വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി- ഡിജിപി അസാധാരണ കൂടിക്കാഴ്ച; എഡിജിപി അജിത് കുമാര്‍ നാല് ദിവസത്തെ അവധിയില്‍

പൊലീസ് തലപ്പത്തെ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും തമ്മില്‍ അസാധാരണ കൂടിക്കാഴ്ച.

Sep 8, 2024 - 12:10
 0  3
വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി- ഡിജിപി അസാധാരണ കൂടിക്കാഴ്ച; എഡിജിപി അജിത് കുമാര്‍ നാല് ദിവസത്തെ അവധിയില്‍

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും തമ്മില്‍ അസാധാരണ കൂടിക്കാഴ്ച.

രാത്രി ഏഴരയോടെ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. എഡിജിപി എം.ആർ അജിത്കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.

എഡിജിപി എം.ആർ അജിത്കുമാറിനെതിരെയടക്കമുള്ള പി.വി അൻവറിന്റെ ആരോപണങ്ങളില്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചു. ഇവ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികള്‍. കൊലപാതകം, സ്വർണക്കടത്ത് കേസില്‍ പങ്ക്, മരംമുറി കേസില്‍ പങ്ക്, വ്യവസായി മാമിയുടെ തിരോധാനക്കേസില്‍ പങ്ക് തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും അൻവർ ഉയർത്തിയത്.

ഇതില്‍ മാമി തിരോധാനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിനാല്‍ ക്രൈംബ്രാഞ്ച് മേധാവിയെയും കൂടിക്കാഴ്ചയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്ന് മുഖ്യമന്ത്രി ചോദിച്ചറിയുകയും ചെയ്തു. നാളെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുക. സാധാരണഗതിയില്‍ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ പോയാണ് ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താറുള്ളത്. എന്നാല്‍ ഇന്ന് ഡിജിപിയെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിക്കുകയായിരുന്നു.

ഇതിനിടെ, എഡിജിപി എം.ആർ അജിത് കുമാർ നാല് ദിവസത്തെ അവധിയില്‍ പ്രവേശിച്ചു. ഈ മാസം 14 മുതലാണ് അവധി. ഓണം പ്രമാണിച്ചുള്ള അവധിയെന്നാണ് അപേക്ഷയിലെ വിശദീകരണം. ഭരണകക്ഷി എംഎല്‍എ ഉയർത്തിയ ആരോപണങ്ങളില്‍ സർക്കാർ പ്രതിരോധത്തിലായി നില്‍ക്കെ ആർഎസ് എസ് നേതാവുമായി എഡിജിപി അജിത്കുമാർ കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്തുവന്നിരുന്നു. ഇക്കാര്യം എഡിജിപി സമ്മതിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയപ്പോഴാണ് സമ്മതിച്ചത്.

ആർഎസ്‌എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായിട്ടായിരുന്നു കൂടിക്കാഴ്ച. സ്വകാര്യ സന്ദർശനം ആയിരുന്നെന്നാണ് അജിത് കുമാറിന്റെ വാദം. ആർഎസ്‌എസ് നേതാവിൻ്റെ കാറിലാണ് എഡിജിപി എത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ദത്താത്രേയ തൃശൂരില്‍ താമസിച്ച പഞ്ചനക്ഷത്രഹോട്ടലില്‍ എഡിജിപി എം.ആർ.അജിത്കുമാർ എത്തിയിരുന്നതായി അടുത്തദിവസം തന്നെ സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർഎസ്‌എസിന്റെ സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയായ മലയാളിക്കൊപ്പമാണ് 2023 മെയ് 22ന് എ‍ഡിജിപി സന്ദർശിച്ചതെന്നും സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്കില്‍ എവിടെയെല്ലാം പോയെന്നു രേഖപ്പെടുത്തും. അതൊഴിവാക്കാൻ ഔദ്യോഗിക വാഹനം ഒഴിവാക്കിയായിരുന്നു യാത്ര. പകരം വിജ്ഞാനഭാരതി ഭാരവാഹി വന്ന കാറിലാണ് എഡിജിപി പോയത്.

എഡിജിപി- ആർഎസ്‌എസ് നേതാവ് കൂടിക്കാഴ്ച സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനായി എഡിജിപി എം.ആർ.അജിത്കുമാർ പൂരം കലക്കിയെന്ന് പി.വി.അൻവർ എംഎല്‍എ ആരോപിച്ചിരുന്നു.

എം.ആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്‌എസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. 2023 മെയ് 20 മുതല്‍ 22 വരെ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറില്‍ നടന്ന ആർഎസ്‌എസ് ക്യാംപില്‍ വച്ച്‌ അജിത്കുമാർ ചർച്ച നടത്തിയെന്നായിരുന്നു വി.ഡി സതീശന്റെ വെളിപ്പെടുത്തല്‍. അജിത്കുമാർ ഔദ്യോഗിക വാഹനം നിർത്തിയിട്ട ഹോട്ടലിന്റെ പേരുള്‍പ്പെടെ സതീശൻ പുറത്തുവിട്ടിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow