യേശുവിനെ അറിയണമെങ്കിൽ അവിടന്നുമായി കൂടിക്കാഴ്ച നടത്തണം, പാപ്പാ

ഫ്രാൻസീസ് പാപ്പായുടെ ത്രികാലപ്രാർത്ഥനാ പ്രഭാഷണം: നമുക്ക് യേശു ആരാണ് ? യേശുവിനെ അറിഞ്ഞാൽ സകലത്തിനും മാറ്റമുണ്ടാകും.

Sep 17, 2024 - 11:10
 0  3
യേശുവിനെ അറിയണമെങ്കിൽ അവിടന്നുമായി കൂടിക്കാഴ്ച നടത്തണം, പാപ്പാ

ഈ മാസം 2-13 വരെ ഏഷ്യ-ഓഷ്യാന നാടുകളിൽ ഇടയസന്ദർശനത്തിലായിരുന്നതിനാൽ, ഒരു ഇടവേളയ്ക്കു ശേഷം, ഞായറാഴ്ചകളിലെ പതിവനുസരിച്ച്, ഈ ഞായറാഴ്ച (15/09/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (15/09/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം  എട്ടാം അദ്ധ്യയം    27-35 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 8:27-35) അതായത്, യേശു, ക്രിസ്തുവാണെന്ന് പത്രോസ് പ്രഖ്യാപിക്കുന്നതും താൻ നേരിടാനിരിക്കുന്ന പീഡാനുഭവത്തെയും തൻറെ പുനരുത്ഥാനത്തെയും കുറിച്ച് യേശു ശിഷ്യന്മാരോടു പറയുന്നതുമായ സുവിശേഷ ഭാഗം ആയിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:

ആരാണ് യേശു?

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ആളുകൾ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ശിഷ്യന്മാരോട് ചോദിച്ചതിന് ശേഷം യേശു നേരിട്ട് അവരോട്  ചോദിക്കുന്നു: "എന്നാൽ ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?" (മർക്കോസ് 8:29). ഈ സംഭവമാണ് ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. "നീ ക്രിസ്തുവാണ്" (വാക്യം 30), അതായത്, "നീ മിശിഹായാണ്" എന്ന് പറഞ്ഞുകൊണ്ട് മുഴുവൻ ശിഷ്യഗണത്തിനും വേണ്ടി പത്രോസ് പ്രത്യുത്തരിക്കുന്നു. എന്നിരുന്നാലും, തന്നെ കാത്തിരിക്കുന്ന സഹനങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും യേശു സംസാരിക്കാൻ തുടങ്ങുമ്പോൾ, അതേ പത്രോസ് തന്നെ തടസ്സം പറയുകയും അവിടന്ന് അവനെ കഠിനമായി ശാസിക്കുകയും ചെയ്യുന്നു: അവിടന്ന് അവനെ സാത്താൻ എന്ന് വിളിച്ചുകൊണ്ട് പറയുന്നു "സാത്താനേ, നീ എൻറെ മുന്നിൽ നിന്നു പോകൂ! നിൻറെ ചിന്ത ദൈവികമല്ല, പ്രത്യുത, മാനുഷികമാണ്" (മർക്കോസ് 8,33).

യേശുവിനെ അറിയുക എന്നതിൻറെ പൊരുൾ

അപ്പോസ്തലനായ പത്രോസിൻറെ മനോഭാവം വീക്ഷിച്ചുകൊണ്ട് നമുക്ക്, യേശുവിനെ അറിയുക എന്നതിൻറെ യഥാർത്ഥ അർത്ഥമെന്താണെന്ന് സ്വയം ചോദിക്കാം. വാസ്‌തവത്തിൽ, ഒരു വശത്ത്, യേശുവിനോട്, അവിടന്ന് ക്രിസ്തുവാണെന്ന് പറഞ്ഞുകൊണ്ട് പത്രോസ് പരിപൂർണ്ണായ രീതിയിൽ പ്രതികരിക്കുന്നു. എന്നിരുന്നാലും, സത്യമായ ഈ വാക്കുകൾക്ക് പിന്നിൽ ഇപ്പോഴും "മനുഷികമായ" ഒരു ചിന്താരീതിയുണ്ട്, ശക്തനായ ഒരു മിശിഹായെ, സഹിക്കാനോ മരിക്കാനോ കഴിയാത്ത ജേതാവായ ഒരു മിശിഹായെ  സങ്കൽപ്പിക്കുന്ന ഒരു മനോഭാവം ഉണ്ട്. അതിനാൽ, പത്രോസ് പ്രതികരിക്കുന്ന ആ വാക്കുകൾ "ശരിയാണ്", പക്ഷേ അദ്ദേഹത്തിൻറെ ചിന്താരീതി മാറിയിട്ടില്ല. അവൻറെ മാനോഭാവം ഇനിയും മാറേണ്ടിയിരിക്കുന്നു, അവൻ പരിവർത്തനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

യേശുവുമായുള്ള ബന്ധം  

ഇത് നമ്മെ സംബന്ധിച്ചും സുപ്രധാനമായ ഒരു സന്ദേശമാണ്. വാസ്‌തവത്തിൽ, നമ്മളും ദൈവത്തെക്കുറിച്ച് എന്തൊക്കെയൊ പഠിച്ചിട്ടുണ്ട്, നമുക്ക് സിദ്ധാന്തം അറിയാം, നാം പ്രാർത്ഥനകൾ ശരിയായ രീതിയിൽ ചൊല്ലുന്നു, "നിനക്ക് യേശു ആരാണ്?" എന്ന ചോദ്യത്തിന്, ഒരുപക്ഷേ, മതബോധനത്തിൽ പഠിച്ച ചില സൂത്രവാക്യങ്ങൾ ഉപയോഗിച്ച് നാം നന്നായി പ്രത്യുത്തരിക്കുന്നു. എന്നാൽ നാം യഥാർത്ഥത്തിൽ യേശുവിനെ അറിയുന്നു എന്നാണ് ഇതിനർത്ഥം എന്ന് നമുക്ക് ഉറപ്പാണോ? വാസ്തവത്തിൽ, കർത്താവിനെ അറിയാൻ അവനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞാൽ മാത്രം പോരാ, അവനെ അനുഗമിക്കേണ്ടത് ആവശ്യമാണ്, അവൻറെ സുവിശേഷത്താൽ സ്പർശിതരാകാനും മാറാനും നമ്മെത്തന്നെ അനുവദിക്കേണ്ടതുണ്ട്. അതായത്, അവനുമായി ബന്ധം ഉണ്ടായിരിക്കുകയും അവനുമായി കൂടിക്കാഴ്ച നടത്തുകയുമാണത്. എനിക്ക് യേശുവിനെ കുറിച്ച് ധാരാളം കാര്യങ്ങൾ അറിയാൻ കഴിയും, എന്നാൽ ഞാൻ അവനുമായി കണ്ടുമുട്ടിയില്ലെങ്കിൽ, യേശു ആരാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ജീവിതത്തെ മാറ്റിമറിക്കുന്ന ഈ സമാഗമം ആവശ്യമാണ്: അത് ജീവിതരീതി മാറ്റുന്നു, ചിന്താരീതി മാറ്റുന്നു, സഹോദരങ്ങളുമായുള്ള നിൻറെ ബന്ധങ്ങൾക്ക് മാറ്റം വരുത്തുന്നു, സ്വാഗതം ചെയ്യാനും ക്ഷമിക്കാനുമുള്ള നിങ്ങളുടെ സന്നദ്ധതയിൽ പരിവർത്തനമുണ്ടാക്കുന്നു, നിൻറെ ജീവിത തിരഞ്ഞെടുപ്പുകളിൽ മാറ്റം വരുത്തുന്നു. നീ യേശുവിനെ യഥാർത്ഥത്തിൽ അറിഞ്ഞുകഴിഞ്ഞാൽ സകലവും മാറും! എല്ലാം മാറുന്നു.

പരിശുദ്ധ അമ്മയുടെ സഹായം

സഹോദരീസഹോദരന്മാരേ, നാസിസത്തിൻറെ ഇരയായ ലൂഥറൻ ദൈവശാസ്ത്രജ്ഞനും പാസ്റ്ററുമായ ബോൺഹോഫർ ഇപ്രകാരം കുറിച്ചു: " ഇന്ന് നമുക്ക് ക്രിസ്തുമതം യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് എന്താണ്, അല്ലെങ്കിൽ ക്രിസ്തു ആരാണ് എന്ന് അറിയുക എന്നതാണ് എന്നെ സദാ അലട്ടുന്ന പ്രശ്നം" (പ്രതിരോധവും കീഴടങ്ങലും. ജയിലിൽ നിന്നുള്ള കത്തുകളും കുറിപ്പുകളും, സിനിസെല്ലോ ബൽസാമോ 1996, 348). നിർഭാഗ്യവശാൽ, ഇപ്പോൾ പലരും ഈ ചോദ്യം സ്വയം ചോദിക്കുന്നില്ല, അവർ "ശാന്തരായി” ഇരിക്കുന്നു, നിദ്രയിലാണ്ടിരിക്കുന്നു, ദൈവത്തിൽ നിന്ന് അകലെയാണുതാനും. എന്നാൽ നാം നമ്മോടുതന്നെ ചോദിക്കേണ്ടത് പ്രധാനമാണ്: ഞാൻ എന്നെത്തന്നെ അസ്വസ്ഥനാകാൻ അനുവദിക്കുന്നുണ്ടോ, ഞാൻ സ്വയം ചോദിക്കുന്നു, യേശു എനിക്കാരാണ്, അവൻ എവിടെയാണ്, എൻറെ ജീവിതത്തിൽ അവൻറെ സ്ഥാനം എന്താണ്? യേശുവിനെ അടുത്തറിയുന്ന നമ്മുടെ അമ്മയായ മറിയം ഈ ചോദ്യത്തിൽ  സഹായമേകട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - പ്രളയബാധിതരെ അനുസ്മരിച്ച് പാപ്പാ

ശക്തമായ ചുഴലിക്കാറ്റുമൂലം ഉണ്ടായ വെള്ളപ്പൊക്ക ദുരന്തത്താൽ വലയുന്ന വിയെറ്റ്നാം, മ്യന്മാർ എന്നീ നാടുകളിലെ ജനങ്ങളെ പാപ്പാ ആശീർവ്വാദാനന്തരം അനുസ്മരിക്കുകയും അവർക്ക് തൻറെ സാമീപ്യം ഉറപ്പു നല്കുകയും ചെയ്തു. പ്രളയം ജീവനപഹരിച്ചവർക്കും ഈ ദുരന്തത്തിൽ മുറിവേറ്റവർക്കും അഭയാർത്ഥികളായിത്തീർന്നവർക്കും വേണ്ടിയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവർക്കും പാർപ്പിടം നഷ്ടപ്പെട്ടവർക്കും ദൈവസഹായവും അനുഗ്രഹവും ലഭിക്കുന്നതിനു വേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു.

നവവാഴ്ത്തപ്പെട്ട മൊയ്സേസ് ലീറ സെറഫീൻ   

മെക്സിക്കൊയിലെ മെക്സിക്കൊ നഗരത്തിൽ സെപ്റ്റംബർ 14-ന് ശനിയാഴ്ച, അമലോത്ഭവ മറിയത്തിൻറെ ഉപവിയുടെ പ്രേഷിതരുടെ സന്ന്യസ്ത സമൂഹത്തിൻറെ സ്ഥാപകൻ മൊയ്സേസ് ലീറ സെറഫീൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.  കർത്താവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും വളരാൻ ആളുകളെ സഹായിക്കാൻ ജീവിതം ഉഴിഞ്ഞു വച്ച നവവാഴ്ത്തപ്പെട്ടവൻ 1950-ലാണ് മരണമടഞ്ഞതെന്ന് പറഞ്ഞ പാപ്പാ ദൈവജനത്തിൻറെ ആത്മീയ നന്മയ്ക്കായി നിരുപാധികം ആത്മദാനമാകാൻ അദ്ദേഹത്തിൻറെ അപ്പൊസ്തോലിക തീക്ഷ്ണത വൈദികർക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിച്ചു.

അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് രോഗ ബാധിതർക്കായുള്ള ദിനം 

മസ്തിഷ്ക്കത്തെയും സുഷുമ്നാ നാഡിയെയും ബാധിക്കുന്ന അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS) രോഗബാധിതർക്കായുള്ള ദിനം ഇറ്റലിയിൽ ഈ ഞായറാഴ്ച ആചരിച്ച പശ്ചാത്തലത്തിൽ പാപ്പാ ആ രോഗികളെ പ്രത്യേകം  അനുസ്മരിച്ചു. അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥന പാപ്പാ ഉറപ്പുനല്കുകയും ഈ രോഗത്തെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങൾക്ക് പ്രചോദനം പകരുകയും ചെയ്തു.

യുദ്ധവേദികളെ അനുസ്മരിച്ച്

ലോകത്തിലെ രക്തരൂക്ഷിത യുദ്ധങ്ങളെക്കുറിച്ചു പരാമർശിച്ച പാപ്പാ ഉക്രൈയിനിലെയും മദ്ധ്യപൂർവ്വദേശത്തെയും മ്യാൻമറിലെയും മറ്റെല്ലാ പ്രദേശങ്ങളിലെയും യുദ്ധങ്ങളെക്കുറിച്ചു സൂചിപ്പിച്ചു. യുദ്ധത്തിനിരകളായ നിരവധിയായ നിരപരാധികളെ, മക്കളെ നഷ്ടപ്പെട്ട അമ്മമാരെ, വിച്ഛേദിക്കപ്പെട്ട യുവജീവിതങ്ങളെ, ഗാസയിൽ സെപ്റ്റംബറിൽ മറ്റ് അഞ്ച് ബന്ദികളോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ അമേരിക്കൻ ഇസ്രായേൽ വംശജനായ 23-കാരനായിരുന്ന ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിനെ പാപ്പാ അനുസ്മരിച്ചു. കഴിഞ്ഞ വർഷം നവംബറിൽ, പോളിൻറെ അമ്മ റെയ്ചലിന് താൻ കൂടിക്കാഴ്ച അനുവദിച്ചതിനെയും ആ അമ്മയുടെ മാനവികത തൻറെ ഹൃദയത്തെ സ്പശിച്ചതിനെയുംക്കുറിച്ചും പാപ്പാ പറഞ്ഞു. ഇരകളായ എല്ലാവർക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും ബന്ദികളുടെ കുടുംബങ്ങളുടെ ചാരെ താനുണ്ടെന്നും പാപ്പാ വെളിപ്പെടുത്തി.പലസ്തീൻ-ഇസ്രായേൽ സംഘർഷവും വിദ്വേഷവും അവസാനിക്കട്ടെയെന്നും ബന്ദികൾ വിട്ടയയ്ക്കപ്പെടട്ടെയെന്നും  ചർച്ചകൾ തുടരുകയും സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യപ്പെടട്ടെയെന്നും പാപ്പാ ആശംസിച്ചു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow