സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യമാണ് ബെൽജിയം: ഫ്രാൻസിസ് പാപ്പാ

സെപ്റ്റംബർ മാസം ഇരുപത്തിയേഴാം തീയതി, ബെൽജിയത്തിലെ തന്റെ നാല്പത്തിയാറാം അപ്പസ്തോലിക സന്ദർശന വേളയിൽ, അധികാരികളുമായും പൗരസമൂഹവുമായുള്ള കൂടിക്കാഴ്ച്ചയിൽ, ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംക്ഷിപ്തവിവരണം

Sep 28, 2024 - 12:35
 0  5
സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യമാണ് ബെൽജിയം: ഫ്രാൻസിസ് പാപ്പാ

ബെൽജിയം എന്ന യൂറോപ്പിന്റെ ഹൃദയമായ  രാജ്യത്തിൻറെ പ്രത്യേകതകൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ബെൽജിയം സന്ദർശിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു. വിസ്തൃതിയിൽ വളരെ ചെറിയ രാജ്യമെങ്കിലും അതിന്റെ ചരിത്രം ഏറെ സവിശേഷമാണെന്നു പാപ്പാ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തകർന്ന ജനതയെ ചേർത്തുപിടിക്കുന്നതിനും, സമാധാനത്തിനും, സഹകരണത്തിനും, സംഗമങ്ങൾക്കും വേദിയായ രാജ്യമാണ് ബെൽജിയം. ദേശീയവിരുദ്ധത പ്രകടമായിരുന്ന  ഫ്രാൻസിന്റെയും, ജർമനിയുടെയും അതിർത്തി പങ്കിടുന്ന ചെറു രാജ്യമെന്ന നിലയിൽ, യൂറോപ്പിന്റെ സമന്വത നിലനിർത്തുന്ന രാജ്യം കൂടിയാണ് ബെൽജിയം. അതിനാൽ ഈ രാജ്യത്തുനിന്നും ഭൗതികവും, ധാർമ്മികവും, ആത്മീയവുമായ പുനർനിർമ്മാണം ആരംഭിച്ചുവെന്നതും എടുത്തുപറയേണ്ട വസ്തുതയാണെന്നും പാപ്പാ പറഞ്ഞു.

ബെൽജിയത്തെ അതിനാൽ പല രാജ്യങ്ങൾക്കും ഇടയിൽ മധ്യവർത്തിയയായി നിൽക്കുന്ന ഒരു പാലം എന്നാണ് പാപ്പാ ഉപമിച്ചത്. യൂറോപ്യൻ ഭൂഖണ്ഡത്തിനും, ബ്രിട്ടീഷ് ദ്വീപുകൾക്കുമിടയിലും, ഇരു ഭാഷകൾ സംസാരിക്കുന്നവർക്കിടയിലും, യൂറിപ്പിന്റെ തെക്കും വടക്കും പ്രദേശങ്ങൾക്കിടയിലും, തർക്കങ്ങൾ പരിഹരിച്ചുകൊണ്ട്  കൂടുതൽ ഐക്യം സൃഷ്ടിക്കുവാൻ സാധിക്കുന്ന ഒരു പാലമാണ് ബെല്ജിയം എന്നത് പാപ്പാ അടിവരയിട്ടു പറഞ്ഞു. ഓരോരുത്തരും അവരുടെ ഭാഷയും മനോഭാവവും ബോധ്യങ്ങളും ഉപയോഗിച്ച് പരസ്പരം കണ്ടുമുട്ടുന്നതിനും, ആശയസംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും അനുയോജ്യമായ ദേശമാണ് ബെൽജിയം എന്നതും പാപ്പാ കൂട്ടിച്ചേർത്തു. സ്വന്തം വ്യക്തിത്വം, മറ്റുള്ളവരെ ഉൾക്കൊള്ളുവാനും, പരസ്പരം മൂല്യങ്ങൾ കൈമാറുന്നതിനും ഉതകുന്നതാവണമെന്ന വലിയ പാഠം ഉൾക്കൊള്ളുവാനും ബെൽജിയം രാജ്യം സഹായിക്കുന്നതും പാപ്പാ പ്രത്യേകം പറഞ്ഞു.

വാണിജ്യത്തിനുള്ള ഒരു പാലമായും ബെൽജിയം മാറിയെന്നുള്ളതും പാപ്പാ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ വിവിധ രാജ്യങ്ങൾക്കിടയിലുള്ള ഈ വിപണന കൈമാറ്റം, വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സംയോജനത്തിനും, സമ്പുഷ്ടതയ്ക്കും വഴിതെളിച്ചുവെന്നും പാപ്പാ അനുസ്മരിച്ചു. സമാധാനത്തെ കെട്ടിപ്പടുക്കുന്നതിനും, യുദ്ധത്തെ നിരാകരിക്കുന്നതിനും ഈ പാലം ഏറെ ഉപകാരപ്രദമാണെന്നും പരിശുദ്ധ പിതാവ് അടിവരയിട്ടു പറഞ്ഞു.

ഇപ്രകാരം നോക്കുമ്പോൾ, ചെറുതെങ്കിലും ഈ രാജ്യത്തിന്റെ മാഹാത്മ്യം നമുക്ക് മനസിലാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ജനങ്ങളും, സംസ്കാരങ്ങളും, കത്തീഡ്രലുകളും, സർവ്വകലാശാലകളും ചേർന്ന ചരിത്രം, മനുഷ്യ ചാതുര്യത്തിന്റെ നേട്ടങ്ങൾ, മാത്രമല്ല നിരവധി യുദ്ധങ്ങളും അടയാളപ്പെടുത്തിയ ചരിത്രം, ഇവയെല്ലാം ഈ ചെറുരാജ്യത്തെ ലോകത്തിനുമുൻപിൽ വലുതാക്കി നിർത്തുന്നുവെന്ന് പാപ്പാ പറഞ്ഞു. ജനതകൾക്കിടയിൽ സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും പാത തുടരുന്നതിനു യൂറോപ്പിന് ബെൽജിയം കൂടിയേ തീരൂ എന്നാണ് പാപ്പാ പറഞ്ഞത്. ഒഴികഴിവുകളുടെ പേരിൽ അതിർത്തികളും, ഉടമ്പടികളും മാനിക്കപ്പെടാതിരിക്കുകയും, നിയമം സൃഷ്ടിക്കാനുള്ള അവകാശം ആയുധങ്ങൾക്ക് വിട്ടുകൊടുക്കുകയും, നിലവിലുള്ളതിനെ അട്ടിമറിക്കുകയും ചെയ്യുമ്പോൾ, ബെൽജിയം നൽകുന്ന മാതൃക എല്ലാവർക്കും പാഠമാകണമെന്നു പാപ്പാ ഓർമ്മിപ്പിച്ചു. ലോകമഹായുദ്ധത്തിനു സമാനമായ രീതിയിലുള്ള സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ ബെൽജിയം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

എന്നാൽ ഐക്യവും സമാധാനവും എന്നത് എന്നന്നേക്കുമായി ഒരിക്കൽ കൈവരിക്കുന്ന വിജയമല്ലെന്നും, അത് സ്ഥിരോത്സാഹത്തോടെയും ക്ഷമയോടെയും പരിപാലിക്കപ്പെടേണ്ടതും, വളർത്തിയെടുക്കേണ്ടതുമായ ഒരു ദൗത്യമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഇതിനു മുൻകാല അനുഭവങ്ങൾ നമ്മെ ഏറെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഈ അർത്ഥത്തിൽ, യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ ഓർമ്മയ്ക്ക് ബെൽജിയം എന്നും  വിലപ്പെട്ടതാണ്. സ്ഥിരവും സമയോചിതവും ധീരവും വിവേകപൂർണ്ണവുമായ ഒരു സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തനം വികസിപ്പിക്കുന്നതിന് ബെൽജിയം നൽകുന്ന മാതൃക അനുകരണീയമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.യൂറോപ്പിനെ അതിന്റെ യാത്ര പുനരാരംഭിക്കാനും അതിന്റെ യഥാർത്ഥ മുഖം വീണ്ടും കണ്ടെത്താനും, ജീവിതത്തിലേക്ക് സ്വയം തുറക്കുവാനും, ഭാവിയെ കരുപ്പിടിപ്പിക്കുവാനും, പ്രതീക്ഷ നൽകാനും ബെൽജിയം നൽകിയ സംഭാവനകൾ അതുല്യമാണെന്നും പാപ്പാ പറഞ്ഞു. അതിനാൽ ജനസംഖ്യ വർധിപ്പിക്കുന്നതിന് ബെൽജിയം കുഞ്ഞുങ്ങൾക്ക് ഇനിയും ജന്മം നൽകുവാൻ ധൈര്യപ്പെടണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. "ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നതിലൂടെ വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും രാജ്യങ്ങൾക്കും പുരാതനവും എല്ലായ്പ്പോഴും പുതിയതുമായ പ്രത്യാശ നൽകുന്ന ഒരു സാന്നിധ്യമാകാൻ കത്തോലിക്കാ സഭ ആഗ്രഹിക്കുന്നു; വെല്ലുവിളികളെയും പരീക്ഷണങ്ങളെയും നേരിടാൻ എല്ലാവരെയും സഹായിക്കുന്ന ഒരു സാന്നിദ്ധ്യം", പാപ്പാ പറഞ്ഞു.

എന്നാൽ ഈ സഭ യേശുവിലേക്ക് തന്റെ നോട്ടം ഉറപ്പിക്കുമ്പോഴും ദുർബലയും, പാപിയുമാണെന്നുമുള്ള തിരിച്ചറിവ് ഉൾക്കൊള്ളണമെന്നും പാപ്പാ പറഞ്ഞു. ഒരേസമയം വിശുദ്ധയും, പാപിയുമെന്ന നിലയിൽ സഭ വലിയ ഉദാരതയുടെയും ഉജ്ജ്വലമായ അർപ്പണബോധത്തിന്റെയും ഫലങ്ങളിൽ സ്നേഹത്തിന്റെ സാക്ഷ്യം നൽകുന്നുവെന്നും പാപ്പാ പറഞ്ഞു. പ്രായപൂർത്തിയാകാത്തവരെ ദുരുപയോഗം ചെയ്യുന്നതിന്റെ നാടകീയ സംഭവങ്ങൾ നാണക്കേടാണെന്നും, നിഷ്കളങ്കർക്കെതിരെയുള്ള ഈ തെറ്റുകൾക്ക് നാം മാപ്പു ചോദിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സഭയിൽ ഈ കുറ്റകൃത്യം ഉണ്ടെന്നും, സഭ ലജ്ജിച്ച് ക്ഷമ ചോദിക്കുകയും, ക്രിസ്തീയ വിനയത്തോടെ ഈ സാഹചര്യം പരിഹരിക്കാൻ ശ്രമിക്കുകയും വേണമെന്നും പാപ്പാ ആവശ്യപ്പെട്ടു. നിർബന്ധിത ദത്തെടുക്കൽ എന്ന തിന്മയും തന്നെ ഏറെ വിഷമിപ്പിച്ചുവെന്നു പറഞ്ഞ പാപ്പാ ഈ തിന്മകൾ ഒഴിവാക്കുവാൻ സഭ എല്ലായ്പ്പോഴും തന്റെ ഉള്ളിൽ ശക്തി കണ്ടെത്തുന്നതിനു നിരന്തരം പ്രാർത്ഥിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. വഴിയിൽ പ്രതീക്ഷയോടെ എന്ന തന്റെ സന്ദർശന ആദർശവാക്യത്തിൽ പ്രതീക്ഷ അല്ലെങ്കിൽ പ്രത്യാശ  എന്നത് ദൈവം തന്നെയാണെന്നും പാപ്പാ പറഞ്ഞു.  ഭരണാധികാരികൾക്ക് വിവേചനപരമായി നന്മകൾക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെയും, പ്രാർത്ഥനയോടെയും പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow