മാറൊണിത്ത പാത്രിയാർക്കീസ് ഇസ്തിഫാൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

ലെബനനിലെ അമ്പത്തിയേഴാം അന്ത്യോക്യൻ മാറൊണീത്ത പാത്രിയാർക്കീസായിരുന്ന ധന്യനായ ഇസ്തിഫാൻ അൽ ദുവയ്ഹി (Istifan al-Duwayhi) സഭയിലെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയർത്തപ്പെടും.

Jul 31, 2024 - 12:18
 0  7
മാറൊണിത്ത പാത്രിയാർക്കീസ് ഇസ്തിഫാൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

ലെബനനിലെ അമ്പത്തിയേഴാം അന്ത്യോക്യൻ മാറൊണീത്ത പാത്രിയാർക്കീസായിരുന്ന ധന്യനായ ഇസ്തിഫാൻ അൽ ദുവയ്ഹി (Istifan al-Duwayhi) സഭയിലെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയർത്തപ്പെടും.

ആഗസ്റ്റ് രണ്ടിന് വെള്ളിയാഴ്‌ച (02/08/24) മാറൊണീത്ത പാത്രിയാർക്കേറ്റിൻറെ ആസ്ഥാനമായ ബിക്കെർക്കേയിലായിരിക്കും വാഴ്ത്തപ്പെട്ട പദപ്രഖ്യാപന തിരുക്കർമ്മം. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലെ സെമെറാറൊ ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിക്കുകയും വചനസന്ദേശം നല്കുകയും ചെയ്യും.

ഭരണകൂടത്തിൻറെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ പാത്രിയാർക്കീസ് ഇസ്തിഫാൻ മാറൊണിത്ത സഭയുടെ പരിഷ്ക്കർത്താവും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ്. മാറൊണീത്ത സഭയ്ക്കെതിരായ നടപടികൾ അഴിച്ചുവിട്ട ഒട്ടോമൻ അധികാരികൾ അദ്ദേഹത്തെ വേട്ടയാടിയിരുന്നു.

ലെബനനിലെ എഹ്ദേനിൽ, 1630 ആഗസ്റ്റ് 2-നായിരുന്നു ധന്യൻ ഇസ്തിഫാൻ അൽ ദുവയ്ഹിയുടെ ജനനം. വൈദികാർത്ഥിയായ അദ്ദേഹം റോമിൽ മാറോണീത്ത കോളേജിൽ വൈദികപരിശീലനത്തിനെത്തി. അതിനിടെ ഗുരുതര നേത്രരോഗ ബാധിതനായ  ഇസ്തിഫാൻ സുഖം പ്രാപിക്കുകയും ഈ സൗഖ്യം പരിശുദ്ധ കന്യകാമറിയത്തിൻറെ അത്ഭുതകരമായ ഇടപെടലിലൂടെയാണ് സംഭവിച്ചതെന്ന് അദ്ദേഹം കരുതുകയും ചെയ്തു. 1656 മാർച്ച് 25-ന് പൗരോഹിത്യം സ്വീകരിച്ച ഇസ്തിഫാൻ 1668 ജൂലൈ 8-ന് മെത്രാനായി അഭിഷിക്തനാകുകയും 1670-ൽ മാറൊണീത്ത പാത്രിയാർക്കീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 73-ാമത്തെ വയസ്സിൽ 1704 മെയ് 3-ന് അദ്ദേഹം മരണമടഞ്ഞു.  

What's Your Reaction?

like

dislike

love

funny

angry

sad

wow