ജൂബിലി പ്രത്യാശയുടെയും പുതിയ തുടക്കത്തിന്റെയും സമയം: ഫ്രാൻസിസ് പാപ്പാ
ജനുവരി പതിനൊന്ന് ശനിയാഴ്ച ജൂബിലിയുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ പ്രത്യേക പൊതുകൂടിക്കാഴ്ച അനുവദിച്ചു.
ജൂബിലി ഒരു പുതിയ തുടക്കമാണെന്നും, ദൈവത്തിൽ തങ്ങളുടെ ജീവിതം വീണ്ടും ആരംഭിക്കാനുള്ള ഒരു അവസരമാണ് ജൂബിലിവർഷം നൽകുന്നതെന്നും പാപ്പാ ജൂബിലിയുമായി ബന്ധപ്പെട്ട്, ജനുവരി പതിനൊന്ന് ശനിയാഴ്ച വത്തിക്കാനിൽ ജൂബിലി പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, പ്രത്യാശയുടെ ഈ വർഷം പുതിയൊരു തുടക്കത്തിനായി നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.
ദൈവികപുണ്യങ്ങളിലൊന്നായ പ്രത്യാശയുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിപ്പിക്കുകയെന്ന ലഷ്യത്തോടെയാണ് ജൂബിലിവർഷത്തിന്റെ ശനിയാഴ്ചകളിൽ ജൂബിലി പൊതുകൂടിക്കാഴ്ചകൾ അനുവദിക്കാൻ തീരുമാനിച്ചതെന്ന് പാപ്പാ വ്യക്തമാക്കി. ദൈവത്തിൽനിന്ന് വരുന്ന ശക്തിയാണ് പുണ്യമെന്ന് ലത്തീൻ ഭാഷയിലെ "വിർത്തുസ്" (virtus) എന്ന വാക്കിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു. പ്രത്യാശയെന്നത് ഒരു ശീലമോ, സ്വഭാവമോ അല്ല, മറിച്ച് ദൈവത്തിൽനിന്ന് നമുക്ക് ചോദിച്ചുവാങ്ങാനുള്ള ഒരു ശക്തിയാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, ഇതിനായാണ് നാം തീർത്ഥാടകരായെത്തുന്നതെന്നും, ജീവിതത്തിന്റെ യാത്രയിൽ പുതിയൊരു തുടക്കത്തിനായുള്ള അനുഗ്രഹം പ്രാർത്ഥിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
യേശുവിന്റെ ജ്ഞാനസ്നാനത്തിരുനാൾ ആഘോഷിക്കാൻ നാം ഒരുങ്ങുകയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇതിനോടനുബന്ധിച്ച് യോഹന്നാനെന്ന പ്രത്യാശയുടെ വലിയ പ്രവാചകനെ നാം അനുസ്മരിക്കുന്നുണ്ടെന്ന് എടുത്തുപറഞ്ഞു. സ്ത്രീയിൽനിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവനെന്നാണ് യേശു യോഹന്നാനെക്കുറിച്ച് പറയുന്നതെന്ന് പാപ്പാ അനുസ്മരിച്ചു. യോഹന്നാന്റെ അരികിലേക്ക് ജനങ്ങൾ എത്തിയതും, ഇതുപോലെ ഒരു പുതിയ തുടക്കത്തിനായാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
നാം ഇന്ന് വിശുദ്ധ വാതിൽ കടക്കുന്നതുപോലെ, ജോർദ്ദാൻ നദി കടക്കാനാണ് യോഹന്നാൻ അന്ന് ആളുകളെ ആഹ്വാനം ചെയ്തതെന്നും, അങ്ങനെ വാഗ്ദത്തനാട്ടിലേക്ക് പ്രവേശിച്ച് പുതിയൊരു തുടക്കത്തിനായി ആരംഭം കുറിക്കാനാണ് സ്നാപകൻ ആവശ്യപ്പെട്ടതെന്നും പാപ്പാ പറഞ്ഞു.
പുതുതായി ആരംഭിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് ആവർത്തിച്ചു പറഞ്ഞ പാപ്പാ, ചത്വരത്തിൽ പാപ്പായുടെ പൊതുകൂടിക്കാഴ്ചയിൽ പങ്കെടുക്കാനെത്തിയവരെക്കൊണ്ട്, "പുനഃരാരംഭിക്കുക" എന്ന വാക്ക് അവർത്തിപ്പിച്ചു.
ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവനും യോഹന്നാനെക്കാൾ വലിയവനാണെന്ന് യേശു പറഞ്ഞത് പരാമർശിച്ചുകൊണ്ട്, ദൈവരാജ്യത്തെ സ്വീകരിക്കുക എന്നത് നമ്മിൽ വലിയൊരു മാറ്റമാണ് ഉണ്ടാക്കുകയെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
യോഹന്നാൻ കാരാഗൃഹവാസത്തിലായിരുന്നതിനെക്കുറിച്ച് പ്രതിപാദിക്കവേ, വർത്തമാനകാലത്തും ദൈവാരാജ്യത്തിനെതിരെ നിൽക്കുന്ന ഹേറോദേസുമാർ ഒരുപാടുപേരുണ്ടെന്ന് പറഞ്ഞാ പാപ്പാ, എന്നാൽ യേശു നമുക്ക് യഥാർത്ഥ മാർഗ്ഗം കാട്ടിത്തരുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. സുവിശേഷത്തിന്റെ അതിശയിപ്പിക്കുന്ന നിയമമായ സുവിശേഷഭാഗ്യങ്ങളുടെ മാർഗ്ഗമാണത്.
യഥാർത്ഥത്തിൽ നമ്മുടെ ജീവിതം പുനഃരാരംഭിക്കാൻ നാം ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യം നമ്മോടുതന്നെ ചോദിക്കാമെന്ന് പാപ്പാ പറഞ്ഞു. ആരാണ് വലിയവനെന്ന് യേശുവിൽനിന്ന് പഠിക്കാൻ നാം ആഗ്രഹിക്കുന്നുണ്ടോയെന്ന് പാപ്പാ തീർത്ഥാടകരോട് ചോദിച്ചു.
ദുരുപയോഗിക്കപ്പെട്ടതും മുറിവേറ്റതുമായ നമ്മുടെ പൊതുഭവനമായ ഭൂമിക്കുവേണ്ടിയും പ്രത്യാശയുള്ളവരായിരിക്കാമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സ്വയം ചെറുതായി കാണാനും, സഹോദര്യത്തോടെ സ്നേഹിക്കാനും, ശുശ്രൂഷിക്കാനും നമ്മെ ആഹ്വാനം ചെയ്യുന്ന യേശുവിൽനിന്ന് ആരംഭിക്കാൻ ഒരിക്കൽക്കൂടിഏവരെയും ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
What's Your Reaction?