വിസ്മയവും കൃതജ്ഞതയും: ദിവ്യകാരുണ്യം നമ്മിലുണർത്തേണ്ട വികാരങ്ങൾ, പാപ്പാ

കടുത്ത ചൂടിന് അല്പം ഒരു ശമനം അനുഭവപ്പെട്ട ഒരു ദിനമായിരുന്നു റോമിൽ ആഗസ്റ്റ 18, ഞായറാഴ്ച.

Aug 20, 2024 - 12:33
 0  7
വിസ്മയവും കൃതജ്ഞതയും: ദിവ്യകാരുണ്യം നമ്മിലുണർത്തേണ്ട വികാരങ്ങൾ, പാപ്പാ

കടുത്ത ചൂടിന് അല്പം ഒരു ശമനം അനുഭവപ്പെട്ട ഒരു ദിനമായിരുന്നു റോമിൽ ആഗസ്റ്റ 18, ഞായറാഴ്ച. റോമിൻറെ ചില ഭാഗങ്ങളിൽ ചെറിയൊരു മഴയും ലഭിച്ചു. ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഈ ഞായറാഴ്ചയും ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (18/08/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം ആറാം അദ്ധ്യായം, 51-58 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 6:41-51) അതായത്, താൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന അപ്പമാണെന്നും ഈ അപ്പം ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കുമെന്നുമുള്ള യേശുവിൻറെ പ്രഖ്യാപനത്തെക്കുറിച്ച്  യഹൂദർക്കിടയിൽ തർക്കമുണ്ടാകുന്നതും തൻറെ പ്രഖ്യാപനത്തിനുള്ള വിശദീകരണം യേശു നൽകുന്നതുമായ സുവിശേഷസംഭവം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ പങ്കുവച്ച ചിന്തകൾ:

സ്വർഗ്ഗീയ ഭോജ്യം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

“സ്വർഗ്ഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്”  (യോഹന്നാൻ 6.51)   എന്ന് ലാളിത്യത്തോടെ പ്രഖ്യാപിക്കുന്ന യേശുവിനെക്കുറിച്ചാണ് ഇന്ന് സുവിശേഷം നമ്മോട് പറയുന്നത്. ജനക്കൂട്ടത്തിന് മുന്നിൽ, ദൈവപുത്രൻ ഏറ്റവും സാധാരണ അനുദിന ആഹാരമായ അപ്പമായി സ്വയം താദാത്മ്യപ്പെടുത്തുന്നു: "ഞാൻ അപ്പമാകുന്നു". ശ്രോതാക്കൾക്കിടയിൽ ചിലർ അതിനെക്കുറിച്ച് തർക്കിക്കുന്നു (യോഹന്നായൻ 6,52 കാണുക): യേശു എങ്ങനെ സ്വന്തം ശരീരം ഭക്ഷിക്കാൻ തരും? ഇന്ന് നമ്മളും ഈ ചോദ്യം ഉന്നയിക്കുന്നു, എന്നാൽ അതിശയത്തോടെയും കൃതജ്ഞതാഭാവത്തോടെയും ആണെന്നു മാത്രം. ഇവിടെ ഇതാ, ചിന്താവിഷയമാക്കേണ്ട രണ്ട് മനോഭാവങ്ങൾ: ദിവ്യകാരുണ്യമെന്ന അത്ഭുതത്തിനു മുന്നിൽ വിസ്മയവും നന്ദിയും.

വിസ്മയം

ഒന്നാമത്: അത്ഭുതം, എന്തെന്നാൽ, യേശുവിൻറെ വാക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. യേശു എപ്പോഴും നമ്മെ വിസ്മയത്തിലാഴ്ത്തുന്നുണ്ട്. ഇന്നും, ഓരോരുത്തരുടെയും ജീവിതത്തിൽ, യേശു സദാ നമ്മെ അത്ഭുതപ്പെടുത്തുന്നു. സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം എല്ലാ പ്രതീക്ഷകളെയും ഉല്ലംഘിക്കുന്ന ഒരു ദാനമാണ്. യേശുവിൻറെ ശൈലി മനസ്സിലാക്കാത്തവർ സംശയഗ്രസ്തരായി തുടരുന്നു: മറ്റൊരാളുടെ മാംസം ഭക്ഷിക്കുന്നത് അസാധ്യമായ, ഒരു കാര്യമായി, മനുഷ്യത്വരഹിതമായി പോലും തോന്നുന്നു (യോഹന്നാൻ 6,54 കാണുക). എന്നിരുന്നാലും, മാംസവും രക്തവും രക്ഷകൻറെ മനുഷ്യപ്രകൃതിയാണ്, അവൻറെ തന്നെ ജീവൻ നമ്മുടെ ജീവന് പോഷണമായി നല്കപ്പെടുന്നു.

നന്ദി

ഇത് നമ്മെ രണ്ടാമത്തെ മനോഭാവത്തിലേക്ക് ആനയിക്കുന്നു: അതായത് നന്ദിയിലേക്ക്. ആദ്യം അത്ഭുതം, ഇപ്പോൾ, കൃതജ്ഞത - കാരണം യേശു നമുക്കും നമുക്കുവേണ്ടിയും സന്നിഹിതനാകുന്നിടത്താണ് അവിടത്തെ നാം തിരിച്ചറിയുന്നത്. അവൻ നമുക്കായി അപ്പമായിത്തീരുന്നു. "എൻറെ ശരീരം ഭക്ഷിക്കുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു" (യോഹന്നാൻ 6,56 കാണുക). യഥാർത്ഥ മനുഷ്യനായ ക്രിസ്തുവിന് നന്നായി അറിയാം, ജീവിക്കുന്നതിന് നാം ഭക്ഷിക്കണമെന്ന്. എന്നാൽ ഇത് പോരാ എന്നും അവനറിയാം. ഭൗമികമായ അപ്പം വർദ്ധിപ്പച്ചതിനു ശേഷം (യോഹന്നാൻ 6:1-14 കാണുക), അതിലും വലിയ ഒരു സമ്മാനം അവൻ ഒരുക്കുന്നു: സ്വയം യഥാർത്ഥ ഭക്ഷണപാനീയമായി മാറുന്നു (യോഹന്നാൻ6,55 കാണുക). കർത്താവായ യേശുവേ, നന്ദി! നമുക്ക് നമ്മുടെ ഹൃദയംകൊണ്ടു പറയാം: നന്ദി, നന്ദി.

സകല പ്രതീക്ഷകൾക്കും ഉപരിയായ ദിവ്യ കാരുണ്യം

പിതാവിൽ നിന്ന് വരുന്ന സ്വർഗ്ഗീയ അപ്പം, യഥാർത്ഥത്തിൽ, പുത്രൻ നമുക്കായി മാംസമായിത്തീർന്നതാണ്. ഈ ഭോജനം നമ്മുടെ ആവശ്യത്തിനുപരിയാണ്, കാരണം, അത് നമ്മുടെ ഉദരത്തിലല്ല, ഹൃദയത്തിൽ അനുഭവപ്പെടുന്ന പ്രത്യാശയുടെ വിശപ്പും സത്യത്തിനായുള്ള വിശപ്പും രക്ഷയ്ക്കായുള്ള വിശപ്പും തീർക്കുന്നു. ദിവ്യകാരുണ്യം നമുക്കെല്ലാവർക്കും ആവശ്യമാണ്. 

യേശു ഏറ്റവും വലിയ ആവശ്യത്തിൽ ശ്രദ്ധിക്കുന്നവനാണ്: സ്വന്തം ജീവൻ നമ്മുടെ ജീവന് പോഷണമായി നല്കിക്കൊണ്ട് അവൻ നമ്മെ രക്ഷിക്കുന്നു, ഇത് എന്നും ചെയ്യുന്നു. അവൻ വഴി നമുക്ക് ദൈവവുമായും പരസ്‌പരവും സഹവർത്തിത്വത്തിൽ ജീവിക്കാൻ കഴിയുന്നു. എന്നാൽ, ജീവനുള്ളതും യഥാർത്ഥവുമായ അപ്പം, മാന്ത്രികമായ ഒന്നല്ല, അല്ല, ഞൊടിയിടയിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഒന്നല്ല, മറിച്ച് അത് ക്രിസ്തുവിൻറെ അതേ ശരീരം തന്നെയാണ്, അത് ദരിദ്രർക്ക് പ്രത്യാശ നൽകുകയും അവനവനുതന്നെ ഹാനികരമായ അത്യാഗ്രഹികളായവരുടെ ഔദ്ധത്യത്തെ മറികടക്കുകയും ചെയ്യുന്നു.

ആത്മശോധനയും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യവും

സഹോദരീസഹോദരന്മാരേ, ആകയാൽ, നമുക്ക് നമ്മോടുതന്നെ ചോദിക്കാം: എനിക്ക് വേണ്ടി മാത്രമല്ല, എൻറെ എല്ലാ സഹോദരീസഹോദരന്മാർക്കും വേണ്ടി ഞാൻ വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നുണ്ടോ? കാരുണ്യത്തിൻറെ അത്ഭുതമായ വിശുദ്ധകുർബ്ബാന സ്വീകരിക്കുന്ന വേളയിൽ എനിക്ക്,  നമുക്കുവേണ്ടി മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത കർത്താവിൻറെ ശരീരത്തിനു മുന്നിൽ അത്ഭുതപ്പെടാൻ സാധിക്കുന്നുണ്ടോ?  അപ്പത്തിൻറെ രൂപത്തിൽ സ്വർഗ്ഗീയദാനം സ്വീകരിക്കാൻ നമ്മെ സഹായിക്കുന്നതിന് നമുക്ക് കന്യാമറിയത്തോട് ഒരുമിച്ച് പ്രാർത്ഥിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ- കോംഗൊ റിപ്പബ്ലിക്കിലെ നവവാഴ്ത്തപ്പെട്ട നിണസാക്ഷികൾ

വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമത്തിലുള്ള പ്രേഷിതസമൂഹത്തിലെ വൈദികരായ ഇറ്റലി സ്വദേശികളായ ലുയീജി കറാറ, ജൊവാന്നി ദിദൊണേ സന്ന്യസ്തസഹോദരൻ, വിത്തോറിയൊ ഫാച്ചിൻ, കോംഗൊ സ്വദേശിയായ ഇടവക വൈദികൻ അൽബേർത്ത് ഷുബേർ എന്നീ രക്തസാക്ഷികൾ ആഗസ്റ്റ് 18-ന് ഞായറാഴ്ച കോംഗൊ റിപ്പബ്ലിക്കിലെ ഉവീറയിൽ വച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത്, പാപ്പാ ആശീർവാദനാനന്തരം അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരെ അഭിവാദ്യം ചെയ്യവെ അനുസ്മരിച്ചു. കോംഗൊയിൽ 1964 നവംബർ 28-ന് വധിക്കപ്പെട്ട ഈ നാലു നവവാഴ്ത്തപ്പെട്ടവരുടെയും രക്തസാക്ഷിത്വം കർത്താവിനും സഹോദരങ്ങൾക്കും വേണ്ടി സമർപ്പിക്കപ്പെട്ട അവരുട ജീവിതത്തിൻറെ മകുടം ചൂടലായിരുന്നുവെന്ന് പ്രസ്താവിച്ച പാപ്പാ അവരുടെ മാതൃകയും മാദ്ധ്യസ്ഥ്യവും കോംഗൊയിലെ ജനങ്ങളുടെ നന്മയ്ക്കായുള്ള അനുരഞ്ജനത്തിൻറെയും സമാധാനത്തിൻറെയും സരണികളെ പരിപോഷിപ്പിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

യുദ്ധവേദികളിൽ സമാധാനത്തിനായി പ്രാർത്ഥന

പലസ്തീൻ, ഇസ്രായേൽ എന്നിവയുൾപ്പടെ, മദ്ധ്യപൂർവ്വദേശത്തും ഉക്രൈയിൻ, മ്യാൻമാർ തുടങ്ങിയ എല്ലാ സംഘർഷവേദികളിലും സമാധാനത്തിൻറെ വഴികൾ തുറക്കപ്പെടുന്നതിനുള്ള പ്രാർത്ഥന തുടരാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. സംഭാഷണത്തിനും കൂടിയാലോചനകൾക്കും വേണ്ടി പരിശ്രമിക്കേണ്ടതിൻറെയും ആക്രമാസക്തമായ നടപടികളും പ്രതികരണങ്ങളും വർജ്ജിക്കേണ്ടതിൻറെയും ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുകയും ചെയ്തു.

സുവിശേഷാനന്ദത്തിനു സാക്ഷ്യമേകുക

പോളണ്ടിലെ പിയെക്കറി സ്ലോഷ്കിയെയിലെ മരിയൻ ദേവാലയത്തിൽ സമ്മേളിച്ചിരിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും പാപ്പാ ആശംസകൾ നേരുകയും കുടുംബത്തിലും സമൂഹത്തിലും സുവിശേഷാനന്ദത്തിന് സാക്ഷ്യമേകാൻ അവർക്ക് പ്രചോദനം പകരുകയും ചെയ്തു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow