പാപ്പാ:ക്രിസ്തുവിൻറെ പരിമളമാകുക, ക്രിസ്ത്യാനിയുടെ മഹത്തായ വിളി

ഈ ബുധനാഴ്ച (21/08/24) ഫ്രാൻസീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടി പുനരാരംഭിച്ചു.

Aug 22, 2024 - 12:36
 0  4
പാപ്പാ:ക്രിസ്തുവിൻറെ പരിമളമാകുക, ക്രിസ്ത്യാനിയുടെ മഹത്തായ വിളി

ഈ ബുധനാഴ്ച (21/08/24) ഫ്രാൻസീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടി പുനരാരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനിൽ പൊതു അവധിയായിരുന്നതിനാൽ പൊതുകൂടിക്കാഴ്ച ഉണ്ടായിരുന്നില്ല. പൊതുദർശന വേദി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അടുത്തുള്ള അതിവിശാലമായ ശീതീകരിച്ച പോൾ ആറാമൻ ശാലയായിരുന്നു. മലയാളികളുൾപ്പടെ വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ശാലയിൽ സന്നിഹിതരായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ ശാലയിൽ പ്രവേശിച്ച പാപ്പായ്ക്ക് ജനസഞ്ചയം എഴുന്നേറ്റു നിന്ന്  കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും അഭിവാദ്യമർപ്പിച്ചു. റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പാപ്പാ പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

പത്രോസ് അവരോട് സംസാരിച്ചു തുടങ്ങി:... യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിനു ശേഷം ഗലീലിയിൽ ആരംഭിച്ച് യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളതാണല്ലോ. നസ്രായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവൻ എപ്രകാരം നന്മ പ്രവർത്തിച്ചുകൊണ്ടും പിശാചിനാൽ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങൾക്കറിയാം. ദൈവം അവനോടുകൂടെയുണ്ടായിരുന്നു” (അപ്പൊസ്തോലപ്രവർത്തനങ്ങൾ, 10,34.37-38).

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പരിശുദ്ധാരൂപിയെ അധികരിച്ച് നടത്തിപ്പോന്നിരുന്ന പ്രബോധന പരമ്പര തുടർന്നു. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയം വിചിന്തനത്തിനായി സ്വീകരിച്ചിരിക്കുന്ന പാപ്പാ, യേശുവിൻറെ മാമ്മോദീസാ വേളയിൽ സന്നിഹിതനായ പരിശുദ്ധാരൂപിയെക്കുറിച്ചാണ് ഇത്തണ വിചിന്തനം ചെയ്തത്. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:

യേശുവിൻറെ മാമ്മോദീസായും പരിശുദ്ധാത്മാഗമനവും

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!       

ജോർദ്ദാനിലെ മാമ്മോദീസാവേളയിൽ യേശുവിൻറെ മേൽ ഇറങ്ങി വരുകയും അവനിൽ നിന്ന് സഭയാകുന്ന അവൻറെ ശരീരത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന പരിശുദ്ധാരൂപിയെക്കുറിച്ച് ഇന്ന് നമുക്ക് വിചിന്തനം ചെയ്യാം. യേശുവിൻറെ സ്നാനത്തിൻറെ രംഗം മർക്കോസിൻറെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്: "അക്കാലത്ത്, യേശു ഗലീലിയിലെ നസ്രത്തിൽ നിന്നു വന്ന് ജോർദ്ദാനിൽവച്ച് യോഹന്നാനിൽ നിന്നു സ്നാനം സ്വീകരിച്ചു. വെള്ളത്തിൽ നിന്ന് കയറുമ്പോൾ പെട്ടെന്ന് ആകാശം പിളരുന്നതും ആത്മാവ് പ്രാവിൻറെ രൂപത്തിൽ തൻറെ മേൽ ഇറങ്ങിവരുന്നതും അവൻ കണ്ടു. അപ്പോൾ സ്വർഗ്ഗത്തിൽ നിന്ന് ഒരു സ്വരമുണ്ടായി: നീ എൻറെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” (മർക്കോസ് 1,911).

ത്രിത്വത്തിൻറെ സാന്നിധ്യം

ആ സമയത്ത്, ജോർദ്ദാൻറെ തീരത്ത് സമ്പൂർണ്ണ ത്രിത്വം സന്നിഹിതമാകുകയായിരുന്നു! സ്വരം കൊണ്ട് സാന്നിധ്യമറിയിക്കുന്ന പിതാവ്; പ്രാവിൻറെ രൂപത്തിൽ യേശുവിൻറെ മേൽ ഇറങ്ങിവരുന്ന പരിശുദ്ധാത്മാവ്, പിതാവ് തൻറെ പ്രിയപുത്രനായി പ്രഖ്യാപിക്കുന്ന ആളുമുണ്ട്. ഇത് വെളിപാടിൻറെയും പരിത്രാണ ചരിത്രത്തിൻറെയും വളരെ പ്രധാനപ്പെട്ട ഒരു മുഹൂർത്തമാണ്. ഈ സുവിശേഷഭാഗം ആവർത്തിച്ചു വായിക്കുക നമുക്കു ഗുണകരമാണ്.

യേശുവിൻറെ സ്നാനത്തിൻറെ സത്ത

യേശുവിൻറെ സ്നാനത്തെക്കുറിച്ച് വിവരിക്കാൻ എല്ലാ സുവിശേഷകാരന്മാരെയും പ്രേരിപ്പിക്കത്തക്കതയായി അത്രമാത്രം പ്രധാനപ്പെട്ട എന്താണ് അതിൽ  സംഭവിച്ചത്? അതിനുള്ള ഉത്തരം, ജോർദ്ദാൻ സംഭവത്തിന് അല്പ സമയത്തിനു ശേഷം അതെക്കുറിച്ച് സുവ്യക്തമായി പരാമർശിച്ചുകൊണ്ട് നസ്രത്തിലെ സിനഗോഗിൽ വച്ച് യേശു പറയുന്ന, വാക്കുകളിൽ നമുക്കു കാണാം: "കർത്താവിൻറെ ആത്മാവ് എൻറെ മേൽ ഉണ്ട്; അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു” (ലൂക്കാ 4:18).

പരിശുദ്ധാത്മാഭിഷേകം

ജോർദാനിൽ വച്ച് പിതാവായ ദൈവം യേശുവിനെ "പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തു", അതായത്, പിതാവ് യേശുവിനെ രാജാവായും പ്രവാചകനായും പുരോഹിതനായും അഭിഷേചിച്ചു. വാസ്തവത്തിൽ, പഴയനിയമത്തിൽ രാജാക്കന്മാരും പ്രവാചകന്മാരും പുരോഹിതന്മാരും സുഗന്ധതൈലത്താൽ അഭിഷേകം ചെയ്യപ്പെട്ടിരുന്നു. ക്രിസ്തുവിൻറെ കാര്യത്തിൽ, ഭൗതിക എണ്ണയ്ക്ക് പകരം, പരിശുദ്ധാത്മാവ് എന്ന ആത്മീയ തൈലമുണ്ട്, പ്രതീകത്തിൻറെ സ്ഥാനത്താകട്ടെ യാഥാർത്ഥ്യമുണ്ട്.

കസ്തുവിനെ അനുഗമിക്കാൻ അഭിഷിക്തരായവർ

തൻറെ മനുഷ്യാവതാരത്തിൻറെ ആദ്യ നിമിഷം മുതൽ യേശു പരിശുദ്ധാത്മപൂരിതനായിരുന്നു. എന്നാലത്, സംവേദനക്ഷമമല്ലാത്ത ഒരു "വ്യക്തിഗത കൃപ" ആയിരുന്നു; എന്നാലിപ്പോൾ, തൻറെ ദൗത്യനിർവ്വഹണത്തിനായി ആത്മാവിൻറെ ദാനത്തിൻറെ പൂർണ്ണത അവന് ലഭിക്കുന്നു, അത് ശിരസ്സെന്ന നിലയിൽ അവൻ സഭയാകുന്ന തൻറെ ഗാത്രത്തിന് പകർന്നുനല്കും. ഇക്കാരണത്താൽ, സഭ പുതിയ "രാജകീയ, പ്രവാചക, പുരോഹിത ജനം" ആണ്. യേശുവിനെ പരാമർശിക്കുന്ന,  “മിശിഹാ” എന്ന ഹീബ്രു പദവും തത്തുല്യ ഗ്രീക്ക് പദമായ “ക്രിസ്തു”വും അർത്ഥമാക്കുന്നത് “അഭിഷിക്തൻ” എന്നാണ്. "ക്രിസ്ത്യാനികൾ" എന്ന നമ്മുടെ പേര് തന്നെ "ക്രിസ്ത്വാനുകരണത്തിനായി അഭിഷിക്തരായവർ" എന്ന അക്ഷരാർത്ഥത്തിലാണ് പിതാക്കന്മാർ വിശദീകരിക്കുക.

പരിശുദ്ധാരൂപിയാകുന്ന പരിമള തൈലം 

മഹാപുരോഹിതനായ അഹറോൻറെ ശിരസ്സിൽ ഒഴിച്ചതും അവൻറെ അങ്കിയുടെ കഴുത്തുപട്ടവരെ വ്യാപിക്കുന്നതുമായ സുഗന്ധതൈലത്തെക്കുറിച്ച് പറയുന്ന ഒരു സങ്കീർത്തനം ബൈബിളിലുണ്ട് (സങ്കീർത്തനം 133,2 കാണുക). സഹോദരങ്ങളെപ്പോലെ ഒരുമിച്ച് ജീവിക്കുന്നതിൻറെ സന്തോഷം വിവരിക്കാൻ ഉപയോഗിച്ച ഈ കാവ്യാത്മക ചിത്രം ക്രിസ്തുവിലും സഭയിലും ആത്മീയവും നിഗൂഢവുമായ യാഥാർത്ഥ്യമായി പരിണമിച്ചിരിക്കുന്നു. ക്രിസ്തുവാണ് ശിരസ്സ്, നമ്മുടെ മഹാപുരോഹിതൻ, പരിശുദ്ധാത്മാവ് സുഗന്ധതൈലമാണ്, സഭയാകട്ടെ അത് പടർന്നൊഴുകുന്ന ക്രിസ്തുഗാത്രമാണ്.

പരിശുദ്ധാത്മ പ്രതീകങ്ങൾ

ബൈബിളിൽ കാറ്റിനെ പരിശുദ്ധാത്മാവിൻറെ പ്രതീകമായി അവതരിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നും അതിൽ നിന്നാണ് റൂഹാ എന്ന പേര് സ്വീകരിച്ചതെന്നും നാം കണ്ടു. എന്തുകൊണ്ടാണ് എണ്ണയും പരിശുദ്ധാത്മിൻറെ പ്രതീകമാക്കിയിരിക്കുന്നത് എന്നും ഈ പ്രതീകത്തിൽ നിന്ന് നമുക്ക് എന്ത് പ്രായോഗിക പാഠം ഉൾക്കൊള്ളാൻ കഴിയുമെന്നും നാം സ്വയം ചോദിക്കുന്നത് ഉചിതമാണ്. "ക്രിസം" എന്ന് വിളിക്കപ്പെടുന്ന തൈലം, മെത്രാൻ,  പെസഹാ വ്യാഴാഴ്ചയിലെ കുർബ്ബാനയിൽ, ആശീർവ്വദിക്കുമ്പോൾ, മാമ്മോദീസയിലും സ്ഥൈര്യലേപനത്തിലും അഭിഷേകം സ്വീകരിക്കുന്നവരെ പരാമർശിച്ച് ഇങ്ങനെ പറയുന്നു: "ഈ അഭിഷേകം അവരുടെ ഉള്ളിലേക്കു വ്യാപിക്കുകയും അവരെ വിശുദ്ധീകരിക്കുകയും ചെയ്യട്ടെ, അങ്ങനെ, ജന്മനാലുള്ള ജീർണ്ണതയിൽ നിന്ന് അവർ മോചിതരാകുകയും അവൻറെ മഹത്വത്തിൻറെ ആലയമായി സമർപ്പിതരാകുകയും വിശുദ്ധ ജീവിതത്തിൻറെ പരിമളം പരത്തുകയും ചെയ്യട്ടെ." വിശുദ്ധ പൗലോസിൻറെ കാലം വരെ പിന്നോട്ടുപോകുന്ന ഒരു പ്രയോഗമാണിത്. അദ്ദേഹം കോറിന്തോസുകാർക്ക് ഇങ്ങനെ എഴുതി: "എന്തുകൊണ്ടെന്നാൽ നാം ദൈവമുമ്പാകെ ക്രിസ്തുവിൻറെ പരിമളമാണ്" (2 കോറിന്തോസ് 2:15). അഭിഷേകം നമ്മെ സൗരഭ്യമുള്ളവരാക്കുന്നു, തൻറെ അഭിഷേകം സന്തോഷത്തോടെ ജീവിക്കുന്ന ഒരു വ്യക്തിയും സഭയെ സുഗന്ധമുള്ളതാക്കുന്നു, സമൂഹത്തെ സൗരഭ്യമുള്ളതാക്കുന്നു, ഈ ആത്മീയ പരിമളത്താൽ കുടുംബത്തെ സുഗന്ധപൂർണ്ണമാക്കുന്നു.

ക്രിസ്തുസുഗന്ധം പരത്തുന്നവരാണോ നമ്മൾ?

നിർഭാഗ്യവശാൽ, ചിലപ്പോൾ ക്രിസ്ത്യാനികൾ ക്രിസ്തുവിൻറെ പരിമളം പരത്തുന്നില്ലെന്ന് നമുക്കറിയാം, മറിച്ച് സ്വന്തം പാപത്തിൻറെ ദുർഗന്ധം വീശുന്നു. നാം ഇത് ഒരിക്കലും മറക്കരുത്: അതായത്, പാപം നമ്മെ യേശുവിൽ നിന്ന് അകറ്റുന്നു, പാപം നമ്മെ ദുഷിച്ച എണ്ണയാക്കി മാറ്റുന്നു. സാധാരണയായി കീശയിൽ നിന്ന് പിശാച് പുറത്തുരുന്നു – ഇത് നാം മറക്കുരുത് സൂക്ഷിക്കുക. എന്നിരുന്നാലും, ലോകത്തിൽ ക്രിസ്തുവിൻറെ സുഗന്ധമായിരിക്കുക എന്ന ഈ മഹത്തായ വിളി, നമ്മുടെ ചുറ്റുപാടിൽ, നമുക്ക് കഴിയുന്നിടത്തോളം, സാക്ഷാത്ക്കരിക്കാനുള്ള പ്രതിബദ്ധതയിൽ നിന്ന് ഇത് നമ്മെ വ്യതിചലിപ്പിക്കരുത്. "സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം" (ഗലാത്തിയർ 5:22) എന്നീ "ആത്മാവിൻറെ ഫലങ്ങളിൽ" നിന്ന് ക്രിസ്തുവിൻറെ സുഗന്ധം പരക്കുന്നു. ഇതു പറഞ്ഞത് പൗലോസാണ്, ഈ സദ്ഗുണങ്ങളുള്ള ഒരു വ്യക്തിയെ കണ്ടെത്തുന്നത് എത്ര മനോഹരമാണ്: സ്നേഹം, സ്നേഹമുള്ള ഒരു വ്യക്തി, സന്തോഷമുള്ള ഒരു വ്യക്തി, സമാധാനം സൃഷ്ടിക്കുന്ന ഒരു വ്യക്തി,  പിശുക്ക് കാണിക്കാത്തവനായ ഒരു മഹാമനസ്കൻ, ഉദാരൻ, എല്ലാവരേയും സ്വാഗതം ചെയ്യുന്ന, ഒരു നല്ല വ്യക്തി. ഒരു നല്ല മനുഷ്യനെ, വിശ്വസ്തനെ, സൗമ്യനായവനെ, അഹങ്കാരമില്ലാത്തവനെ കണ്ടെത്തുന്നത് സന്തോഷകരമാണ് ..., ഇത്തരം ആളുകളെ നാം കണ്ടെത്തുമ്പോൾ ആർക്കെങ്കിലും നമുക്ക് ചുറ്റും അൽപം ക്രിസ്തുവിൻറെ ആത്മാവിൻറെ സുഗന്ധം അനുഭവപ്പെടും. നാം അഭിഷിക്കരാണെന്ന, പരിശുദ്ധാരൂപിയാൽ അഭിഷിക്തരാണെന്ന അവബോധം കൂടുതലുള്ളവരായി നമ്മെ മാറ്റാൻ നമുക്കു  ആ ആത്മാവിനോട് പ്രാർത്ഥിക്കാം. നന്ദി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ- മതബോധകരുടെ ദിനം  

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. ഇറ്റാലിയൻ ഭാഷാക്കാരെ സംബോധന ചെയ്യവ്വെ പാപ്പാ വിശുദ്ധ പത്താം പീയുസിൻറെ തിരുന്നാൾദിനമായ ആഗസ്റ്റ് 21-ന് ലോകത്തിൻറെ പലഭാഗങ്ങളിലും മതബോധകരുടെ ദിനം ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു. മതബോധകരാണ് ലോകത്തിൻറെ ചിലയിടങ്ങളിൽ വിശ്വാസത്തെ പ്രഥമതഃ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പറഞ്ഞ പാപ്പാ അവർക്ക് കൃതജ്ഞതയർപ്പിക്കുകയും അവർക്ക് കർത്താവ് ധൈര്യം പ്രദാനം ചെയ്യുന്നതിനും അവർക്ക് മുന്നേറാൻ കഴിയുന്നതിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.  യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ വിശുദ്ധ പത്താം പീയൂസിൻറെ മാതൃക പിൻചെന്നുകൊണ്ട്  ക്രിസ്തുവചന ശ്രവണവും സൽപ്രവർത്തികളിലൂടെയുള്ള സാക്ഷ്യവും വഴി അവിടത്തോട് ചേർന്നുനില്ക്കാൻ അവർക്ക് പ്രചോദനം പകർന്നു.

യുദ്ധവേദികളെ അനുസ്മരിച്ചും സമാധാനത്തിനായി പ്രാർത്ഥിച്ചും

ഏറെ യാതനകളിലൂടെ കടന്നു പോകുന്ന സംഘർഷവേദിയായ ഉക്രൈയിനെയും അതുപോലെതന്നെ മ്യാൻമർ, ദക്ഷിണ സുഡാൻ, ഉത്തര കിവു എന്നിവിടങ്ങളെയും പലസ്തീനെയും ഇസ്രായേലിനെയും യുദ്ധവേദികളായ ഇതര രാജ്യങ്ങളെയും നാം മറക്കരുതെന്ന് പറഞ്ഞ പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും അവിടങ്ങളിൽ സമാധാനം പുലരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.തദ്ദനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow