ദാവീദും ദൈവത്തോടുള്ള വിശ്വസ്തതാവാഗ്ദാനവും
വചനവീഥി: നൂറ്റിയൊന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
"ദാവീദിന്റെ സങ്കീർത്തനം" എന്ന തലക്കെട്ടോടെയുള്ള നൂറ്റിയൊന്നാം സങ്കീർത്തനം ദൈവത്തോട് വിശ്വസ്‌തത പ്രഖ്യാപിക്കുന്ന ദാവീദ് രാജാവിന്റേതാണ്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവനാണ് താനെന്ന ബോധ്യത്തോടെയും അതിലുള്ള നന്ദിയോടെയും, ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ ഒരു ഭരണാധികാരിയായിരിക്കുമെന്ന് ഈ സങ്കീർത്തനത്തിൽ ദാവീദ് വാഗ്ദാനം ചെയ്യുന്നു. ദൈവത്തോടുള്ള തന്റെ വിശ്വസ്തതയും വിധേയത്വവും പ്രഖ്യാപിക്കുന്നതിനൊപ്പം, ദൈവഭയമുള്ളവരെ മാത്രമേ തന്റെ ഭവനത്തിൽ സേവനം ചെയ്യാൻ താൻ അനുവദിക്കൂ എന്നുകൂടി ദാവീദ് ഈ സങ്കീർത്തനത്തിൽ ദൈവത്തിന് ഉറപ്പു നൽകുന്നത് നാം കാണുന്നുണ്ട്. "അവൻ അങ്ങയുടെ ജനത്തെ ധർമ്മനിഷ്‌ഠയോടും, അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ" എന്ന് എഴുപത്തിരണ്ടാം സങ്കീർത്തനത്തിൽ നാം വായിക്കുന്നുണ്ട് (സങ്കീ. 72, 2). ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അവരുടെ രാജാക്കന്മാർ വിധിയാളന്മാർ കൂടി ആയിരുന്നു എന്ന ഒരു ചിന്ത കൂടി ഈ സങ്കീർത്തനത്തിൽ നിഴലിക്കുന്നുണ്ട്. സാമുവലിന്റെ ഒന്നാം പുസ്തകം പതിനാറാം ആദ്ധ്യായം 12-ആം വാക്യത്തിൽ, സാമുവേൽ യുവാവായ ദാവീദിനെ അഭിഷേകം ചെയ്യുന്നുണ്ട്. പിന്നീട് സാമുവലിന്റെ രണ്ടാം പുസ്തകം രണ്ടാമദ്ധ്യായം നാലാം വാക്യത്തിൽ യൂദായിലെ ജനങ്ങൾ തങ്ങളുടെ രാജാവായി അദ്ദേഹത്തെ അഭിഷേകം ചെയ്യുന്നുണ്ട്. വീണ്ടും മൂന്നാമതൊരുവട്ടം സാമുവലിന്റെ രണ്ടാം പുസ്തകം അഞ്ചാം അദ്ധ്യായം മൂന്നാം വാക്യത്തിൽ ഇസ്രായേലിന്റെ മുഴുവൻ രാജാവായി അദ്ദേഹം വീണ്ടും അഭിഷേകം ചെയ്യപ്പെടുന്നുണ്ട്. ഇസ്രയേലിനെ നയിക്കാനായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണ് അവരുടെ രാജാവ് എന്ന ബോധ്യത്തെ അടിസ്ഥാനമാക്കി, തന്റെ വ്യക്തിജീവിതത്തിലെടുക്കുന്ന തീരുമാനങ്ങൾ ദൈവഹിതവും, ദൈവികനീതിയും അനുസരിച്ചുള്ളതാകണം എന്ന് ദാവീദ് ചിന്തിക്കുന്നതാണ് ഈ സങ്കീർത്തനത്തിൽ നാം കാണുന്നത്.
ദാവീദും വ്യക്തിജീവിതത്തിലേക്കുള്ള തീരുമാനങ്ങളും
നിഷ്കളങ്കതയോടെയും പരാമർത്ഥഹൃദയത്തോടെയും ജീവിക്കാനും, ദൈവത്തിനായി കാത്തിരിക്കാനുമുള്ള തീരുമാനമാണ് ദാവീദ് തന്റെ വ്യക്തിജീവിതത്തിലേക്ക് സ്വീകരിച്ചിരുന്നത് എന്ന് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ നാല് വരെയുള്ള വാക്യങ്ങളിൽ നമുക്ക് കാണാം. "ഞാൻ കരുണയെയും നീതിയെയും കുറിച്ചു പാടും, കർത്താവെ ഞാൻ അങ്ങേക്ക് കീർത്തനമാലപിക്കും" (സങ്കീ. 101, 1) എന്ന ഒന്നാം വാക്യത്തിൽ, ദൈവം നൽകുന്ന സ്നേഹത്തിന് നന്ദിയേകുന്ന ദാവീദിലെ ദൈവവിശ്വാസിയാണ് സംസാരിക്കുന്നത്. ദൈവത്തിൽനിന്ന് താൻ അനുഭവിച്ചറിഞ്ഞ കരുണയും, കുറവുകളില്ലാത്ത ദൈവികനീതിയും മറക്കാത്ത ഒരുവനാണ് താനെന്ന് ഏറ്റുപറയുകകൂടിയാണ് ദാവീദ് ഇവിടെ ചെയ്യുന്നത്.
"നിഷ്കളങ്കമാർഗത്തിൽ ചരിക്കാൻ ഞാൻ ശ്രദ്ധ വയ്ക്കും; എപ്പോഴാണ് അങ്ങ് എന്റെ അടുക്കൽ വരുക? ഞാൻ എന്റെ ഭവനത്തിൽ പരമാർത്ഥഹൃദയത്തോടെ വ്യാപാരിക്കും" (സങ്കീ. 101, 2) എന്ന രണ്ടാം വാക്യം, എപ്പോഴും ദൈവത്തിന് മുന്നിൽ സ്വീകാര്യനായിരിക്കാൻ തക്ക വിധത്തിൽ, ദൈവം തനിക്കായി ഒരുക്കിയ ഭവനത്തിൽ, രാജകൊട്ടാരത്തിൽ, മാതൃകാപരമായ ഒരു ജീവിതം നയിക്കാനാണ് ദാവീദ് ആഗ്രഹിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്നതാണ്. എന്നാൽ പിന്നീട് പലപ്പോഴും ഈ തീരുമാനങ്ങളിൽ അദ്ദേഹത്തിന് വീഴ്ചകൾ സംഭവിക്കുന്നതിനും വിശുദ്ധഗ്രന്ഥം സാക്ഷിയാണ്.
"നീചമായ ഒന്നിലും ഞാൻ കണ്ണുവയ്ക്കുകയില്ല; വഴിപിഴച്ചവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; അതിന്റെ പിടിയിൽ ഞാൻ അകപ്പെടുകയില്ല. ഹൃദയവക്രത എന്നെ തീണ്ടുകയില്ല, ഒരു തിന്മയും ഞാൻ അറിയുകയില്ല" (സങ്കീ. 101, 3-4) എന്നീ മൂന്നും നാലും വാക്യങ്ങളിലൂടെ, അനീതിയോ തിന്മയോ നിറഞ്ഞവയൊന്നും തന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്നും, അതിനായി തന്റെ കണ്ണുകളെ താൻ നിയന്ത്രിക്കുമെന്നും, തിന്മയുടെ വഴികളെ അറിയനോ സ്നേഹിക്കാനോ താൻ പരിശ്രമിക്കില്ലെന്നും, നേരായ മാർഗ്ഗത്തിൽ ചരിക്കുന്ന ഒരു ഹൃദയം കാത്തുസൂക്ഷിക്കുമെന്നും ദാവീദ് ദൈവത്തോട് വാഗ്ദാനം ചെയ്യുന്നു. ജീവിതത്തിന്റെ പല ചവിട്ടുപടികളിലും അവന്റെ കാലുകൾ പിഴച്ചപ്പോഴും, ദൈവത്തിന്റെ കരുണ അവനുമേൽ വർഷിക്കപ്പെടാൻ കാരണം, നന്മയിൽ ജീവിക്കാനുള്ള ദാവീദിന്റെ ഈ ആഗ്രഹവും പ്രഖ്യാപനവുമായിരിക്കണം.
ദാവീദിന്റെ നീതിബോധവും മറ്റുള്ളവരുടെ ജീവിതങ്ങളും
അഞ്ചുമുതലുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗം, താനുമായി ബന്ധപ്പെടുന്ന മറ്റുള്ളവരുടെ ജീവിതത്തിൽ ഏതുതരം മൂല്യങ്ങളാണ് ദാവീദ് പ്രതീക്ഷിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്നതാണ്.
"അയൽക്കാരനെതിരെ ഏഷണിപറയുന്നവനെ ഞാൻ നശിപ്പിക്കും; അഹങ്കാരിയേയും ഗർവ്വിഷ്‌ഠനെയും ഞാൻ പൊറുപ്പിക്കുകയില്ല" (സങ്കീ. 101,5) എന്ന അഞ്ചാം വാക്യത്തിലൂടെ, മറ്റുള്ളവരെക്കുറിച്ച് ഏഷണി, അതായത്, രഹസ്യമായി തിന്മ പറയുന്നവരെയും, ദൈവാശ്രയബോധത്തിൽനിന്ന് മനുഷ്യരെ അകറ്റുന്ന അഹങ്കാരവും ഗർവ്വും കൊണ്ടുനടക്കുന്നവരെയും താൻ ഇഷ്ടപ്പെടുന്നില്ല എന്ന് ദാവീദ് വ്യക്തമാക്കുന്നു. ഇതുവഴി, മറ്റുള്ളവരുടെ ജീവനെ മാനിക്കാത്ത, അവരെ തങ്ങളേക്കാൾ വിലകുറഞ്ഞവരായിക്കാണുന്ന മനുഷ്യർക്ക് തനിക്ക് മുന്നിൽ സ്ഥാനമില്ലെന്ന് ദാവീദിലെ ന്യായാധിപൻ തീരുമാനിക്കുന്നു.
"വഞ്ചനചെയ്യുന്ന ഒരുവനും എന്റെ ഭവനത്തിൽ വസിക്കുകയില്ല; നുണ പറയുന്ന ഒരുവനും എന്റെ സന്നിധിയിൽ തുടരാനാവുകയില്ല. ദേശത്തെ ദുഷ്കർമ്മികളെ പ്രഭാതം തോറും ഞാൻ നിഗ്രഹിക്കും; കർത്താവിന്റെ നഗരത്തിൽനിന്ന് അധർമ്മികളെ ഞാൻ നിർമാർജ്ജനം ചെയ്യും" എന്നീ ഏഴും എട്ടും വാക്യങ്ങളിൽ, തിന്മയ്ക്കും, അത് പ്രവർത്തിക്കുന്നവർക്കുമെതിരെയുള്ള ദാവീദിലെ രാജാവിന്റെ വാക്കുകളാണ് നാം കാണുന്നത്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട സേവകനും, നീതി നടപ്പാക്കാൻ വിളിക്കപ്പെട്ടവനും, ജനങ്ങളെ ന്യായത്തോടെ വിധിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവനും, ഭവനത്തിന്റെ നാഥനുമെന്ന നിലയിൽ ഒരു യഥാർത്ഥ ഭരണാധികാരി ചെയ്യേണ്ട ചുമതലകളാണ് ഇവിടെ വിവരിക്കപ്പെടുന്നത്. ദൈവത്തിന് പ്രീതികരമായ നന്മയുടെ ജീവിതം നയിക്കുന്നവർക്കാണ്, ധർമ്മം പ്രവർത്തിക്കുന്നവർക്കാണ് ദൈവത്തിന്റെ നഗരത്തിലും ഭവനത്തിലും ജീവിക്കാൻ അവകാശം.
"ദേശത്തുള്ള വിശ്വസ്തരെ ഞാൻ പ്രീതിയോടെ വീക്ഷിക്കും; അവർ എന്നോടൊത്തു വസിക്കും; നിഷ്കളങ്കമാർഗ്ഗത്തിൽ ചരിക്കുന്നവൻ എന്റെ സേവകനായിരിക്കും" (സങ്കീ. 101, 6) എന്ന ആറാം വാക്യത്തിലൂടെ ഈയൊരാശയം സങ്കീർത്തകനായ ദാവീദ് വ്യക്തമാക്കുന്നുണ്ട്. വിശ്വസ്തതയും, നിഷ്കളങ്കതയും ദൈവത്തിന് പ്രിയപ്പെട്ട മൂല്യങ്ങളാണ് എന്ന ഒരു ചിന്തയും ഈ സങ്കീർത്തനം പങ്കുവയ്ക്കുന്നുണ്ട്.
സങ്കീർത്തനം ജീവിതത്തിൽ
നൂറ്റിയൊന്നാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ദാവീദിന്റെ വാക്കുകളിലൂടെ, ദൈവത്തിന് പ്രിയപ്പെട്ടവർ ആരാണെന്നും, ഏതു തരം പ്രവർത്തികളാണെന്നും ദൈവവചനം വ്യക്തമാക്കുന്നുണ്ട്. നിഷ്കളങ്കതയോടെയും വിശ്വസ്തതയോടെയും ദൈവത്തോടും ദൈവം തിരഞ്ഞെടുത്ത് നിയോഗിച്ചവരോടും ചേർന്ന് നിൽക്കാനും, ദൈവികമായ നീതിബോധത്തോടെയും പരാമർത്ഥഹൃദയത്തോടെയും വ്യാപാരിക്കാനും നമുക്ക് പരിശ്രമിക്കാം. സഹോദരങ്ങൾക്കെതിരെ കുറ്റപ്പെടുത്തലിന്റെയും ഏഷണിയുടെയും വാളെടുക്കാതെ, തിന്മയിൽനിന്ന് അകന്നു നിൽക്കുകയും, ദൈവത്തിന്റെ വിശ്വസ്തർക്കൊപ്പം, എളിമയിലും ദൈവപ്രീതിയിലും വളർന്ന്, ഹൃദയനൈർമ്മല്യത്തിന്റെ പാതയിലൂടെ ചരിക്കുകയും ദൈവരാജ്യത്തിന് സ്വീകാര്യരാകുകയും ചെയ്യാം. ദാവീദിന്റെ ജീവിതത്തിലെന്നപോലെ, വീഴ്ചകളുടെയും തകർച്ചകളുടെയും നിമിഷങ്ങളിൽ, ദൈവത്തിന്റെ അനന്തമായ കരുണയിലും അനുഗ്രഹങ്ങളിലും ശരണമർപ്പിക്കാൻ നമുക്കും സാധിക്കട്ടെ. ദൈവത്തിന്റെ രാജ്യത്തിലും ഭവനത്തിലും ഇടം കണ്ടെത്താനായി, സത്യത്തിന്റെയും നീതിയുടെയും പാതകളിലൂടെ ജീവിതം നയിക്കാം. ഹൃദയരഹസ്യങ്ങൾ അറിയുന്ന ദൈവം നമ്മെ കനിവോടെ അനുഗ്രഹിക്കട്ടെ.
What's Your Reaction?