സഭയിലെ സ്ത്രീപങ്കാളിത്തം വിശദമായ ചർച്ചകൾക്ക് വിധേയമാകണം: പാപ്പാ

സഭാപ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് അർഹമായ സ്ഥാനങ്ങൾ നൽകേണ്ടതിന്റെയും, ശുശ്രൂഷകളിൽ അവർക്കുള്ള പങ്കും, പ്രാധാന്യവും തിരിച്ചറിയേണ്ടതിന്റെയും ആവശ്യകത

Jul 13, 2024 - 11:53
 0  4
സഭയിലെ സ്ത്രീപങ്കാളിത്തം വിശദമായ ചർച്ചകൾക്ക് വിധേയമാകണം: പാപ്പാ

സഭാപ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് അർഹമായ സ്ഥാനങ്ങൾ നൽകേണ്ടതിന്റെയും,  ശുശ്രൂഷകളിൽ അവർക്കുള്ള പങ്കും, പ്രാധാന്യവും തിരിച്ചറിയേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ട് രചിക്കപ്പെട്ട 'സിനഡൽ സഭയിൽ സ്ത്രീകളും, ശുശ്രൂഷകളും'  എന്ന ചർച്ചാധിഷ്ഠിതമായ ഗ്രന്ഥത്തിനു ഫ്രാൻസിസ് പാപ്പാ അവതാരിക എഴുതി. 

ദൈവശാസ്ത്രജ്ഞരായ മൂന്നു സ്ത്രീകളും, രണ്ടു കർദിനാൾമാരും ചേർന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. സലേഷ്യൻ സന്യാസിനി സമൂഹത്തിലെ സിസ്റ്റർ ലിൻഡ പോച്ചർ, ആംഗ്ലിക്കൻ വനിതാ മെത്രാനായ ജോ ബി വെൽസ്, വെറോണ  രൂപതയിലെ ഓർദോ വിർജിനിയം സമൂഹാംഗമായ  ജൂലിവ ദി ബെറാർഡിനോ എന്നിവരാണ് രചയിതാക്കളായ വനിതകൾ. ഇവരോടൊപ്പം സിനഡിന്റെ ചുമതലയുള്ള കർദിനാൾ ജാൻ ക്‌ളൗദേ ഹൊള്ളേരിച്ച്, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുള്ള പൊന്തിഫിക്കൽ സമിതിയുടെ പ്രസിഡന്റ് കർദിനാൾ സീൻ പാട്രിക് ഒമാലിയും ഈ ചർച്ചാധിഷ്ഠിത ഗ്രന്ഥരചനയിൽ ഭാഗമായിട്ടുണ്ട്.

അവതാരികയിൽ, ഫ്രാൻസിസ് പാപ്പാ, ആശയങ്ങളേക്കാൾ പ്രാധാന്യമുള്ളതാണ് യാഥാർത്ഥ്യമെന്നും, ഈ ഒരു തത്വം തന്റെ ചിന്തകൾക്കും, വിവേചനങ്ങൾക്കും ഏറെ സഹായകരമായിട്ടുണ്ടെന്നും പറഞ്ഞു. ക്രൈസ്തവ ആശയങ്ങൾ. അതിന്റെ ദൈവശാസ്ത്രപരവും,  നിയമപരവും, സാംസ്കാരികവുമായ മാനങ്ങളിൽ  വർത്തമാനകാലത്തിന്റെ ആകസ്മികതയെ മറികടക്കാനുള്ള പരിശ്രമങ്ങൾ നടത്തുമ്പോൾ, അവയുടെ പ്രാരംഭമൂല്യങ്ങളിൽ നിന്നും വേർപെടുത്തുവാൻ സാധിക്കുകയില്ലെന്ന് പാപ്പാ പറഞ്ഞു. എന്നാൽ ആധുനികയുഗത്തിൽ അടയാളപ്പെടുത്തിയ ആശയങ്ങളോടുള്ള അഭിനിവേശത്താൽ, ചിലപ്പോൾ യാഥാർത്ഥ്യത്തോടുള്ള വിശ്വസ്തത പുലർത്തുവാൻ സാധിക്കാതെ സഭ കെണിയിൽ പെട്ടുപോയിട്ടുണ്ടെന്ന സത്യവും പാപ്പാ അടിവരയിട്ടു പറഞ്ഞു.

സഭയിൽ ശുശ്രൂഷ ചെയ്യുന്നവരുടെ പ്രധാന്യം, പാപ്പാ ചൂണ്ടികാണിച്ചതോടൊപ്പം, ഏറെ തിന്മകൾ പുറപ്പെടുവിക്കുന്ന അധികാര ദുർവിനിയോഗത്തെപ്പറ്റിയും എടുത്തു പറഞ്ഞു. പൗരോഹിത്യദുർവിനിയോഗത്തിന്റെ ഉദാഹരണങ്ങളാണ് ദുരുപയോഗങ്ങളുടെ  കഥകളെന്നും പാപ്പാ കൂട്ടിച്ചേർത്തു.  അതിനാൽ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുവാനും പാപ്പാ അവതാരികയിൽ എല്ലാവരെയും ക്ഷണിക്കുന്നു. മുൻവിധികളില്ലാതെ സ്ത്രീകളുടെ വേദനകൾ കേൾക്കുവാനും, അവരെ ഉൾക്കൊള്ളുവാനും സാധിക്കണമെന്ന് പാപ്പാ പറഞ്ഞു. 

സിനഡൽ പ്രക്രിയ, വിവേചനത്തിന്റെ ഒരു പ്രക്രിയയെന്ന നിലയിൽ, യാഥാർത്ഥ്യത്തിൽ നിന്നും അനുഭവത്തിൽ നിന്നും, തുറന്ന സംഭാഷണത്തിലൂടെ സഭയിൽ  സ്ത്രീകളുടെ  ശുശ്രൂഷയുടെ പങ്കു തിരിച്ചറിയുവാനും, അവയെ  പ്രവൃത്തി പഥത്തിൽ എത്തിക്കുവാനും സാധിക്കണമെന്നും, ഈ പ്രവർത്തനങ്ങളെ വിശുദ്ധരുടെ മധ്യസ്ഥതയ്ക്ക് താൻ ഭരമേല്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow