പുതുവർഷത്തിലും ഗാസയിൽ കുട്ടികൾ കൊല്ലപ്പെടുന്നു
'2025' വർഷത്തിലും തുടരുന്ന ഇസ്രായേൽ- ഹമാസ് സംഘർഷത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെടുകയും, അനേകർക്ക് പരിക്കുകളേൽക്കുകയും ചെയ്തു
ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടതായി 'കുട്ടികളെ സംരക്ഷിക്കുക' എന്ന ആഗോള സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പുതുവർഷത്തിന്റെ ആരംഭത്തിൽ നടന്ന ആക്രമണത്തിൽ, 80 ഓളം ആളുകൾ കൊല്ലപ്പെട്ടതിൽ, 38 കുട്ടികളും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ശൈത്യകാല താപനിലയിൽ നിന്നുള്ള സംരക്ഷണത്തിൻ്റെ അഭാവം മൂലവും കുട്ടികൾ മരിക്കുന്നതായി ഐക്യരാഷ്ട്രസഭയും റിപ്പോർട്ട് ചെയ്തു.
അന്തർദേശീയ ആയുധ വിതരണവും നിഷ്‌ക്രിയത്വവും, ഗാസയിലെ സ്ഥിതി ഏറെ വഷളാക്കിയെന്നു സംഘടന ആരോപിച്ചു. നിരന്തരമായ യുദ്ധത്തിൻ്റെ ഭീഷണി നിരവധി കുടുംബങ്ങളെ അവരുടെ ദേശം ഉപേക്ഷിച്ചു പലായനം ചെയുവാൻ നിർബന്ധിതരാക്കുന്നു. എന്നാൽ ഇവർ തണുത്തുറഞ്ഞ താപനിലയെ അഭിമുഖീകരിക്കാൻ നിർബന്ധിതരാകുന്നതിനാൽ, രോഗപ്രതിരോധ ശക്തി കുറയുന്നതായും, ഇത് മാരകമായ രോഗാവസ്ഥകളിലേക്ക് ആളുകളെ, പ്രത്യേകിച്ചും കുട്ടികളെ എത്തിക്കുന്നതായും പറയുന്നു.
കക്ഷികളും അന്താരാഷ്ട്ര സമൂഹവും അടിയന്തിരവും നിർണ്ണായകവുമായ വെടിനിർത്തലിൽ എത്തിച്ചേരുന്നതിൽ പരാജയപ്പെട്ടതിനാൽ, കാര്യങ്ങൾ ഏറെ അനിശ്ചിതാവസ്ഥയിലാണെന്നതും പരിതാപകരമാണ്. പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കനുസരിച്ച്, ഗാസയിലെ ജനസംഖ്യയുടെ 47% കുട്ടികളാണ്.
What's Your Reaction?