യേശുവുമായുള്ള വ്യക്തിബന്ധമാണ് അവനെ ജീവിതത്തിൽ തിരിച്ചറിയുവാനുള്ള മാർഗം

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം ഇരുപത്തിനാലാം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - മാർക്കോസ് 8, 27- 35

Sep 16, 2024 - 12:51
 0  3
യേശുവുമായുള്ള വ്യക്തിബന്ധമാണ് അവനെ ജീവിതത്തിൽ തിരിച്ചറിയുവാനുള്ള മാർഗം

യേശുവിൽ ഏറെ സ്നേഹം നിറഞ്ഞവരെ

ആണ്ടുവട്ടക്കാലം ഇരുപത്തിനാലാം ഞായറാഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ക്രൈസ്തവ ജീവിതത്തിൽ വിശ്വാസത്തിന്റെയും, വിശ്വാസപൂർണ്ണമായ പ്രവൃത്തികളുടെയും പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് ഇന്നത്തെ വചനവായനകളെല്ലാം. ജീവിക്കുന്നവരുടെ നാട്ടിൽ ദൈവസാന്നിധ്യത്തിൽ ഞാൻ നടക്കുമെന്ന പ്രതിവചനസങ്കീർത്തനത്തിന്റെ അർത്ഥപൂർത്തീകരണമാണ് മറ്റുവായനകളിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്. വളരെ പ്രത്യേകമായി വിശ്വാസാധിഷ്ഠിതമായ ഒരു ജീവിതത്തിനു മങ്ങലേൽക്കുന്ന ഈ ഉത്തരാധുനികകാലഘട്ടത്തിൽ, ദൈവവിശ്വാസം അനുദിന ജീവിതത്തിൽ എപ്രകാരം ജീവിക്കണമെന്ന് ഇന്നത്തെ വായനകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു

ദൈവദാസൻ തന്റെ സഹനത്തിലൂടെ എപ്രകാരമാണ് ദൈവഹിതം പൂർത്തീകരിക്കുന്നതെന്നതാണ് ആദ്യവായനയിലൂടെ ഏശയ്യാ പ്രവാചകൻ നമുക്ക് പറഞ്ഞുതരുന്നത്. വെല്ലുവിളികൾക്കു നടുവിലും, ദൈവത്തെ ശ്രവിക്കുവാനും, തദനുസരണം പ്രവർത്തിക്കുവാനുമുള്ള കടമയാണ് ഓരോ ദൈവദാസന്റേതുമെന്ന് പ്രവാചകൻ പറയുമ്പോൾ, ഇന്നും ദൈവവിശ്വാസികളായ നമ്മുടെ ജീവിതത്തെ പറ്റി ചിന്തിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. കർത്താവിന്റെ ദാസനെ പറ്റിയുള്ള മൂന്നാമത്തെ വിവരണമാണ് ഇന്നത്തെ ആദ്യവായനയിൽ നാം കേട്ടത്.

നിന്ദനങ്ങളെയെല്ലാം രക്ഷയ്ക്ക് വേണ്ടി ഏറ്റെടുത്തുകൊണ്ട് ദൈവത്തിൽ ആശ്രയം വച്ച് ജീവിക്കുന്ന. ഒരാളായിട്ടാണ് കർത്താവിന്റെ ദാസനെ പ്രവാചകൻ വിവരിക്കുന്നത്. ഒരു പക്ഷെ യേശുവിനെ പറ്റിയും, രക്തസാക്ഷികളെയും പറ്റിയുള്ള ഒരു വിവരണമാണിതെങ്കിലും, ഓരോ ക്രൈസ്തവന്റെ ജീവിതത്തെയും ഈ വിവരണത്തിലൂടെ പ്രവാചകൻ എടുത്തുകാണിക്കുന്നു.

ക്രിസ്തുവിനെ പിഞ്ചെല്ലുന്ന ഓരോ വ്യക്തിക്കും, കുരിശിന്റെ വഴിയിലൂടെയുള്ള തീർത്ഥാടനം ഒഴിച്ചുകൂടാനാവാത്തതാണ്. പക്ഷെ ഈ വഴികളിൽ നാം ഒറ്റക്കല്ല എന്ന സത്യം തിരിച്ചറിയുന്നതിനും, ദൈവത്തിന്റെ ശക്തമായ കരം കൂടെയുണ്ടെന്ന ഉറപ്പ് അരക്കിട്ടുറപ്പിക്കുവാനും ഇന്നത്തെ ഒന്നാം വായന നമ്മെ ക്ഷണിക്കുന്നു. ഒരു പക്ഷെ മാനുഷികമായി നാം ചിന്തിച്ചേക്കാം, എന്തുകൊണ്ടാണ് ദൈവം നമുക്ക് സഹനങ്ങൾ നൽകുന്നതെന്ന്? ഒരു സഹനവും ദൈവത്തോട് ചേർന്ന് നിന്ന് ജീവിക്കുകയാണെങ്കിൽ പാഴായിപ്പോവുകയില്ല, മറിച്ച് അത് സഹജരുടെ ആത്മരക്ഷയ്ക്കും, സ്വയം നവീകരണത്തിനും ഉപകരിക്കും എന്നതാണ് ഒന്നാം വായന നമുക്ക് നൽകുന്ന ഉറപ്പും, തുടർന്ന് വിശുദ്ധരുടെയും, രക്തസാക്ഷികളുടെയും ജീവിതം വഴിയായി സാക്ഷ്യപ്പെടുത്തുന്നതും. സുവിശേഷത്തിലെ അഷ്ടസൗഭാഗ്യങ്ങളുടെ ഒരു മുന്നാസ്വാദനം എന്ന രീതിയിലും ഏശയ്യാ പ്രവാചകന്റെ ഈ വചനങ്ങളെ നമുക്ക് മനസിലാക്കാവുന്നതാണ്. മനുഷ്യജീവിതത്തിലെ യഥാർത്ഥ നീതിയുടെ അടിസ്ഥാനവും കർത്താവിന്റെ ഈ സാമീപ്യമാണെന്നും പ്രവാചകൻ എടുത്തു പറയുന്നുണ്ട്. ഈ ദൈവീക സാന്നിധ്യം അനുഭവിക്കുന്നതിനും, അത് മറ്റുള്ളവർക്ക് പകർന്നുനല്കുന്നതിനും നമ്മെ സഹായിക്കുന്നതാണ് വിശ്വാസജീവിതം. 

എന്നാൽ  വിശ്വാസം മനുഷ്യജീവിതത്തിലെ അനുദിന പ്രവൃത്തികളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് രണ്ടാമത്തെ വായനയിലൂടെ യാക്കോബ് ശ്ലീഹ നമ്മെ ഓർമ്മിപ്പിക്കുന്നത്. പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം നിർജീവമാണെന്ന ശ്ലീഹായുടെ കഠിനവാക്കുകൾ, എത്രമാത്രം വിശ്വാസം ജീവിതം വഴിയായി സാക്ഷ്യപ്പെടുത്തണമെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. വിശ്വാസമെന്നത്, ചിലപ്പോഴെങ്കിലും നാം മനസ്സിലാക്കിയിരിക്കുന്നത്, ജീവിതത്തിൽ അകന്നുനിൽക്കുന്ന ഒരു ‘ചിന്ത’യായിട്ടാണ്. അതുകൊണ്ടുതന്നെയാണ് സമൂഹത്തിൽ വിശ്വാസം ഏറെ ചർച്ചകൾക്ക് വിധേയമാകുന്നത്. ജീവിതത്തെ വേർപെടുത്തിക്കൊണ്ട് വിശ്വാസത്തെ നമുക്ക് മനസിലാക്കുക അസാധ്യമാണ്. വിശ്വാസം ഒരു തരത്തിലും, ജീവിതം മറ്റൊരു തരത്തിലും കാണപ്പെടുന്ന ആളുകൾ ക്രൈസ്തവീകതയുടെ ആധികാരികത്വം നഷ്ടപ്പെട്ടുപോയവരാണ്. 

അതിനാൽ വിശ്വാസത്തിനു ജീവിതം കൊണ്ട് സാക്ഷ്യം നൽകുവാനും, ജീവൻ നല്കുവാനുമുള്ള ക്ഷണമാണ് ശ്ലീഹ നൽകുന്നത്. ഈ വിശ്വാസത്തിന്റെ പ്രകടനമായ പ്രാർത്ഥനയെപ്പറ്റിയും യാക്കോബ് ശ്ലീഹ പഠിപ്പിക്കുന്നുണ്ട്. അധരങ്ങൾ കൊണ്ടുള്ള പുകഴ്ചയേക്കാൾ, ജീവിതം കൊണ്ടുള്ള ആരാധനയാണ് യേശു ആഗ്രഹിക്കുന്നതെന്നുള്ള വചനങ്ങൾ, ജീവിതത്തിന്റെ പൂർണ്ണമായുള്ള സമർപ്പണത്തെ എടുത്തു കാണിക്കുന്നു. ഈ വിശ്വാസജീവിതം ആരംഭിക്കേണ്ടത്, ഒരിക്കലും അസാധാരണമായ  കാര്യങ്ങൾ നിറവേറ്റിക്കൊണ്ടല്ല, മറിച്ച് ലളിതവും സാധാരണവുമായ ജീവിതത്തിൽ, യേശുവിന്റെ സ്നേഹത്തിന്റെയും, പ്രത്യാശയുടെയും സുവിശേഷം പ്രഘോഷിച്ചുകൊണ്ടാകണം. അങ്ങനെ വിശ്വാസം ജീവിതം വഴി പ്രഘോഷിക്കുമ്പോഴാണ്, ക്രിസ്തു വ്യക്തിജീവിതത്തിൽ ആരാണെന്നുള്ള തിരിച്ചറിവ് നമുക് കൈവരികയുള്ളൂ.

സുവിശേഷം, വിശ്വാസത്തെ അളക്കുന്ന ഒരു ചോദ്യമാണ് നമുക്ക് മുൻപിൽ വയ്ക്കുന്നത്. യേശു ചോദിക്കുന്നു, 'ഞാൻ ആരാണ്?'. പൊതുവായ ചോദ്യത്തിൽ നിന്നും തന്നെ പിന്തുടരുകയും, തന്നിൽ വിശ്വാസമർപ്പിക്കുകയും ചെയ്ത തിരഞ്ഞെടുക്കപ്പെട്ടവരോട് ചോദിക്കുന്നത്, "ഞാൻ നിങ്ങൾക്ക് ആരാണെന്നുള്ളതാണ്?". ഉത്തരങ്ങൾ പലതും വന്നുവെങ്കിലും യേശു തൃപ്തനായില്ല. കാരണം അവൻ താൻ തിരഞ്ഞെടുത്തവരിൽ നിന്നും മഹത്വമേറിയവ ആഗ്രഹിക്കുന്നുണ്ട്. പത്രോസ് ഒരുപക്ഷെ ഉള്ളിൽ ദൈവത്തോട് ചോദിച്ചിട്ടുണ്ടാകും, ഈ ചോദ്യത്തിന് ഒരു ഉത്തരം നൽകണമേയെന്ന്. തുടർന്ന് അവൻ പറയുന്നത് 'നീ ജീവിക്കുന്ന ക്രിസ്തുവാണെന്നാണ്'. നേരിട്ടുള്ള ഒരു പ്രസ്താവനയാണ് പത്രോസ് നടത്തുന്നത്. പക്ഷെ അവൻ ബുദ്ധി ഉപയോഗിച്ച്, ചിന്തിച്ചായിരുന്നു ഈ ഉത്തരം കണ്ടെത്തിയിരുന്നുവെങ്കിൽ യേശു തൃപ്തനാകുമായിരുന്നില്ല.

മറിച്ച് അവൻ ആത്മാവിലാണ് ഈ പ്രഖ്യാപനം നടത്തുന്നത്. പക്ഷെ ഉത്തരം പറഞ്ഞതുകൊണ്ട് മാത്രം ജീവിതം പൂർണ്ണമാകുകയോ, വിശുദ്ധിയുടെ ഉത്തുംഗശ്രേണിയിലേക്ക് കയറുകയോ ചെയ്യുന്നില്ല. മറിച്ച് അവൻ സഹനത്തിന്റെ തീർത്ഥാടനം ആരംഭിക്കുന്നു. കുരിശുകൾ ഒഴിവാക്കുവാൻ മാനുഷികമായ ആഗ്രഹം നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിലും, വിശുദ്ധിക്ക് വേണ്ടി, അന്യന്റെ നന്മക്ക് വേണ്ടി നാം ചെയ്യുന്ന ത്യാഗങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണെന്നും വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. മാനുഷിക ചിന്തകളെ നമുക്ക് ഒഴിവാക്കുവാൻ സാധിച്ചില്ലെങ്കിൽ തന്നെയും, അവയെ ദൈവീകതയിലേക്ക് ഉയർത്തുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. ഒപ്പം വ്യക്തിപരമായ ബന്ധം, യേശുവിനോടു സ്ഥാപിക്കുവാനും വായന നമ്മെ ആഹ്വാനം ചെയ്യുന്നു.

രാജകീയമായ ഒരു മിശിഹാത്വം പ്രതീക്ഷിച്ചിരുന്ന ജനതയുടെ ഇടയിലേക്കാണ്, കാലിത്തൊഴുത്തിൽ യേശു ഭൂജാതനാകുന്നത്. തുടർന്ന് സിംഹാസനത്തിൽ ഉപവിഷ്ടനാകുന്നതിനുപകരം, അവൻ തിരഞ്ഞെടുത്തത് കല്ലിന്റെ ചെറുകഷണങ്ങൾ നിർമ്മിച്ച ഇരിപ്പിടങ്ങളായിരുന്നു. മന്ത്രിമാരുടെയും, പരിവാരങ്ങളുടെയും അകമ്പടിയിൽ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടവൻ, യാത്ര ചെയ്തത് സമൂഹത്തിൽ അധസ്ഥിതരായി കഴിഞ്ഞ ജനതയോടൊപ്പമാണ്. തോളിൽ ചുവന്ന പട്ടു ഉടുക്കേണ്ടവൻ ചുമന്നത് പരിഹാസത്തിന്റെ അടയാളമായിരുന്ന കുരിശായിരുന്നു. അവസാനം സർവ്വപ്രപഞ്ചത്തിന്റെയും അധിപനായവൻ ആകാശത്തിനും, ഭൂമിക്കും മദ്ധ്യേ തന്റെ ജീവിതം സമർപ്പിക്കുന്നു. തുടർന്ന് അവന്റെ ഉത്ഥാനമാണ്, നമ്മുടെ വിശ്വസത്തിന്റെ അടിസ്ഥാനം. ഈ വിശ്വാസം സഹനത്തിന്റെ തീച്ചൂളയിൽ നിർമ്മിക്കപ്പെതാണ്. പക്ഷെ അവൻ ഒറ്റയ്ക്കായിരുന്നില്ല, മറിച്ച് പിതാവിനോടൊപ്പം കൂട്ടായ്മയിൽ ആയിരുന്നു. ഇന്നു ക്രിസ്തു നമ്മെ വിളിക്കുന്നതും , ഈ വിശ്വാസം,  ജീവിതം വഴി അനേകായിരങ്ങൾക്ക് മാർഗ്ഗ ദീപമായിരിക്കട്ടെ എന്നുള്ള ആശംസയോടെയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow