ക്രൈസ്തവസഭകൾ മാനവവികസനത്തിനായി ഒരുമിച്ചു പ്രവർത്തിക്കണം: ഫ്രാൻസിസ
2024 ഓഗസ്റ്റ് 28 മുതൽ 30 വരെ ഇറ്റലിയിലെ ത്രാനിയിൽ നടക്കുന്ന പതിനേഴാമത് അന്തർക്രൈസ്തവ സിമ്പോസിയത്തിൽ സംബന്ധിക്കുന്നവർക്കും, തദവസരത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട്, ഫ്രാൻസിസ് പാപ്പാ
2024 ഓഗസ്റ്റ് 28 മുതൽ 30 വരെ ഇറ്റലിയിലെ ത്രാനിയിൽ നടക്കുന്ന പതിനേഴാമത് അന്തർക്രൈസ്തവ സിമ്പോസിയത്തിൽ സംബന്ധിക്കുന്നവർക്കും, തദവസരത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട്, ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. അനുദിനം അഭൂതപൂർവമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന മാനവികബന്ധത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇത്തവണത്തെ സിമ്പോസിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റോമിലെ അന്തോണിയാനും സർവകലാശാലയിലെ ഫ്രാൻസിസ്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വലിറ്റിയും, അരിസ്റ്റോട്ടിൽ യൂണിവേഴ്സിറ്റി ഓഫ് തെസ്സലോനിക്കിയിലെ ഓർത്തഡോക്സ് ദൈവശാസ്ത്ര വിഭാഗവും സംയുക്തമായിട്ടാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.
നരവംശശാസ്ത്രപരമായ മാറ്റത്തിന്റെ കാലത്ത്, കത്തോലിക്കരും, ഓർത്തോഡോക്സുകാരും തമ്മിലുള്ള മൂർത്തമായ സഹകരണത്തിന്റെ അതുല്യമായ അനുഭവം സമ്മാനിക്കുന്ന ഈ സിമ്പോസിയത്തിന്റെ സംഘടകരെ പാപ്പാ പ്രത്യേകം അഭിനന്ദിക്കുന്നതായി സന്ദേശത്തിൽ എടുത്തു പറയുന്നു. നരവംശശാസ്ത്രപരിവർത്തനം ഇന്ന് ഒരു വിപ്ലവമായി മാറിയിരിക്കുന്നുവെന്നും, ഇവ മാനുഷികജീവിതത്തെ ഒരു പുനർവിചിന്തനത്തിലേക്കു നയിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. വാസ്തവത്തിൽ, സൃഷ്ടിയിലുടനീളം മനുഷ്യന്റെ സവിശേഷത, മറ്റ് മൃഗങ്ങളുമായുള്ള ബന്ധത്തിൽ അവന്റെ സവിശേഷത, യന്ത്രങ്ങളുമായുള്ള ബന്ധം എന്നിവ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതായും പാപ്പാ പറഞ്ഞു.
അസ്തിത്വത്തിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും മനസിലാക്കുന്ന രീതികൾ മാറ്റത്തിന് വിധേയമാകുന്നുവെന്നും പാപ്പാ പറഞ്ഞു. എന്നാൽ ഈ മാറ്റങ്ങളെ, നിഷേധവും, വിമർശനവും മാത്രം ഉപയോഗിച്ചുകൊണ്ട് പ്രതികരിക്കുകയല്ല വേണ്ടതെന്നും മറിച്ച്, ചിന്തയെയും തിരഞ്ഞെടുപ്പുകളെയും പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ള ഒരു അഗാധമായ പ്രതിഫലനം ആവശ്യമാണെന്നും പാപ്പാ അടിവരയിട്ടുപറഞ്ഞു. ഈ വെല്ലുവിളി എല്ലാ വിഭാഗങ്ങളിലും പെട്ട ക്രൈസ്തവരെ ബാധിക്കുന്നുണ്ടെന്നും, അതിനാൽ കത്തോലിക്കരും ഓർത്തഡോക്സുകാരും ചേർന്ന് ഈ വിഷയത്തിന്മേൽ ചർച്ചകൾ നടത്തുന്നുവെന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. മനുഷ്യാന്തസ്സ് സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ക്രൈസ്തവസഭകൾക്കെല്ലാവർക്കും ഉണ്ടെന്നും, ഐക്യത്തിൽ അത് പ്രാവർത്തികമാക്കുവാൻ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
What's Your Reaction?