖയിൽ വത്തിക്കാൻ വെളിപ്പെടുത്തുന്നു. ഈ സ്ഥലത്ത് സംഭവിക്കുന്ന പരിവർത്തനങ്ങളിലും രോഗശാന്തികളിലും മറ്റ് വിലയേറിയ അടയാളങ്ങളിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളുടെ തെളിവുകളും വത്തിക്കാൻ അടിവരയിടുന്നു.
What's Your Reaction?