സാധാരണ മനുഷ്യരുടെ ജീവിതത്തിൽ പുഞ്ചിരി പകരുന്ന കലാകാരന്മാർക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ

യുദ്ധങ്ങളും സംഘർഷങ്ങളും സാധാരണ ജനജീവിതം ബുദ്ധിമുട്ടേറിയതാക്കുന്ന ഇക്കാലത്ത്, ജനങ്ങളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും സർക്കസ്

Aug 2, 2024 - 12:32
 0  7
സാധാരണ മനുഷ്യരുടെ ജീവിതത്തിൽ പുഞ്ചിരി പകരുന്ന കലാകാരന്മാർക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ

യുദ്ധങ്ങളും സംഘർഷങ്ങളും സാധാരണ ജനജീവിതം ബുദ്ധിമുട്ടേറിയതാക്കുന്ന ഇക്കാലത്ത്, ജനങ്ങളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും സർക്കസ് കൂടാരങ്ങളിലുൾപ്പെടെയുള്ള കലാകാരന്മാർ ചെയ്യുന്ന ശ്രമങ്ങളെ പിന്തുണച്ച് ഫ്രാൻസിസ് പാപ്പാ. റോമിന്റെ പടിഞ്ഞാറൻ തീരത്തുള്ള ഓസ്തിയായിൽ ലൂണാ പാർക്കിൽ സർക്കസ് അവതരിപ്പിക്കുന്ന കലാകാരന്മാരെയും, അവരുൾപ്പെടെയുള്ള വിവിധ സമൂഹങ്ങൾക്ക് സമർപ്പിതശുശ്രൂഷ ചെയ്യുന്ന സി. ജെനെവിയേവ് ഷനിൻഗ്രോയെയും കാണുവാനായി എത്തിയ അവസരത്തിലാണ് ജനങ്ങളുടെ ജീവിതം സന്തോഷപൂർണ്ണമാക്കുന്ന ഇത്തരം കലാകാരന്മാർക്ക് പാപ്പാ നന്ദി പറഞ്ഞത്.

ജൂലൈ 31 ബുധനാഴ്ച ഉച്ചകഴിഞ്ഞാണ്‌ തന്റെ ഫിയറ്റ് കാറിൽ, ഓസ്തിയ തീരത്ത് പാപ്പായെത്തിയത്. പാർക്കിലെത്തിയ പാപ്പാ, അതിനുള്ളിൽ സ്ഥിതിചെയ്യുന്ന, "നാടോടികലകളുടെയും, സർക്കസുകാരുടെയും സംരക്ഷകയായ മാതാവ്" എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം ആശീർവദിക്കുകയും, പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുകയും ചെയ്‌തു.

ലൂണാ പാർക്കിലെത്തിയ പാപ്പായെ എതിരേറ്റത് ഫ്രഞ്ചുകാരിയായ സി. ജെനെവിയേവ് ഷനിൻഗ്രോയായിരുന്നു. എൺപത്തൊന്നുകാരിയായ സി. ജെനെവിയേവ് ഏതാണ്ട് അറ നൂറ്റാണ്ടായി, ചാൾസ് ദേ ഫൂക്കോയുടെ ആധ്യാത്മികശൈലി പിന്തുടർന്ന്, സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ആയിപ്പോയ ആളുകൾക്ക് സേവനമേകി വരികയാണ്. നാടോടികൾ, സർക്കസുകാർ, ഭിന്നലിംഗക്കാർ ഉൾപ്പെടുന്ന സമൂഹങ്ങൾ എന്നിവർക്ക് സമർപ്പിതശുശ്രൂഷ ചെയ്യുന്ന സി. ജെനെവിയേവ്, വത്തിക്കാനിൽ ബുധനാഴ്ചകളിൽ പാപ്പാ അനുവദിക്കുന്ന പൊതുകൂടിക്കാഴ്ചാവേളകളിലെ നിത്യസാന്നിധ്യമാണ്.

സർക്കസുകാർക്കും അവിടെയെത്തിയ കൊച്ചുകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമൊപ്പം സമയം ചിലവഴിച്ച പാപ്പാ, ആളുകളെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതിന് കലാകാരന്മാർക്ക് നന്ദി പറഞ്ഞു. പാപ്പായ്ക്കായി കലാകാരന്മാർ ചില വിനോദപ്രകടനങ്ങൾ നടത്തുകയും, അവിടെയുണ്ടായിരുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും പാപ്പായുമായി സംവദിക്കുകയും ചെയ്തു.

വിവിധ രാഷ്ട്രനേതാക്കൾ ഉപദേശം തേടി പാപ്പായെ അന്വേഷിക്കുമ്പോൾ, തങ്ങൾക്കൊപ്പമായിരിക്കാൻ സമയം കണ്ടെത്തിയതിനും ഇതിലൂടെ പാപ്പാ വെളിവാക്കുന്ന എളിമയ്ക്കും നന്ദി പറയുന്നുവെന്ന് ജനത്തോടൊപ്പമുണ്ടായിരുന്ന ഒരു യുവാവ് വിളിച്ചുപറഞ്ഞത് ഏവരിലും കൗതുകമുണർത്തി.

തങ്ങൾക്കൊപ്പം സമയം ചിലവഴിക്കാൻ മനസ്സുകാണിച്ച പാപ്പായ്ക്ക് സി. ജെനെവിയേവും, സർക്കസ് കലാകാരന്മാരും നന്ദി പറഞ്ഞു. 2015-ലും പാപ്പാ തങ്ങൾക്കൊപ്പം കുറച്ചു സമയം പങ്കുവയ്ക്കാനെത്തിയത് അവർ അനുസ്മരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow