വിശ്വാസം ജീവിതത്തിലേക്കു വിവർത്തനം ചെയ്യുന്ന യൗസേപ്പിതാവ്
ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം
പതിവുപോലെ ഈ ബുധനാഴ്ചയും (29/01/25) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ പൊതുദർശന പരിപാടിയിൽ സംബന്ധിക്കാനെത്തിയിരുന്നു. പൊതുകൂടിക്കാഴ്ചാവേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയായിരുന്നു. ചക്രക്കസേരയിലിരുന്നു ശാലയിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നു ശേഷം, പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില് വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
“യേശുക്രിസ്തുവിൻറെ ജനനം ഇപ്രകാരമായിരുന്നു: അവൻറെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനു മുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായികാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവൻ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിൻെറ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിൻറെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. എന്തെന്നാൽ, അവൻ തൻറെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും.” മത്തായിയുടെ സുവിശേഷം, അദ്ധ്യായം 1, 18-21 വരെയുള്ള വാക്യങ്ങൾ.
ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പ്രത്യാശയുടെ ജൂബിലിയോടനുബന്ധിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധന പരമ്പര തുടർന്നു. വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന യൗസേപ്പിനോടുള്ള ദൈവദൂതൻറെ അറിയിപ്പായിരുന്നു യേശുവിനെക്കുറിച്ചുള്ള പാപ്പായുടെ വിചിന്തനത്തിനാധാരം. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:
യേശുവിൻറെ പിതൃത്വം ഏറ്റെടുക്കുന്ന യൗസേപ്പ്
പ്രിയ സഹോദരീ സഹോദരന്മാര, ശുഭദിനം!
യേശുവിനെക്കുറിച്ചുള്ള മനനം, അവിടത്തെ ബാല്യകാല സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന അവിടത്തെ ജനനനരഹസ്യത്തിലൂടെ നമുക്കു തുടരാം.
അമ്മയായ കന്യകാമറിയത്തിൻറെ വീക്ഷണത്തിൽ അതു ചെയ്യാൻ ലൂക്കാ നമുക്ക് വഴിയൊരുക്കുമ്പോൾ മത്തായിയാകകട്ടെ, യേശുവിനെ ജെസെയുടെ കുറ്റിയിൽ ഒട്ടിച്ചുചേർക്കുകയും ദാവിദിന് ലഭിച്ച വാഗ്ദാനവുമായി ബന്ധപ്പെടുത്തുകയും ചെയ്തുകൊണ്ട്, അവൻറെ നിയമപരമായ പിതൃത്വം ഏറ്റെടുക്കുന്ന ജോസഫിൻറെ വീക്ഷണകോണിൽ സ്വയം പ്രതിഷ്ഠിക്കുന്നു.
ജെസ്സെയുടെ കുറ്റിയിൽ നിന്നു കിളിർക്കുന്ന മുള
വാസ്തവത്തിൽ യേശുവാണ് ഇസ്രായേലിൻറെ സഫലീകൃതമാകുന്ന പ്രത്യാശ: അവൻ ദാവീദിന് വാഗ്ദാനം ചെയ്യപ്പെട്ട പിന്തുടർച്ചക്കാരനാണ് (2 സാമുവേൽ 7:12; 1 ദിനവൃത്താന്തം 17:11 കാണുക), ദാവീദിൻറെ ഭവനത്തെ അവൻ "എന്നേക്കും അനുഗ്രഹീതമാക്കുന്നു" (2 ശമു 7:29). ); ജെസ്സെയുടെ കുറ്റിയിൽനിന്ന് കിളിർത്തുവരുന്ന മുളയാണ്, (ഏശയ്യ 11:1 കാണുക) നിയമവും നീതിയും എങ്ങനെ പ്രയോഗിക്കണമെന്ന് അറിയാവുന്ന ഒരു യഥാർത്ഥ രാജാവായി വാഴാൻ നിയുക്തനായ "നീതിയുള്ള മുള"യാണ് അവൻ (ജെറമിയ 23:5; 33:15 കാണുക).
