മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം
ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി, മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിലെ ആത്മീയനന്മകൾ സംബന്ധിച്ച രേഖ പുറത്തിറക്കി.
സുദീർഘമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം മജുഗോറിയ മരിയൻ ഭക്തികേന്ദ്രവുമായി ബന്ധപ്പെട്ട ആത്മീയനന്മകൾ അംഗീകരിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം സുപ്രധാനമായ രേഖ പുറത്തിറക്കി. ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസ് ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖ, പരിശുദ്ധ അമ്മ പലവുരു പ്രത്യക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഈ സ്ഥലത്തെ, ആത്മീയഫലങ്ങളിലെ നന്മകളെ ഏറ്റുപറയുന്നതാണ്. ഈ ഭക്തികേന്ദ്രത്തിൽ ലഭിച്ച ഫലങ്ങൾ വിശ്വാസികളിൽ തിക്തഫലങ്ങൾ ഉളവാക്കുന്നവയല്ലെന്ന് രേഖ വിശദീകരിച്ചു. സെപ്റ്റംബർ പത്തൊൻപത്തിന് പ്രസിദ്ധീകരിച്ച ഈ രേഖ, മെജുഗോറിയയിൽ പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട പൊതുവായ വണക്കം അംഗീകരിക്കുന്നതാണ്.
ആത്മീയസദ്‌ഫലങ്ങൾ
ലോകം മുഴുവനും നിന്നുള്ള തീർത്ഥാടകർ മജുഗോറിയയിലേക്ക് എത്തുന്നത് എടുത്തുപറയുന്ന പരിശുദ്ധസിംഹാസനത്തിന്റെ രേഖ, ആരോഗ്യകരമായ വിശ്വാസജീവിതത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് മജുഗോറിയ മുന്നോട്ടുവയ്ക്കുന്നതെന്ന് അനുസ്മരിക്കുന്നു. നിരവധിയാളുകളാണ് ഈ ഭക്തികേന്ദ്രത്തിൽ വിശ്വാസം തിരികെ കണ്ടെത്തി പരിവർത്തനത്തിലേക്ക് എത്തിയതെന്ന് പരിശുദ്ധസിംഹാസനം എഴുതി. നിരവധി രോഗശാന്തികളും, കുടുംബഅനുരഞ്ജനങ്ങളും ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് പറയപ്പെടുന്നു. മജുഗോറിയ ഇടവക ആരാധനയുടെയും, പ്രാർത്ഥനയുടെയും, യുവജനനസംഗമങ്ങളുടെയും ഇടമായി മാറിയിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികൾ ഉൾപ്പെടെയുള്ള ആളുകൾ ഇവിടേക്കെത്തുന്നുണ്ട്.
സമാധാനസന്ദേശം
യുദ്ധങ്ങൾ ഇല്ലാത്ത അവസ്ഥ എന്നതിനപ്പുറം, ആദ്ധ്യാത്മിക, സാമൂഹ്യ, കുടുംബപരമായ അർത്ഥങ്ങളിൽ സമാധാനം എന്ന ആശയം മജുഗോറിയയിലെ സന്ദേശങ്ങളിൽ കാണാനാകും. സമാധാനത്തിന്റെ രാജ്ഞി എന്നാണ് ഇവിടെ പരിശുദ്ധ അമ്മ തന്നെക്കുറിച്ചുതന്നെ പറയുന്നത്. കാരുണ്യം ജീവിക്കുന്നതും, കത്തോലിക്കാരിലേക്ക് മാത്രം ഒതുങ്ങാത്ത സ്നേഹവും, സമാധാനമെന്ന ഫലമാണ് ലോകത്ത് ഉളവാക്കുന്നത്. ബോസ്‌നിയയുടെ എക്യൂമെനിക്കൽ, മതാന്തര സാഹചര്യങ്ങളിൽ ഇത് കൂടുതൽ പ്രധാനപെട്ടതാണ്.
ദൈവകേന്ദ്രീകൃതമായ സന്ദേശങ്ങൾ
സ്നേഹമായ ദൈവത്തിന് തങ്ങളെത്തന്നെ വിട്ടുകൊടുക്കാനുള്ള ക്ഷണമാണ് ഇവിടെനിന്നുയരുന്നത്. പരിശുദ്ധ അമ്മ തന്നിലേക്കല്ല, മറിച്ച്, ദൈവവുമായുള്ള സംഗമത്തിലേക്കാണ് നമ്മെ നയിക്കുന്നത്. കൃപയുടെയും, ഏവരുടെയും രക്ഷയുടെയും അധികാരിയായ ക്രിസ്തുവിന് അടിമപ്പെട്ടുള്ള മദ്ധ്യസ്ഥ്യമാണ് പരിശുദ്ധ അമ്മ മുന്നോട്ടുവയ്ക്കുന്നത്.
പരിവർത്തത്തിന് ആഹ്വാനം
ലൗകികമായ ജീവിതശൈലിയും, ഭൗമികസാമ്പത്തിനോടുള്ള അമിത അഭിലാഷവും വെടിഞ്ഞ്, പരിവർത്തനത്തിനുള്ള ക്ഷണമാണ് മജുഗോറിയയിലെ സന്ദേശങ്ങളിൽ പലപ്പോഴും കാണാനാകുന്നത്. പാപത്തിന്റെയും തിന്മയുടെയും ഫലങ്ങളെ കുറച്ചുകാണരുതെന്ന സന്ദേശവും ഇവിടെ നമുക്ക് കാണാം. പ്രാർത്ഥനയുടെയും, ഉപവാസത്തിന്റെയും പ്രാധാന്യവും വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ജീവിതവും ഇവിടെ മുന്നോട്ടുവയ്ക്കപ്പെടുന്നുണ്ട്.
വ്യക്തത വരുത്തേണ്ട ചിന്തകൾ
പരിശുദ്ധസിംഹാസനം പുറത്തുവിട്ട രേഖയുടെ രണ്ടാം ഭാഗത്ത്, മജുഗോറിയയിലെ സന്ദേശങ്ങളിൽ ചിലവ, മാനുഷികമായ സന്ദേഹങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന ചിന്തയുളവാക്കുന്നവയാണെന്ന് എഴുതുന്നു. ഇവ ദുരുദ്ദേശപരമല്ലെന്നും, മറിച്ച്, വ്യക്തിപരമായ ബോധ്യങ്ങളുടെ പ്രത്യേകതകളാണെന്നും രേഖ വ്യക്തമാക്കുന്നു. ചിലയിടങ്ങളിലെങ്കിലും, തന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തതിൽ പരിശുദ്ധ അമ്മ ദേഷ്യപ്പെടുന്നതായും,ഇനിയും പ്രത്യക്ഷപ്പെടില്ലെന്ന ഭീഷണിയുടെ സ്വരമുയർത്തുന്നതായും കാണാം. എന്നാൽ അതേസമയം, മറ്റു സന്ദേശങ്ങൾ ശരിയായ വ്യാഖ്യാനം നൽകുന്നുണ്ട്. വിപത്ത് പ്രവചിക്കുന്നവർ വ്യാജപ്രവാചകന്മാരാണെന്നും, ഇന്ന വർഷം ഇന്ന ദിവസത്തിൽ വിപത്തുണ്ടാകുമെന്ന് അവർ പറയുമെന്നും സന്ദേശം ഓർമ്മിപ്പിക്കുന്നു. എന്നാൽ ലോകം പരിവർത്തനത്തിന് തയ്യാറാകുന്നില്ലെങ്കിൽ ശിക്ഷ വരുമെന്ന് പരിശുദ്ധ അമ്മ മുന്നറിയിപ്പ് നൽകുകയും, പരിവർത്തനത്തിന് ഏവരെയും ക്ഷണിക്കുകയും ചെയ്യുന്നു.
ആവർത്തിച്ചുള്ള സന്ദേശങ്ങൾ
മജുഗോറിയ ഇടവകയിലെ ആദ്ധ്യാത്മികവും അജപാലനപരവുമായ പ്രവർത്തനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച്, കൃത്യമായ നിയന്ത്രണം ആഗ്രഹിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പരിശുദ്ധ അമ്മയുടേതായി നൽകപ്പെടുന്നത്, വത്തിക്കാൻ പ്രത്യേകം പരാമർശിച്ചു. അമാനുഷികത അവകാശപ്പെടാനാകാത്ത വിധത്തിൽ, ചില പ്രവർത്തിക കാര്യങ്ങളിൽ പരിശുദ്ധ അമ്മയുടേതായി സന്ദേശങ്ങൾ നൽകപ്പെടുന്നു. എന്നാൽ തന്റെ സന്ദേശങ്ങളുടെ പ്രാധാന്യത്തെ വിശുദ്ധഗ്രന്ഥത്തിലൂടെ വെളിവാക്കപ്പെട്ട തിരുവചനത്തിന്റെ മൂല്യത്തേക്കാൾ കീഴിലായാണ് പരിശുദ്ധ അമ്മ അവതരിപ്പിക്കുന്നത് എന്നതും പരിശുദ്ധ സിംഹാസനം പ്രത്യേകം അനുസ്മരിപ്പിക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും, സന്ദേശങ്ങളിൽ, "എന്റെ പദ്ധതി" എന്ന രീതിയിൽ പരിശുദ്ധ അമ്മയുടേതായി നൽകപ്പെടുന്ന ആശയങ്ങൾ സന്ദേഹമുളവാക്കിയേക്കാമെന്നും പരിശുദ്ധ സിംഹാസനം എടുത്തുപറയുന്നു. കർത്താവിന്റെ പദ്ധതികളുടെ ആവശ്യങ്ങൾക്കായാണ് പരിശുദ്ധ അമ്മ പ്രവർത്തിക്കുന്നതെന്നും, ദൈവപുത്രന്റേതു മാത്രമായ സ്ഥാനം പരിശുദ്ധ അമ്മയ്ക്ക് ചാർത്തിക്കൊടുക്കാൻ പരിശ്രമിക്കരുതെന്നും വത്തിക്കാൻ ഓർമ്മിപ്പിച്ചു.
പൊതുവാരാധനയ്ക്ക് അംഗീകാരം
മെജുഗോറിയയിലെ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് "അമാനുഷികമായ" എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ചുള്ള പ്രസ്താവനകൾ നടത്താതിരിക്കുമ്പോഴും, പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ മൊസ്‌താർ ഇടവകദ്ധ്യക്ഷൻ പുറപ്പെടുവിച്ച "നുള്ള ഓസ്താ" രേഖ അനുസരിച്ച്, മജുഗോറിയയിൽ, വിശ്വാസികൾക്ക്, അവിടെയുള്ള പൊതുവായ ആരാധനയും പ്രാർത്ഥനകളും വഴി, തങ്ങളുടെ ക്രൈസ്തവജീവിതത്തിനായുള്ള പ്രചോദനം സ്വീകരിക്കുന്നതിന് പരിശുദ്ധ സിംഹാസനം അംഗീകാരം നൽകി. എന്നാൽ ഇതിൽ വിശ്വസിക്കണമെന്ന് പരിശുദ്ധ സിംഹാസനം ആരെയും നിർബന്ധിക്കുന്നില്ല എന്നും ഈ രേഖയിൽ വത്തിക്കാൻ കുറിച്ചു. മജുഗോറിയയിലെ സന്ദേശങ്ങളിലെ ഭൂരിഭാഗത്തെക്കുറിച്ചുമുള്ള പോസിറ്റിവായ മൂല്യനിർണ്ണയം, അവയെല്ലാം അമാനുഷികമാണെന്ന ഒരു പ്രഖ്യാപനമല്ല എന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കുന്നുണ്ട്. പ്രാദേശികസഭകളോട്, ഈ സന്ദേശങ്ങൾക്ക് പിന്നിലെ അജപാലനമൂല്യം തിരിച്ചറിയാനും, അവയിലെ അദ്ധ്യാത്മികപ്രചോദനം ഏവരിലേക്കുമെത്തിക്കുന്നതിന് ശ്രമിക്കാനും പരിശുദ്ധ സിംഹാസനം നിർദ്ദേശിച്ചു. മജുഗോറിയയിലേക്ക് തീർത്ഥാടനം നടത്തുന്നവരോട്, അവിടെ, പരിശുദ്ധ അമ്മയുടെ സന്ദേശം സ്വീകരിക്കുന്നവരെ കാണാനല്ല, മറിച്ച്, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയെ കണ്ടുമുട്ടാനാണ് നിങ്ങൾ പോകേണ്ടതെന്നും പരിശുദ്ധ സിംഹാസനം ഓർമ്മിപ്പിക്കുന്നു.
What's Your Reaction?