സ്കൂൾ കലോത്സവം നാലാം ദിനത്തിലേക്ക്; സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂർ മുന്നിൽ

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ നാലാം ദിനത്തിലേക്ക് കടക്കുകയാണ്.

Jan 8, 2025 - 00:34
 0  4
സ്കൂൾ കലോത്സവം നാലാം ദിനത്തിലേക്ക്; സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂർ മുന്നിൽ

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ നാലാം ദിനത്തിലേക്ക് കടക്കുകയാണ്. നാളെ സമാപനത്തിലേക്ക് അടുക്കുമ്പോൾ മത്സരാവേശവും ഉയരുകയാണ്. സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ  ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മൂന്ന് ദിവസങ്ങളിലായി 249 മത്സരങ്ങളിൽ 179 എണ്ണം പൂർത്തിയായി. ഹൈസ്‌കൂൾ പൊതുവിഭാഗത്തിൽ 69, ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 79, ഹൈസ്‌കൂൾ അറബിക് വിഭാ​ഗത്തിൽ 16, ഹൈസ്കൂൾ സംസ്‌കൃത വിഭാഗത്തിൽ 15 ഇനങ്ങൾ വീതമാണ് പ‍ൂ‍ർത്തിയായിരിക്കുന്നത്. ഇനി ബാക്കിയുള്ളത് 70 മത്സരങ്ങൾ മാത്രമാണ്.

713 പോയിൻ്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരാണ് മുന്നിൽ. 708 പോയിന്‍റുമായി കോഴിക്കോടും തൃശൂരും തൊട്ടു പിന്നാലെയുണ്ട്. 702 പോയിന്‍റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്‍ററി സ്കൂൾ 123 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം കാ‍‍ർമൽ ഹയർ സെക്കന്ററി സ്കൂൾ 93 പോയിന്‍റുമായി രണ്ടാം സ്ഥാനത്തായി. 

കുച്ചിപ്പുടി, തിരുവാതിര കളി, നാടോടി നൃത്തം, ദഫ് മുട്ട്, ചവിട്ടുനാടകം, കേരളനടനം, കോൽക്കളി, ആൺകുട്ടികളുടെ ഭരതനാട്യം, പരിചമുട്ട്, ഓട്ടൻ തുള്ളൽ, കഥകളി, ദേശഭക്തിഗാനം, മൂകാഭിനയം, മലപ്പുലയ ആട്ടം, സംഘഗാനം, കഥാപ്രസംഗം, ബാൻഡ് മേളം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങളാണ് ഇന്നലെ നടന്നത്.

ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷണപ്പന്തൽ സന്ദർശിച്ചിരുന്നു. പായസം കുടിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വേദി മൂന്നായ ടാഗോർ തിയേറ്ററിൽ നടക്കുന്ന ഹൈസ്കൂൾ വിഭാഗം നാടക മത്സരം, വേദി ഒന്നിൽ ഉച്ചയ്ക്ക് നടക്കുന്ന ഹൈസ്കൂൾ വിഭാഗം സംഘനൃത്തം, വേദി അഞ്ചിൽ നടക്കുന്ന ഹയർ സെക്കന്ററി വിഭാഗം നാടോടി നൃത്തം എന്നിവയാണ് ഇന്നത്തെ ജനകീയ ഇനങ്ങൾ. ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ മോണോ ആക്റ്റ്, മിമിക്രി മത്സരങ്ങളും ഇന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow