പാവപ്പെട്ടവരോടുള്ള മുൻഗണനാപരമായ സ്നേഹം സഭാനവീകരണത്തിന് അനിവാര്യം, പാപ്പാ
1625 ഏപ്രിൽ 17-ന് വിശുദ്ധ വിൻസൻറ് ഡി പോൾ സ്ഥാപിച്ച, ലാസറിസ്റ്റ് സമൂഹം, വിൻസെൻഷ്യൻ സമൂഹം എന്നൊക്കെ അറിയപ്പെടുന്ന
ദരിദ്രരിൽ ക്രിസ്തുവിനെ സേവിക്കുകയെന്ന വിശുദ്ധ വിൻസൻറ് ഡി പോളിൻറെ ആശയം നമ്മുടെ ഇക്കാലത്തെ സഭയുടെ നവീകരണപ്രക്രിയയിൽ അതീവ പ്രാധാന്യമർഹിക്കുന്നുവെന്ന് മാർപ്പാപ്പാ.
1625 ഏപ്രിൽ 17-ന് വിശുദ്ധ വിൻസൻറ് ഡി പോൾ സ്ഥാപിച്ച, ലാസറിസ്റ്റ് സമൂഹം, വിൻസെൻഷ്യൻ സമൂഹം എന്നൊക്കെ അറിയപ്പെടുന്ന, പ്രേഷിതസമൂഹത്തിൻറെ നാനൂറാം സ്ഥാപന വാർഷികത്തോടനുബന്ധിച്ച്, പ്രസ്തുത സമൂഹത്തിൻറെ പൊതുശ്രേഷ്ഠനായ വൈദികൻ തോമഷ് മവ്രിത്സിന് അയച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
ദരിദ്രരിൽ ക്രിസ്തുവിനെ സേവിക്കുക, പ്രേഷിത ചൈതന്യം പുലർത്തുക, ആവശ്യത്തിലിരിക്കുന്നവരെയും ലോകത്തിൻറെയും ഉപരിപ്ലവവും ഉപയോഗിച്ചു വലിച്ചെറിയലിൻറെയുമായ സംസ്കൃതിയുടെയും നിരവധിയായ പ്രാന്തങ്ങളിലേക്കു തള്ളപ്പെട്ടിരിക്കുന്നവരെ സഹായിക്കുക എന്നീ വിശുദ്ധ വിൻസൻറ് ഡി പോളിൻറെ ആശയങ്ങളുടെ പ്രാധാന്യം ഈ പ്രേഷിത സമൂഹത്തിൻറെ നാലാം ശതാബ്ദി ആഘോഷങ്ങൾ അടിവരയിട്ടു കാട്ടുമെന്ന തൻറെ പ്രതീക്ഷ പാപ്പാ സന്ദേശത്തിൽ വെളിപ്പെടുത്തുന്നു.
തങ്ങളുടെ ഉത്സാഹം, ഉദാരത, മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള താൽപ്പര്യം എന്നിവയാൽ, സമപ്രായക്കാർക്കിടയിൽ സുവിശേഷത്തിൻറെ ധീര സാക്ഷികളാകാൻ, എവിടെ ആയിരുന്നാലും തങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്താൻ യുവജനത്തിന് വിശുദ്ധ വിൻസൻറ് ഡി പോളിൻറെ മാതൃക പ്രചോദനമാകുമെന്ന തൻറെ വിശ്വാസവും പാപ്പാ പ്രകടപ്പിക്കുന്നു.
വിൻസെൻഷ്യൻ കുടുംബം ഇന്ന് ലോകത്തിൽ ഉപവിപ്രവർത്തനങ്ങൾ തുടരുന്നതും പുതിയ പ്രേഷിതമേഖലകളിലേക്കു പ്രവേശിക്കുന്നതും ആദ്ധ്യാത്മിക നേതൃത്വമേകുന്നതിലും വൈദികരുടെയും അത്മായരുടെയും രൂപീകരണത്തിലും സഹായഹസ്തം നീട്ടുന്നതും പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.
1633-ൽ വിശുദ്ധ വിൻസൻറ് ഡി പോൾ വിശുദ്ധ ലൂയിസ ദെ മരില്ലാക്കുമൊത്ത് ഉപവിയുടെ പുത്രികൾ എന്ന സന്ന്യാസിനീ സമൂഹത്തിന് രൂപം നല്കിയതിനെക്കുറിച്ചു സൂചിപ്പിക്കുന്ന പാപ്പാ സന്ന്യാസിനികൾ ആശ്രമങ്ങളുടെ ആവൃതിക്കുള്ളിൽ ഒതുങ്ങിയിരുന്ന ഒരു കാലഘട്ടത്തിൽ പുറത്തേക്കിറങ്ങി പാവപ്പെട്ടവരെയും രോഗികളെയു സഹായിക്കുകയെന്ന ദൗത്യത്തോടുകൂടിയ ഈ സമൂഹം വിപ്ലവകരമായ ഒന്നായിരുന്നുവെന്ന് പറയുന്നു.
1643-ൽ പാരീസിൽ വിശുദ്ധൻ പാർപ്പിടരഹിതർക്കായി 13 ഭവനങ്ങൾ നിർമ്മിച്ചു നല്കിയതിൻറെ ചുവടു പിടിച്ച് പ്രേഷിത സമൂഹം ഇന്നും അന്തർദ്ദേശീയ തലത്തിൽ ആ പാതയിൽ തുടരുന്നതും പാപ്പാ അനുസ്മരിക്കുന്നു. തങ്ങളുടെ സമൂഹത്തിൻറെ സ്ഥാപകനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, തങ്ങളുടെ ജീവതം എളിമയിലും അപ്പോസ്തലിക തീക്ഷ്ണതയിലും ജീവിതപ്രവർത്തനങ്ങളെ രൂപപ്പെടുത്താൻ പ്രേഷിത സമൂഹാംഗങ്ങൾക്കു കഴിയുന്നതിനായി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
What's Your Reaction?