ജോസഫിൻറെ രംഗപ്രവേശം
മത്തായിയുടെ സുവിശേഷത്തിൽ ജോസഫ് രംഗപ്രവേശം ചെയ്യുന്നത് മറിയത്തിൻറെ പ്രതിശ്രുത വരനായിട്ടാണ്. യഹൂദരെ സംബന്ധിച്ചിടത്തോളം വിവാഹനിശ്ചയം ഒരു യഥാർത്ഥ നിയമപരമായ ബന്ധമായിരുന്നു, അത് ഏകദേശം ഒരു വർഷത്തിനു ശേഷം സംഭവിക്കാൻ പോകുന്ന കാര്യത്തിന്, അതായത് വിവാഹാഘോഷത്തിന് തയ്യാറെടുക്കലായിരുന്നു. ആ ആഘോഷത്തോടെ ആയിരുന്നു സ്ത്രീ പിതാവിൻറെ സംരക്ഷണയിൽ നിന്ന് ഭർത്താവിൻറെ സംരക്ഷണയിലേക്കു കടന്നിരുന്നത്, അപ്പോൾ അവൾ അദ്ദേഹത്തോടൊപ്പം ഭർത്തൃഭവനത്തിലേക്കു പോകുകകയും മാതൃത്വമെന്ന ദാനത്തിന് സന്നദ്ധയാകുകയും ചെയ്യുന്നു.
ഈ കാലയളവിലാണ് മറിയം ഗർഭിണിയാണെന്ന് ജോസഫ് കണ്ടെത്തുന്നതും അവൻറെ സ്നേഹം കഠിനമായ പരീക്ഷണത്തിന് വിധേയമാക്കപ്പെടുന്നതും. നിശ്ചയിക്കപ്പെട്ട വിവാഹം മുടങ്ങാൻ ഇടയാക്കുമായിരുന്ന സമാനമായ ഒരു സാഹചര്യത്തിനു മുന്നിൽ നിയമം സാധ്യമായ രണ്ടു പരിഹാരങ്ങൾ നിർദ്ദേശിച്ചിരുന്നു: ഒന്നുകിൽ സ്ത്രീയെ കോടതിയിലേക്ക് വിളിപ്പിക്കുന്നത് പോലുള്ള പരസ്യ നൈയമിക നടപടി, അല്ലെങ്കിൽ സ്ത്രീക്ക് നിരാകരണ കത്ത് നൽകുന്നത് പോലുള്ള സ്വകാര്യ നടപടി.
നീതിമാൻ
മത്തായി ജോസഫിനെ "നീതിമാൻ" (സാദിഖ്) എന്നാണ് നിർവ്വചിക്കുന്നത്, കർത്താവിൻറെ നിയമമനുസരിച്ച് ജീവിക്കുന്ന, തൻറെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന ഒരു മനുഷ്യൻ. അതുകൊണ്ട്, ദൈവവചനം പിൻചെന്നുകൊണ്ട് ജോസഫ് വിവേകപൂർവ്വം പ്രവർത്തിക്കുന്നു: സഹജമായ വികാരങ്ങൾക്കും മറിയത്തെ സ്വന്തം വീട്ടിൽ സ്വീകരിക്കുന്നതിനുള്ള ഭയത്തിനും അവൻ കീഴടങ്ങുന്നില്ല, മറിച്ച് ദൈവിക ജ്ഞാനത്താൽ നയിക്കപ്പെടാൻ ഇഷ്ടപ്പെടുന്നു. യാതൊരു കോലാഹലവുമില്ലാതെ, അതായത് രഹസ്യമായി, മറിയത്തെ ഉപേക്ഷിക്കാൻ അവൻ തീരുമാനിച്ചു (മത്തായി 1:19 കാണുക). ഈ ജ്ഞാനം അവനെ തെറ്റുപറ്റാതിരിക്കാനും കർത്താവിൻറെ ശബ്ദത്തോട് തുറവുകാട്ടാനും അതിനോടു വിധേയത്വമുള്ളവനായിരിക്കാനും പ്രാപ്താനാക്കുന്നു.
ഇങ്ങനെ നസറെത്തിലെ ജോസഫ്, മറ്റൊരു ജോസഫിനെ, അതായത്, യാക്കോബിൻറെ മകനായ, "സ്വപ്നങ്ങളുടെ പ്രഭു" എന്ന് വിളിപ്പേരുള്ള (ഉൽപത്തി 37:19 കാണുക) ജോസഫിനെ ഓർമ്മിപ്പിക്കുന്നു. പിതാവ് അവനെ വളരെയധികം സ്നേഹിക്കുകയും സഹോദരന്മാർ അത്യധികം വെറുക്കുകയും ചെയ്തു. ദൈവമാകട്ടെ അവനെ ഫറവോൻറെ രാജസദസ്സിലിരിക്കത്തകവിധം ഉയർത്തി.
നസറെത്തിലെ ജോസഫിൻറെ സ്വപ്നം
ഇനി, നസറെത്തിലെ ജോസഫ് എന്താണ് സ്വപ്നം കാണുക? മറിയത്തിൻറെ ജീവിതത്തിൽ ദൈവം പ്രവർത്തിക്കുന്ന അത്ഭുതത്തെക്കുറിച്ചും, സ്വന്തം ജീവിതത്തിൽ ദൈവം ചെയ്യുന്ന അത്ഭുതത്തെക്കുറിച്ചും അവൻ സ്വപ്നം കാണുന്നു: ഭൗതികവും ആത്മീയവുമായ ഒരു പൈതൃകം കാത്തുസൂക്ഷിക്കാനും അതിനു സംരക്ഷണമേകാനും അതു കൈമാറാനും കഴിവുള്ള ഒരു പിതൃത്വം ഏറ്റെടുക്കുന്നതിനെക്കുറിച്ച്. അവൻറെ വധുവിൻറെ ഉദരം ദൈവത്തിൻറെ വാഗ്ദാനത്തെ ഗർഭം ധരിച്ചിരിക്കുന്നു, എല്ലാവർക്കും രക്ഷ ഉറപ്പ് നൽകുന്ന നാമം പേറുന്ന ഒരു വാഗ്ദാനമാണിത് (പ്രവൃത്തികൾ 4:12 കാണുക): യേശു, നമ്മുടെ രക്ഷയായ ദൈവം.
ദൈവദൂതൻറെ വാക്കുകളിലുള്ള വിശ്വാസം
നിദ്രയിൽ ജോസഫ് ഈ വാക്കുകൾ കേൾക്കുന്നു: "ദാവീദിൻറെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. എന്തെന്നാൽ, അവൻ തൻറെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും.” (മത്തായി 1:20-21). ഈ വെളിപ്പെടുത്തലിനു മുന്നിൽ ജോസഫ് കൂടുതൽ തെളിവുകൾ ആവശ്യപ്പെടുന്നില്ല, അവൻ ദൈവത്തിൽ വിശ്വസിക്കുന്നു, തൻറെയും തൻറെ പ്രതിശ്രുത വധുവിൻറെയും ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിൻറെ സ്വപ്നം അവൻ അംഗീകരിക്കുന്നു. അങ്ങനെ ദൈവിക വാഗ്ദാനം വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയാൽ ജീവിക്കാൻ അറിയുന്നവരുടെ കൃപയിലേക്ക് അവൻ പ്രവേശിക്കുന്നു.
വിശ്വാസത്തിലൂടെയുള്ള അനുസരണം
ഇതിലെല്ലാം ജോസഫ് ഒരു വാക്കുപോലും ഉച്ചരിക്കുന്നില്ല, മറിച്ച് അവൻ വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു, സ്നേഹിക്കുന്നു. അത് "പൊള്ളയായ വാക്കുകൾ" കൊണ്ടല്ല, മറിച്ച് മൂർത്തമായ പ്രവർത്തികളാലാണ്. വചനം പ്രാവർത്തികമാക്കുന്നവരെ (യാക്കോബ് 1:22 കാണുക),വാക്കുകളെ വസ്തുതകളിലേക്കും മൂർത്തരൂപത്തിലേക്കും ജീവിതത്തിലേക്കും വിവർത്തനം ചെയ്യുന്നവരെ, അപ്പോസ്തലനായ യാക്കോബ് വിശേഷിപ്പിക്കുന്ന ഗണത്തിൽപ്പെടുന്നവനാണവൻ. ജോസഫ് ദൈവത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നു: "ദൈവത്തിനായുള്ള അവൻറെ ആന്തരിക ജാഗ്രത അവനെ അനുസരണത്തിലേക്കാനയിക്കുന്നു" (ബെനഡിക്ട് പതിനാറാമൻ, യേശുവിൻറെ ശൈശവം, മിലാൻ-വത്തിക്കാൻ സിറ്റി 2012, 57).
സഹോദരീസഹോദരന്മാരേ, സംസാരിക്കുന്നതിനേക്കാൾ കൂടുതൽ കേൾക്കാനും, ദൈവത്തിൻറെ സ്വപ്നങ്ങൾ സ്വപ്നം കാണാനും, മാമ്മോദീസായുടെ നിമിഷം മുതൽ നമ്മുടെ ജീവിതത്തിൽ ജീവിക്കുകയും വളരുകയും ചെയ്യുന്ന ക്രിസ്തുവിനെ ഉത്തരവാദിത്വത്തോടെ സ്വാഗതം ചെയ്യാനുമുള്ള കൃപയ്ക്കായി നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം. നന്ദി.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ
പാപ്പാ ഇറ്റാലിയന് ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയും ചൈനീസുമുള്പ്പെടെ വിവിധഭാഷകളില് പാരായണം ചെയ്യപ്പെട്ടു. പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം ഇറ്റലിക്കാരെ അഭിവാദ്യം ചെയ്യവെ പാപ്പാ കോംഗൊ റിപ്പബ്ലിക്കിൽ സംഘർഷാവസ്ഥ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിലുള്ള തൻറെ ആശങ്ക രേഖപ്പെടുത്തി.
കോംഗൊയിൽ സംഘർഷം അവസാനിപ്പിക്കുക
സംഘർഷത്തിലേർപ്പെട്ടിരിക്കുന്നവർ ശത്രുത അവസനിപ്പിക്കുകയും സൈനികനടപടികൾ തുടരുന്ന ഗോമയിലെയും മറ്റു പ്രദേശങ്ങളിലെയും പൗരജനങ്ങൾക്ക് സംരക്ഷണമേകുകയും ചെയ്യാൻ പാപ്പാ അഭ്യർത്ഥിച്ചു. തലസ്ഥാനമായ കിൻഷാസയിൽ സംഭവിക്കുന്നകാര്യങ്ങളും താൻ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്നും ജനങ്ങൾക്കും അവരുടെ സ്വത്തിനും എതിരായ എല്ലാത്തരം അക്രമങ്ങളും എത്രയും വേഗം അവസാനിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. സമാധാനവും സുരക്ഷയും വേഗത്തിൽ പുനഃസ്ഥാപിക്കപ്പെടാൻ താൻ പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ, പാപ്പാ, സംഘർഷ സാഹചര്യം സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രാദേശിക അധികാരികളോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യർത്ഥിക്കുകയും ചെയ്തു.
സമാധനത്തിനായി പ്രാർത്ഥിക്കുക
യുദ്ധവേദികളായ പലസ്തീൻ, ഇസ്രായേൽ, മ്യാൻമർ തുടങ്ങിയ യുദ്ധാന്തരീക്ഷം നിലനില്ക്കുന്ന നിരവധി രാജ്യങ്ങളെ അനുസ്മരിച്ച പാപ്പാ മറക്കാതെ സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന തൻറെ പ്രസ്താവന ആവർത്തിക്കുകയും ചെയ്തു.
സമാപനാഭിവാദ്യവും ആശീർവ്വാദവും
അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും പ്രായംചെന്നവരെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്തു. മുപ്പത്തിയൊന്നാം തീയതി വെള്ളിയാഴ്ച (31/01/25) വിശുദ്ധ ജോൺ ബോസ്കോയുടെ തിരുന്നാൾ ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു. പുരോഹിതനും വിദ്യദായകനും ആയിരുന്ന ആ വിശുദ്ധനെ ഒരു ജീവിത ഗുരുവായി കാണാനും, എല്ലാ സാഹചര്യങ്ങളിലും കരുണാമയനായ പിതാവായ ദൈവത്തിൽ ആശ്രയിക്കാൻ ആ വിശുദ്ധൻറെ ആത്മീയ അനുഭവത്തിൽ നിന്ന് പഠിക്കാനും പാപ്പാ ഉപദേശിച്ചു. പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
What's Your Reaction?