ഇറാക്കിലെ ജനതയ്ക്ക് തൻറെ ഹൃദയത്തിൽ സവിശേഷ സ്ഥാനമുണ്ടെന്ന് പാപ്പാ
ജർമ്മനിയിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ വക്താവും ദൈവശാസ്ത്രജ്ഞനും മാദ്ധ്യമപ്രവർത്തകനും വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിൽ ഉപദേഷ്ടാവുമായ മത്തിയാസ് കോപ്പ്
നിരവധിയായ ബുദ്ധിമുട്ടുകൾ നേരിടുന്ന ഇറാക്കിനെ താൻ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും അന്നാട്ടുകാരായ എല്ലാവരോടും താൻ വാത്സല്യവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നുവെന്നും മാർപ്പാപ്പാ.
ജർമ്മനിയിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ വക്താവും ദൈവശാസ്ത്രജ്ഞനും മാദ്ധ്യമപ്രവർത്തകനും വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിൽ ഉപദേഷ്ടാവുമായ മത്തിയാസ് കോപ്പ് (Matthias Kopp) “ഇറാക്കിലെ ക്രൈസ്തവരുടെ പൈതൃകം” എന്ന ശീർഷകത്തിൽ രചിച്ച പുസ്തകത്തിനെഴുതിയ അവതാരികയിലാണ് ഫ്രാൻസീസ് പാപ്പാ ഇറാക്ക് ജനതയോടുള്ള തൻറെ ഈ മമത പ്രകടിപ്പിച്ചിരിക്കുന്നത്.
ഇറാക്കിലെ ജനതയ്ക്ക് തൻറെ ഹൃദയത്തിലും പ്രാർത്ഥനയിലും സവിശേഷ സ്ഥാനമുണ്ടെന്നും അവർ അസാധാരണ ശക്തിയുള്ളവരാണെന്നും പാപ്പാ പറയുന്നു. താൻ കോവിദ് മഹാമാരിയുടെ കാലത്ത്, 2021-ൽ ഇറാക്കിൽ നടത്തിയ സന്ദർശനത്തെക്കുറിച്ചും പാപ്പാ ഈ അവതാരികയിൽ പരാമർശിക്കുന്നുണ്ട്.
മതത്തിൻറെ പേരിലുള്ള അക്രമം മതത്തെ ദുരുപയോഗം ചെയ്യലാണെന്ന് ലോകത്തോടു പറയുന്നതിൻറെ ഒരു അടയാളമായിരുന്നു ആ സന്ദർശനവേളയിൽ താനും ഇറാക്കിലെ വലിയ അയത്തൊള്ള അലി അൽ സിസ്താനിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെന്നും വിശദീകരിക്കുന്നു.
മതങ്ങൾക്ക് സമാധാനത്തോടു ഒരു കടമയുണ്ടെന്നും മതാനുയായികളായ നാമെല്ലാവരും സമാധാനം ജീവിക്കാനും പഠിപ്പിക്കാനും പകർന്നുനല്കാനും കടപ്പെട്ടവരാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. വ്യത്യാസങ്ങളുമുണ്ടെങ്കിലും അവ കണക്കിലെടുക്കാതെ സമാധാനപരമായി ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് മദ്ധ്യ പൂർവ്വദേശത്തിനും ലോകത്തിനും കാണിച്ചുകൊടുക്കാൻ ഇറാഖിനും അവിടുത്തെ ജനങ്ങൾക്കും കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.
What's Your Reaction?