പാപ്പാ: നസ്രായനായ യേശുവിനെ നാം തിരിച്ചറിയുന്നുണ്ടോ
ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണം
ആറാം ദൈവവചന ഞായർ ആചരിക്കപ്പെട്ട ഇരുപത്തിയാറാം തീയതി ഞായാറാഴ്ച (26/01/25) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധകുർബ്ബാന അർപ്പിച്ചു. ഈ ദിവ്യപൂജാനന്തരമാണ് പാപ്പാ അന്ന് മദ്ധ്യാഹ്നത്തിൽ ത്രികാലജപം നയിച്ചത്. പാപ്പാ നയിച്ച ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. അവരിൽ മാദ്ധ്യമ ജൂബിലിയാചരണത്തിനായി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയിരുന്ന മാദ്ധ്യമ പ്രവർത്തകരും കത്തോലിക്കാ പ്രവർത്തന പ്രസ്ഥാനത്തിലെ റോമാക്കാരായ ബാലികാബാലന്മാരും ഉണ്ടായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പേപ്പൽ ഭവനത്തിലെ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ട പ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (26/01/25) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായം, 1-4 വരെയും (ലൂക്കാ 1,1-4) നാലാം അദ്ധ്യായം 14-21 വരെയും (ലൂക്കാ 4,14-21) ഉള്ള വാക്യങ്ങൾ, അതായത്, യേശു ദൗത്യം ആരംഭിക്കുന്നതും സിനഗോഗിൽ തിരുവചനം വായിക്കുന്നതും വായിച്ചുകേട്ടവ നിറവേറിയിയിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നതുമായ വിവരണം ആയിരുന്നു. ഇറ്റാലിയൻ ഭാഷയിലായിരുന്നു പാപ്പായുടെ പ്രഭാഷണം. പാപ്പാ ഇപ്രകാരം പറഞ്ഞു:
തിരുവെഴുത്തുകൾ ഇന്നു നിറവേറിയിരിക്കുന്നു
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
താൻ വളർന്ന പട്ടണമായ നസറേത്തിലെ സിനഗോഗിൽ നില്ക്കുന്ന യേശുവിനെയാണ് ഈ ഞായറാഴ്ച, സുവിശേഷകനായ ലൂക്കാ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഏശയ്യാ പ്രവാചകൻ, മിശിഹായുടെ സുവിശേഷവത്കരണ-വിമോചനദായക ദൗത്യം പ്രഖ്യാപിക്കുന്ന ഭാഗം യേശു വായിക്കുന്നു, തുടർന്ന് അവിടെ അനുഭവപ്പെട്ട നിശബ്ദതയിൽ അവിടന്ന് പറയുന്നു: "ഇന്ന് ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു" (ലൂക്കാ 4:21 കാണുക).
നാട്ടുകാരുടെ വിസ്മയവും സംഭ്രാന്തിയും
മരപ്പണിക്കാരനായ ജോസഫിൻറെ മകനാണ് യേശുവെന്ന് അറിഞ്ഞിരുന്നവരും അവൻ അവനെത്തന്നെ മിശിഹയായി അവതരിപ്പിക്കുമെന്ന് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാതിരുന്നവരുമായ സഹപൗരന്മാരുടെ ആശ്ചര്യവും സംഭ്രാന്തിയും നമുക്ക് സങ്കൽപ്പിക്കാവുന്നതാണ്. അതൊരു ഞെട്ടലായിരുന്നു. എന്നിരുന്നാലും അത് അങ്ങനെ തന്നെയാണ്: “കർത്താവിൻറെ കൃപാവത്സരം” (ലൂക്കാ4,19) സമാഗതമായി എന്ന് യേശു തൻറെ സാന്നിധ്യംകൊണ്ട് പ്രഖ്യാപിക്കുന്നു. സുവിശേഷം പറയുന്നതുപോലെ, എല്ലാവർക്കും, പ്രത്യേകിച്ച് ദരിദ്രർക്കും, തടവുകാർക്കും, അന്ധർക്കും, പീഡിതർക്കുമുള്ള ഒരു സന്തോഷവാർത്തയാണിത് (ലൂക്കാ4,18 കാണുക).
ആ ദിവസം, നസ്രത്തിൽ വച്ച്, യേശു, തൻറെ സംവാദികരെ, തൻറെ വ്യക്തിത്വത്തെയും ദൗത്യത്തെയും കുറിച്ചുള്ള തിരഞ്ഞെടുപ്പിന് മുന്നിൽ നിർത്തുന്നു. സിനഗോഗിലുണ്ടായിരുന്ന ആർക്കും സ്വയം ചോദിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല: അതായത്, ഒരു മരപ്പണിക്കാരൻറെ മകൻ അവന് അവകാശപ്പെടാത്തതായ ഒരു കർത്തവ്യം ഏറ്റെടുക്കുകയല്ലേ അതോ ജനങ്ങളെ പാപത്തിൽ നിന്ന് രക്ഷിക്കാൻ അയയ്ക്കപ്പെട്ട യഥാർത്ഥ മിശിഹായാണോ?
നസറത്തുകാരുടെ പരാജയം
യേശുവിൽ കർത്താവിൻറെ അഭിഷിക്തനെ തിരിച്ചറിയുന്നതിൽ നസറേത്തുകാർ പരാജയപ്പെട്ടുവെന്ന് സുവിശേഷകൻ നമ്മോട് പറയുന്നു. അവനെ വളരെ നന്നായി അറിയാമെന്ന് അവർ കരുതി, അത് അവരുടെ മനസ്സും ഹൃദയവും തുറക്കാൻ സഹായിക്കുന്നതിനുപകരം, വെളിച്ചത്തെ മറയ്ക്കുന്ന ഒരു മൂടുപടം പോലെ അവരെ തടയുകയായിരുന്നു.
നമ്മൾ യേശുവിൽ കർത്താവിൻറെ അഭിഷിക്തനെ തിരിച്ചറിയുന്നുണ്ടോ?
സഹോദരീ സഹോദരന്മാരേ, ഈ സംഭവം, കൃത്യമായ സമാനതകളോടെ, ഇന്നും നമുക്കും സംഭവിക്കുന്നു. യേശുവിൻറെ സാന്നിധ്യത്താലും വാക്കുകളാലും നാമും വെല്ലുവിളിക്കപ്പെടുന്നു; നമ്മുടെ രക്ഷകനായ ദൈവപുത്രനെ അവനിൽ തിരിച്ചറിയാൻ നാമും വിളിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, അവൻറെ നാട്ടുകാരെപ്പോലെ നമുക്കും സംഭവിക്കാം, നമുക്ക് അവനെ അറിയാം, അവനെക്കുറിച്ച് എല്ലാം അറിയാം, വിദ്യാലയത്തിൽ, ഇടവകയിൽ, മതബോധനത്തിൽ, കത്തോലിക്കാ സംസ്കാരമുള്ള ഒരു നാട്ടിൽ അവനോടുകൂടെ നാം വളർന്നു എന്ന് ചിന്തിച്ചുപോകാം. അങ്ങനെ നമുക്ക് അവൻ ഒരു അടുത്ത വ്യക്തിയാണ്, തീർച്ചയായും, "വളരെ" അടുത്ത വ്യക്തിയാണ്.
ആത്മശോധന ചെയ്യുക
എന്നാൽ നമുക്ക് സ്വയം ചോദിക്കാം: നസറേത്തിലെ യേശു സംസാരിക്കുന്ന അതുല്യമായ ആധികാരികത നമുക്ക് മനസ്സിലാകുന്നുണ്ടോ? മറ്റാർക്കും നമുക്ക് നൽകാനാവാത്ത ഒരു രക്ഷയുടെ പ്രഖ്യാപനത്തിൻറെ സംവാഹകനാണ് അവൻ എന്ന് നാം തിരിച്ചറിയുന്നുണ്ടോ? എനിക്ക്, ഈ രക്ഷയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നുണ്ടോ? ഞാനും ഏതെങ്കിലും വിധത്തിൽ ദരിദ്രനോ, തടവുകാരനോ, അന്ധനോ, അടിച്ചമർത്തപ്പെട്ടവനോ ആണെന്ന് എനിക്ക് തോന്നുന്നുണ്ടോ? അപ്പോൾ, അപ്പോൾ മാത്രമേ, എനിക്കും "കൃപയുടെ വർഷം" ആകുകയുള്ളൂ! ദൈവമാതാവും നമ്മുടെ അമ്മയുമായ മറിയം യേശുവിനെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നതിനായി നമുക്ക് ആത്മവിശ്വാസത്തോടെ അവളിലേക്കു തിരിയാം.
ഈ വാക്കുകളെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദം
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - സുഡാനിലെയും കൊളൊംബിയായിലെയും സംഘർഷാവസ്ഥ
ആശീർവ്വാദം നല്കിയതിനു ശേഷം പാപ്പാ സംഘർഷാവസ്ഥ നിലനില്ക്കുന്ന സുഡാൻ കൊളൊംബിയ തുടങ്ങിയ നാടുകളെ അനുസ്മരിച്ചു. സുഡാനിൽ 2023 ഏപ്രിലിൽ ആരംഭിച്ച സംഘർഷം ലോകത്തിലെ ഏറ്റവും ഗുരുതരമായ മാനവിക പ്രതിസന്ധിക്ക് കാരണമായി തുടരുകയാണെന്നും അതിൻറെ നാടകീയ പ്രത്യാഘാതങ്ങൾ, ദക്ഷിണ സുഡാനിലും ഉണ്ടാകുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങളോടുള്ള തൻറെ സാമീപ്യം പാപ്പാ വെളിപ്പെടുത്തുകയും, സാഹോദര്യവും ഐക്യദാർഢ്യവും പുലർത്താനും, എല്ലാത്തരം അക്രമങ്ങളും ഒഴിവാക്കാനും കരുവാക്കപ്പെടാൻ അനുവദിക്കാതിരിക്കാനും പാപ്പാ അവരെ ഓർമ്മിപ്പിച്ചു. ശത്രുത വെടിഞ്ഞ് ചർച്ചയ്ക്കായി മേശയ്ക്കു ചുറ്റുമിരിക്കാനും പാപ്പാ സുഡാനിൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികളോടുള്ള അഭ്യർത്ഥന നവീകരിച്ചു. വാസയിടം വിട്ടുപോകേണ്ടിവന്നിട്ടുള്ളവർക്ക് ആവശ്യമായ മാനവിക സഹായം എത്തിക്കുന്നതിനും യുദ്ധത്തിലേർപ്പെട്ടിരിക്കുന്നവരെ, സമാധാന വഴികൾ വേഗം കണ്ടെത്താൻ സഹായിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യണമെന്ന് പാപ്പാ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.
കൊളൊംബിയയിലെ ജനങ്ങളോടുള്ള സാമീപ്യം അറിയിച്ച് പാപ്പാ
തെക്കെ അമേരിക്കൻ നാടായ കൊളൊംബിയയിലെ, വിശിഷ്യ, കാത്തത്തുംബൊ പ്രദേശത്തെ സായുധ സംഘങ്ങളുടെ പോരാട്ടത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ അവിടെ നിരവധി സാധാരണ പൗരന്മാർ കൊല്ലപ്പെടുകയും മുപ്പതിനായിരത്തിലധികം പേർ വീടുവിട്ടുപോകാൻ നിർബന്ധിതരാവുകയും ചെയ്തത് അനുസ്മരിക്കുകയും ആ ജനതയോടുള്ള തൻറെ സാമീപ്യം അറിയിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
ലോക കുഷ്ഠരോഗീ ദിനം
ജനുവരിയിലെ അവസാന ഞായറാഴ്ച ലോക കുഷ്ഠരോഗീ ദിനം ആചരിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ ഈ രോഗബാധിതരെ സുഖപ്പെടുത്തിയും അവരെ സമൂഹത്തിൽ ഉൾചേർക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ട് സേവനം ചെയ്യുന്നവർക്ക് അവരുടെ പ്രവർത്തനം തുടരാൻ പ്രചോദനം പകർന്നു. കുഷ്ഠരോഗികൾ പാർശ്വവത്ക്കരിക്കപ്പെടരുതെന്നും പാപ്പാ പറഞ്ഞു.
യുഹൂദ കൂട്ടക്കുരുതിയുടെ ഓർമ്മയാചരണം
നാസികൾ നടത്തിയ യഹൂദകൂട്ടക്കുരുതിക്കിരകളായവരുടെ സ്മരണ ജനുവരി 27-ന് ആചരിക്കപ്പെടുന്നതും പാപ്പാ അനുസ്മരിച്ചു. പോളണ്ടിലെ ഓഷ്വിറ്റ്സിലെ തടങ്കൽപ്പാളയം 1945 ജനുവരി 27-ന് മോചിപ്പിക്കപ്പെട്ടതിൻറെ എൺപതാം വർഷമാണ് ഇതെന്നും പാപ്പാ പറഞ്ഞു. 1941-നും 1945-നും ഇടയിലുള്ള ആ വർഷങ്ങളിൽ ദശലക്ഷക്കണക്കിന് ജൂതന്മാരെയും മറ്റ് മതവിഭാഗത്തിൽപ്പെട്ടവരെയും ഉന്മൂലനം ചെയ്തതിൻറെ ഭീകരത മറക്കാനോ നിഷേധിക്കാനോ കഴിയില്ലയെന്നു പറഞ്ഞ പാപ്പാ റോമിൽ വസിക്കുന്ന സഹനങ്ങളിലൂടെ കടന്നുപോയ ഹംഗേറിയൻ കവയിത്രി എഡിത്ത് ബ്രൂക്കിനെ അനുസ്മരിച്ചു. അനേകം രക്തസാക്ഷികൾ ഉൾപ്പെടെ നിരവധി ക്രിസ്ത്യാനികളെയും താൻ ഓർക്കുന്നുവെന്ന് വെളിപ്പെടുത്തിയ പാപ്പാ യഹൂദവിരുദ്ധതയും എല്ലാത്തരം വിവേചനങ്ങളും മതപ പീഡനങ്ങളുമുൾപ്പടെയുള്ള വിപത്തിനെ ഉന്മൂലനം ചെയ്യുന്നതിൽ എല്ലാവരും സഹകരിക്കണമെന്ന അഭ്യർത്ഥന നവീകരിച്ചു. സഹോദര്യത്തിൻറെയും മാപ്പേകലിൻറെയും സമാധാനത്തിൻറെയും യുക്തിയിൽ സകലർക്കുമായി തുറന്ന ഒരു ഹൃദയത്തിനുടമകളാക്കി യുവതയെ വാർത്തെടുത്തുകൊണ്ട് കൂടുതൽ സാഹോദര്യവും നീതിയുക്തവുമായ ഒരു ലോകം നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കാമെന്നു പാപ്പാ പറഞ്ഞു.
മാദ്ധ്യമപ്രവർത്തകരോട്
മാദ്ധ്യമ ജൂബിലിയുടെ പശ്ചാത്തലത്തിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയിട്ടുള്ള മാദ്ധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്ത പാപ്പാ, എപ്പോഴും പ്രത്യാശയുടെ ആഖ്യാതാക്കളാകാൻ അവരെ ആഹ്വാനം ചെയ്തു.
കത്തോലിക്കാ പ്രവർത്തനത്തിലെ ബാലികാബാലന്മാർ
“സമാധാനത്തിൻറെ സാർത്ഥവാഹകസംഘം” എന്നർത്ഥം വരുന്ന “കരൊവാന ദെല്ല പാചെ” (Carovana della Pace) പരിപാടിയുടെ ഭാഗമായി എത്തിയിരുന്ന കത്തോലിക്കാ പ്രവർത്തന പ്രസ്ഥാനത്തിൽപ്പെട്ട റോമിലെ ഇടവകകളിലെയും, കത്തോലിക്കാ വിദ്യാലയങ്ങളിലെയും കുട്ടികളെ പാപ്പാ സ്വാഗതം ചെയ്യുകയും സ്വന്തം ജീവിതത്തിലെ യേശുവിൻറെ സാന്നിധ്യത്തെക്കുറിച്ച് ധ്യാനിക്കുകയും, ആതിഥ്യമര്യാദയുടെയും സാഹോദര്യത്തിൻറെയും സൗന്ദര്യത്തിന് അവരുടെ സമപ്രായക്കാർക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത ഒരു പരിപാടിയായ “കരൊവാന ദെല്ല പാചെ”യുടെ സമാപനത്തിലാണ് അവർ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ എത്തിയിരിക്കുന്നതെന്നു പറഞ്ഞു. തുടർന്നു പാപ്പാ തൻറെ അരികത്തു നിന്നിരുന്ന ഒരു ബാലൻ വായിക്കുന്ന ഒരു സന്ദേശം ശ്രവിക്കാൻ എല്ലാവരെയും ക്ഷണിച്ചു. സന്ദേശപാരായണം അവസാനിച്ചപ്പോൾ, ആയുധങ്ങളെ നിശബ്ദമാക്കാനാകും എന്ന അതിലെ വാക്യം പാപ്പാ ആ ബാലനെക്കൊണ്ട് ആവർത്തിപ്പിക്കുകയും കുട്ടികൾക്കേവർക്കും അഭിവാദ്യമർപ്പിക്കുകയും ചെയ്തു. തുടർന്നു പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി
What's Your Reaction?