ലോസാഞ്ചലസിലെ അഗ്നിബാധയുടെ ഇരകൾക്ക് സാമീപ്യവും പ്രാർത്ഥനകളുമായി ഫ്രാൻസിസ് പാപ്പാ

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മരണവും നാശനഷ്ടങ്ങളും വിതച്ച അഗ്നിബാധയുടെ ഇരകൾക്ക് ഫ്രാൻസിസ് പാപ്പായുടെ ആത്മീയസാന്നിദ്ധ്യവും

Jan 13, 2025 - 11:31
 0  4
ലോസാഞ്ചലസിലെ അഗ്നിബാധയുടെ ഇരകൾക്ക് സാമീപ്യവും പ്രാർത്ഥനകളുമായി ഫ്രാൻസിസ് പാപ്പാ

കഴിഞ്ഞ ദിവസങ്ങളിൽ ലോസ് ആഞ്ചലസ്‌ നഗരത്തിന് സമീപത്ത് മരണവും നാശനഷ്ടവും വിതച്ച അഗ്നിബാധയുടെ ഇരകളായവർക്ക് തന്റെ ആത്മീയസാന്നിധ്യവും പ്രാർത്ഥനകളും ഉറപ്പുനൽകി ഫ്രാൻസിസ് പാപ്പാ. പാപ്പായുടെ പേരിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ ലോസ് ആഞ്ചലസ്‌ ആർച്ച്ബിഷപ് അഭിവാഞ്ഛയാ ഹൊസെ ഗോമെസിനയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ്, ഈ ദുരന്തത്തിൽ പാപ്പാ തന്റെ ദുഃഖം രേഖപ്പെടുത്തിയത്.

ഈ ദുരിതത്തിൽപ്പെട്ട സമൂഹങ്ങൾക്കും ആളുകൾക്കും തന്റെ ആത്മീയസാന്നിധ്യം ഉറപ്പുനൽകിയതിനൊപ്പം, സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിന്റെ കരുണയ്ക്ക് സമർപ്പിക്കുന്നുവെന്നും പാപ്പാ എഴുതി. നിരവധി ജീവനുകൾ പൊലിഞ്ഞ ഈ ദാരുണസംഭവത്തിൽ ആശ്വാസവും സഹായവുമെത്തിക്കുന്ന ഏവർക്കും, പ്രത്യേകിച്ച് സന്നദ്ധസേവനപ്രവർത്തകർക്ക് പരിശുദ്ധ പിതാവ് തന്റെ ആശീർവാദവും ആശംസിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച്, ലോസ് ആഞ്ചലസിനടുത്തുള്ള വിവിധയിടങ്ങളിലേക്ക് പടർന്ന ഈ വൻ അഗ്നിബാധയിൽ പതിനൊന്ന് പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി. പന്തീരായിരത്തോളം കെട്ടിടങ്ങൾ അഗ്നിക്കിരയായി. ഇവയിൽ ഒരു കത്തോലിക്കാ ദേവാലയവും, ഒരു മോസ്‌കും, സിനഗോഗും, പത്തിലധികം പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളും ഉൾപ്പെടും. 145 ചതുരശ്രകിലോമീറ്ററുകളോളം പ്രദേശത്ത് വ്യാപിച്ച ഈ അഗ്നിബാധയിൽ 135-ലധികം ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

ആറോളം ഇടങ്ങളിൽ അഗ്നിബാധയുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഫ്രാൻസിസ് പാപ്പാ, ഇറ്റലിയുടെ പ്രെസിഡന്റ്, പ്രധാനമന്ത്രി തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇറ്റലിയിലേക്ക് നടത്താനിരുന്ന തന്റെ യാത്ര ഈ അപകടത്തെത്തുടർന്ന് ജോ ബൈഡൻ ഒഴിവാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow